FIFA Ban : സുപ്രീം കോടതി എഐഎഫ്എഫ് താൽക്കാലിക ഭരണസമിതിയെ പിരിച്ചു വിട്ടു; തിരഞ്ഞെടുപ്പ് ഉടൻ

FIFA AIFF Ban  :  പിരിച്ചവിട്ട സിഒഎയ്ക്ക് പകരം എഐഎഫ്എഫിന്റെ ആക്ടിങ് സെക്രട്ടറി ജനറൽ ഫെഡറേഷന്റെ ഭരണകാര്യങ്ങളുടെ ചുമതല നിർവബഹിക്കും. 

Written by - Zee Malayalam News Desk | Last Updated : Aug 22, 2022, 02:34 PM IST
  • പിരിച്ചവിട്ട സിഒഎയ്ക്ക് പകരം എഐഎഫ്എഫിന്റെ ആക്ടിങ് സെക്രട്ടറി ജനറൽ ഫെഡറേഷന്റെ ഭരണകാര്യങ്ങളുടെ ചുമതല നിർവബഹിക്കും.
  • കൂടാതെ കേന്ദ്ര സർക്കാരിന്റെ ആവശ്യ പ്രകാരം ഫെഡറേഷന്റെ തിരഞ്ഞെടുപ്പ് നടത്തുന്നത് കോടതി ഒരാഴ്ചത്തേക്കും കൂടി നീട്ടി.
  • വോട്ടർ പട്ടിക 36 ഇലക്ടർ കോളജായി ചുരുക്കി.
  • വിവിധ സംസ്ഥാനങ്ങളുടെ അസോസിയേഷൻ ഭാരവാഹികളും ഒരു അസോസിയേറ്റും ഉൾപ്പടെയാണ് വോട്ടേഴ്സ് ലിസ്റ്റ് ക്രമപ്പെടുത്തിയിരിക്കുന്നത്.
FIFA Ban : സുപ്രീം കോടതി എഐഎഫ്എഫ് താൽക്കാലിക ഭരണസമിതിയെ പിരിച്ചു വിട്ടു; തിരഞ്ഞെടുപ്പ് ഉടൻ

ന്യൂ ഡൽഹി : ഫിഫ ഏർപ്പെടുത്തിയ വിലക്ക് മറികടക്കാൻ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ താൽക്കാലിക ഭരണസമിതിയെ (CoA) സുപ്രീം കോടതി പിരിച്ചുവിട്ടു. ഫിഫ എഐഎഫ്എഫിന് ഏർപ്പെടുത്തിയ വിലക്കിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി തന്നെ നിയമിച്ച താൽക്കാലിക ഭരണസമിതിയെ പിരിച്ച് പുതിയ നേതൃത്വത്തിനായിട്ടുള്ള തിരഞ്ഞെടുപ്പ് നടത്താൻ ഒരുങ്ങുന്നത്. പിരിച്ചവിട്ട സിഒഎയ്ക്ക് പകരം എഐഎഫ്എഫിന്റെ ആക്ടിങ് സെക്രട്ടറി ജനറൽ ഫെഡറേഷന്റെ ഭരണകാര്യങ്ങളുടെ ചുമതല നിർവഹിക്കും. 

കൂടാതെ കേന്ദ്ര സർക്കാരിന്റെ ആവശ്യ പ്രകാരം ഫെഡറേഷന്റെ തിരഞ്ഞെടുപ്പ് നടത്തുന്നത് കോടതി ഒരാഴ്ചത്തേക്കും കൂടി നീട്ടി. നോമിനേഷൻ സംബന്ധിച്ചുള്ള ചില കാര്യങ്ങളിൽ സൂക്ഷ്മ പരിശോധന മറ്റ് നടപടികളും സ്വീകരിക്കേണ്ട സാവാകാശം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതി തിരഞ്ഞെടുപ്പ് നീട്ടിവെച്ചത്. സിഒഎയെ നിയമിക്കുമ്പോൾ ഓഗസ്റ്റ് 28ന് എഐഎഫ്എഫിന്റെ പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു സുപ്രീം കോടതി നിർദേശം നൽകിയിരുന്നത്. അത് ഇനി സെപ്റ്റംബർ ആദ്യ വാരത്തിലാകും തിരഞ്ഞെടുപ്പ് നടക്കുക. 

ALSO READ : AIFF President Election : ബൂട്ടിയ, ലിങ്ഡോ, കല്യാൺ ചൗബെ; എഐഎഫ്എഫ് അധ്യക്ഷ സ്ഥാനം ലക്ഷ്യവെച്ച് മൂന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ

കൂടാതെ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക 36 ഇലക്ടർ കോളജായി ചുരുക്കി. വിവിധ സംസ്ഥാനങ്ങളുടെ അസോസിയേഷൻ ഭാരവാഹികളും ഒരു അസോസിയേറ്റും ഉൾപ്പടെയാണ് വോട്ടേഴ്സ് ലിസ്റ്റ് ക്രമപ്പെടുത്തിയിരിക്കുന്നത്. പഴയ റിട്ടേണിങ് ഓഫീസർ തന്നെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നതാണെന്ന് കോടതി അറിയിച്ചു. നേരത്തെ 36 പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ ഉൾപ്പെടെയായിരുന്നു എഐഎഫ്എഫ് വോട്ടർ പട്ടിക ക്രമപ്പെടുത്താൻ ഒരുങ്ങിയിരുന്നത്. എന്നാൽ താരങ്ങളും വ്യക്തികൾ ഒരു ഇലക്ടർ കോളജായി മാറുന്നതിനെയും ഫിഫ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതെ തുടർന്ന് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെ അസോസിയേഷനുകളെയും മാത്രം ഇലക്ടർ കോളേജാക്കി വോട്ടേഴ്സ് ലിസ്റ്റ് പുനഃക്രമീകരിച്ച് എഐഎഫ്എഫ് സുപ്രീം കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. 

അഖിലേന്ത്യ ഫുട്ബോൾ അധ്യക്ഷ സ്ഥാനത്തേക്ക് മുന്ന് മുൻ ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ അഞ്ച് പേരാണ് മത്സരിക്കുന്നത്. ഏഴ് പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇതിൽ ചർച്ചിൽ ബ്രദേഴ്സ് ക്ലബിന്റെ സിഇഒ വലങ്ക അലെമാവോ രാജസ്ഥാൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് മാനവേന്ദ്ര സിങ് എന്നിവരുടെ നാമനിർദേശം തള്ളിപോകുകയായിരുന്നു.

ALSO READ : FIFA Ban : ഫിഫ വിലക്കിൽ ബ്ലാസ്റ്റേഴ്സിന് യുഎഇയിൽ തിരിച്ചടി; പ്രീ-സീസൺ മത്സരങ്ങൾ എല്ലാം റദ്ദാക്കി

ഇന്ത്യൻ ഇതിഹാസം ബൈച്ചുങ് ബൂട്ടിയ, യൂജിൻസൺ ലിങ്ഡോ, ഗോൾകീപ്പറായിരുന്ന കല്യാൺ ചൗബെ എന്നിവർക്ക് പുറമെ മലയാളിയായ ഷാജി പ്രഭാകരൻ, എൻഎ ഹാരിസ് (കർണാടക ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്) ഗോപാലകൃഷ്ണ കൊസരാജു (ആന്ധ്ര ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്) സെയ്ദ് ഇംതിയാസ് ഹുസൈൻ (ബിഹാർ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി), അജിത് ബാനർജി (ഐഎഫ്എ പ്രസിഡന്റ്) തുടങ്ങിയവരാണ് എഐഎഫ്എഫിന്റ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഫിഫ വിലക്കിന്റെ പശ്ചത്തലത്തിൽ ഒക്ടോബറിൽ ഇന്ത്യ ആതിഥേത്വം വഹിക്കാൻ ഇരിക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പ് ടൂർണമെന്റിന്റെ കാര്യം അനിശ്ചിതത്വത്തിലാകുകയും ചെയ്തു. ഇതെ തുടർന്നാണ് സുപ്രീം കോടതിയുടെയും കേന്ദ്ര സർക്കാരിന്റെയും ഇടപെടലുകൾ ഉണ്ടാകുന്നത്.

അഗസ്റ്റ് 16നാണ് ഫിഫ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന് വിലക്കേർപ്പെടുത്തുന്നത്. ഫെഡറേഷന്റെ ഭരണം മൂന്നാംകക്ഷി ഏറ്റെടുത്തത് ഫിഫയുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കണ്ടത്തെലുകളെ തുടർന്നാണ് വിലക്ക് നടപടി. എഐഎഫ്എഫിന്റെ തിരഞ്ഞെടുപ്പ് നടപടികൾ വൈകിപ്പിക്കുന്ന എന്ന പരാതിയെ തുടർന്ന് സുപ്രീം കോടതി പ്രത്യേക സമിതി രൂപീകരിച്ച് ഫെഡറേഷന്റെ ചുമതല ഏൽപ്പിക്കുകയായിരുന്നു. എന്നാൽ ഇത് ഫിഫ അംഗീകരിക്കാതെ വന്നതോടെയാണ് വിലക്ക് നടപടികൾ ഉടലെടുത്തത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News