ഓസ്ട്രേലിയയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടോപ് ഓർഡർ നിര വലിയ പരീക്ഷണം നേരിട്ടിരുന്നു. പരിക്കിൽ നിന്ന് മോചിതനായി ടീമിൽ തിരികെ എത്തിയ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിൻ്റെ തീപാറും പന്തുകൾക്ക് മുന്നിൽ ദിശ അറിയാതെ ഇന്ത്യൻ ബാറ്റ്സ്മാൻമാർ കുഴങ്ങുന്ന കാഴ്ചയാണ് വാങ്കഡെയിൽ കാണാനായത്. കെ.എൽ രാഹുലിൻ്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ ഒന്നാം ഏകദിനത്തിൽ രക്ഷിച്ചത്.
രണ്ടാം ഏകദിനത്തിൽ കൂടുതൽ അപകടകാരിയായ സ്റ്റാർക്കിനെയാണ് കാണാനായത്. ടോപ് ഓർഡറും മിഡിൽ ഓർഡറും സ്റ്റാർക്കിന് മുന്നിൽ ഒരുപോലെ തകർന്നപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയായത് മധ്യനിര താരം സൂര്യകുമാർ യാദവിൻ്റെ പ്രകടനമാണ്. ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങളിലും ഗോൾഡൻ ഡക്കായി മടങ്ങാനായിരുന്നു സൂര്യകുമാറിൻ്റെ വിധി. അതും രണ്ട് തവണയും പുറത്തായ രീതി സമാനവും. സ്റ്റാർക്കിൻ്റെ ഇൻസ്വിംഗർ മനസിലാകാതെ ആയുധം വെച്ച് കീഴടങ്ങുന്ന സ്കൈ ആരാധകരെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്.
സൂര്യകുമാർ യാദവിൻ്റെ മോശം പ്രകടനത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയർന്നു കഴിഞ്ഞു. പരിക്കേറ്റ ശ്രേയസ് അയ്യർക്ക് പകരക്കാരനായി നാലാമനായാണ് സൂര്യകുമാർ യാദവ് ഇറങ്ങിയത്. നിലയുറപ്പിക്കാൻ ആവശ്യത്തിലേറെ സമയം മുന്നിലുണ്ടായിട്ടും ഇതുവരെ ഒരു റൺ പോലും നേടാൻ ഇന്ത്യയുടെ പ്രതീക്ഷയായ സൂര്യകുമാറിന് കഴിഞ്ഞിട്ടില്ല.
തുടർച്ചയായി പരാജയപ്പെടുന്നതോടെ സൂര്യകുമാറിൻ്റെ ഏകദിന കരിയർ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. അവസാന 10 ഏകദിന ഇന്നിംഗ്സുകളിലെ സൂര്യകുമാർ യാദവിൻ്റെ പ്രകടനം ഇങ്ങനെ:
0(1)
0(1)
14(9)
31(26)
4(4)
6(10)
34*(25)
4(3)
8(6)
9(8)
Too much favoritism for Suryakumar yadav.
After 22 ODIs......only two fifties,
On what basis team management carrying him every time.
Why don't India look beyond SKY in ODIs.#SuryakumarYadav #INDvsAUS #TeamIndia #Starc pic.twitter.com/Fy14HffnoW— (Professor_vk_) March 19, 2023
22 ഏകദിന മത്സരങ്ങൾ കളിച്ചിട്ടും വെറും 2 അർദ്ധ സെഞ്ച്വറികൾ മാത്രം നേടിയ സൂര്യകുമാർ യാദവിനെ പോലെ ഒരു താരത്തെ എന്തിനാണ് ഇനിയും ടീമിൽ നിലനിർത്തുന്നത് എന്നാണ് വിമർശകർ ചോദിക്കുന്നത്. സൂര്യകുമാറിന് ടീം മാനേജ്മെൻ്റിൻ്റെ ഭാഗത്ത് നിന്ന് ആവശ്യത്തിലേറെ പിന്തുണ ലഭിക്കുന്നുണ്ടെന്ന ആരോപണവും ഉയർന്നു കഴിഞ്ഞു. മുംബൈ ക്വാട്ടയിലാണ് സ്കൈ ടീമിലെത്തിയത് എന്ന് പരിഹസിക്കുന്നവരും കുറവല്ല. അതേസമയം, ടി20 ടീമിലെ സൂര്യകുമാർ യാദവിൻ്റെ സ്ഥാനം ആരും ചോദ്യം ചെയ്യുന്നില്ല എന്നതും ശ്രദ്ധേയമാണ്.
കിട്ടിയ അവസരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജുവിന് ടീമിൽ ഇടംനൽകാത്തതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഏകദിനത്തിൽ വെറും 11 മത്സരങ്ങളിൽ മാത്രമാണ് 28കാരനായ സഞ്ജു സാംസണ് അവസരം ലഭിച്ചത്. 10 ഇന്നിംഗ്സുകളിൽ നിന്ന് 66 റൺസ് ശരാശരിയിൽ 330 റൺസാണ് സഞ്ജുവിൻ്റെ സമ്പാദ്യം. 86 റൺസാണ് ഉയർന്ന സ്കോർ. സ്ട്രൈക്ക് റേറ്റ് - 104.76!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...