നാല് അണക്കെട്ടുകൾക്കാണ് ഉത്തരാഖണ്ഡ് പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചത്. ഇതിൽ പൂർണമായും തകർന്ന അണക്കെട്ടാണ് 2005ൽ ഇവിടെ നിർമ്മിച്ച ഋഷിഗംഗാ ജലവൈദ്യുത പദ്ധതിയുടെ ഋഷിഗംഗാ അണക്കെട്ട്
ഋഷി ഗംഗാ പവർ കോർപ്പറേഷൻ ലിമിറ്റഡ് എന്ന പഞ്ചാബ് രജിസ്റ്റേർഡ് സ്വകാര്യ കമ്പനിയാണ് പദ്ധതിയുടെ ഉടമസ്ഥർ. 13.2 മെഗാവാട്ടാണ് പദ്ധതിയുടെ വൈദ്യുതി ഉത്പാദന ശേഷി. ഋഷി ഗംഗയെ കൂടാതെ മറ്റ് മൂന്ന് പദ്ധതികൾക്കുമെതിരെ ജനവികാരമുണ്ട്.
2019-ൽ അണക്കെട്ട് നിർമ്മാണത്തിനെതിരെ റെനി ഗ്രാമവാസികൾ ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി നൽകി. ഇത് പഠിക്കാനായി കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചെങ്കിലും സമിതിയും നിർമ്മാണത്തിന് അനുമതി നൽകിയെന്നാണ് ആരോപണം
ഉത്തരാഖണ്ഡ് ദുരന്തത്തിൽ റെനി ഗ്രാമത്തിന്റെ ഒരു ഭാഗം തന്നെ നാമാവശേഷമായി. മുൻകൂട്ടി പ്രവചിച്ചിരുന്ന ദുരന്തം ഒഴിവാക്കാമായിരുന്നു എന്ന് ആളുകൾ പറയുന്നു. മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ ധൗളിഗംഗ, അളകനന്ദ നദികളുടെ ഭാഗത്ത് കനത്ത വെള്ളപ്പൊക്കമാണ് രൂപപ്പെട്ടത്. തിരച്ചിലില്‍ ഇതിനോടകം പത്ത് മൃതദേഹങ്ങള്‍ കണ്ടെത്തി. 16 തൊഴിലാളികളെ തുരങ്കത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു.