മുംബൈ: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും. ഇരുടീമുകളുടെയും ഈ സീസണിലെ അവസാന മത്സരമാണ് ഇത്. മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ രാത്രി 7:30നാണ് മത്സരം.
ഐപിഎൽ 17ാം സീസണിൻ്റെ പ്ലേഓഫ് കാണാതെ പുറത്തായ ആദ്യ ടീമായ മുംബൈ ഇന്ത്യൻസ് പോയിൻ്റ് പട്ടികയിൽ അവസാനം സ്ഥാനത്താണ്. 13 മത്സരങ്ങളിൽ നിന്ന് നാല് ജയങ്ങൾ മാത്രമാണ് മുംബൈക്ക് നേടാനായത്. അതേസമയം 13 മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റ് നേടിയ ലഖ്നൗ സൂപ്പർ ജയൻ്റ്സിന് പ്ലേഓഫിലേക്ക് കടക്കുന്നത് പ്രയാസമാണ്. ഇന്ന് മുംബൈക്കെതിരെ വലിയ മാർജിനിൽ ജയിച്ചാലും പ്ലേഓഫിൻ്റെ പടിവാതിക്കൽ നിൽക്കുന്ന ചെന്നൈയെയും നേരിയ സാധ്യതയുള്ള ബെംഗളൂരുവിനെയും മറികടക്കുന്നത് സൂപ്പർ ജയൻ്റ്സിന് കഠിനമാണ്.
അഞ്ച് തവണ രോഹിത് ശർമയുടെ നേതൃത്വത്തിൽ ഐപിഎൽ കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസിന് ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത സീസണായിരിക്കും പതിനേഴാമത് ഐപിഎൽ സീസൺ. ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഹാർദ്ദിക് പാണ്ഡ്യയെ ടീമിലേക്ക് തിരിച്ചെത്തിക്കുകയും രോഹിതിൻ്റെ നായകസ്ഥാനം ഹാർദ്ദിക്കിന് നൽകിയിട്ടും ഈ സീസണിൽ പച്ചതൊടാൻ മുംബൈ ഇന്ത്യൻസിനായില്ല. രോഹിതിനും പാണ്ഡ്യക്കും പുറമേ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ സ്ഥിരതാരങ്ങളായ ബുമ്രയും സൂര്യകുമാർ യാദവും ടീമിലുണ്ടായിട്ടും മുംബൈക്ക് രക്ഷയായില്ല.
അതേസമയം ഭേദപ്പെട്ട നിലയിൽ ഈ സീസൺ ആരംഭിച്ച ലഖ്നൗ സൂപ്പർ ജയൻ്റ്സിന് അവസാനത്തെ നാലഞ്ച് കളിയിലെ തോൽവിയാണ് വിനയായത്. പ്ലേഓഫിലേക്ക് കടക്കാനുള്ള നിർണായക മത്സരത്തിൽ ലഖ്നൗ ഡൽഹിയോട് പരാജയമേറ്റ് വാങ്ങിയത് ടീമിന് വൻ തിരിച്ചടിയായി. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 10 വിക്കറ്റിൻ്റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ലഖ്നൗ ടീമുടമ നായകൻ രാഹുലിനോട് പരസ്യമായി പൊട്ടിത്തെറിച്ചത് പോലും വിവാദമായിരുന്നു. ഈ സീസണിൽ മുംബൈയും ലഖ്നൗവും ഏറ്റുമുട്ടിയപ്പോൾ ലഖ്നൗ നാല് വിക്കറ്റിൻ്റെ വിജയം സ്വന്തമാക്കിയിരുന്നു. ഇരുവരുടെയും ഈ സീസണിലെ അവസാന മത്സരം എന്ന നിലയിൽ മികച്ച വിജയത്തോടെ വിടപറയാനാകും ഇരുടീമുകളും ശ്രമിക്കുക.
ഇരുടീമുകളുടെയും സാധ്യത പ്ലേയിംഗ് ഇലവൻ നോക്കാം.
മുംബൈ ഇന്ത്യൻസ്: ഹാർദിക് പാണ്ഡ്യ (നായകൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), രോഹിത് ശർമ, നമൻ ധിർ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, നെഹാൽ വധേര, ടിം ഡേവിഡ്, മുഹമ്മദ് നബി, ജെറാൾഡ് കൊറ്റ്സി, പിയൂഷ് ചൗള.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്: കെ എൽ രാഹുൽ (നായകൻ), ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), മാർക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, നിക്കോളാസ് പൂരൻ, ക്രുനാൽ പാണ്ഡ്യ, ആയുഷ് ബഡോണി, അർഷാദ് ഖാൻ, രവി ബിഷ്ണോയ്, നവീൻ ഉൾ ഹഖ്, യുധ്വീർ സിംഗ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy