ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല; ജീവിത വിജയത്തിന് ഇതാ ചില ചാണക്യ തന്ത്രങ്ങൾ
പൗരാണിക ഭാരതത്തില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രഗത്ഭനായ വ്യക്തിയായിരുന്നു ആചാര്യ ചാണക്യൻ. മതം, രാഷ്ട്രീയം, സാമ്പത്തികം, ശാസ്ത്രം തുടങ്ങി ജീവിത്തതിലെ എല്ലാ മേഖലകളിലുമുള്ള തന്റെ നയങ്ങൾ ചാണക്യ നീതി എന്ന പുസ്തകത്തിൽ അദ്ദേഹം പരാമർശിച്ചിട്ടുണ്ട്.
ജീവിതത്തില്‍ വിജയം കൈവരിക്കാനായി ചാണക്യന്റെ പറയുന്ന ചില മന്ത്രങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
ക്ഷമയാണ് ഒരു വ്യക്തിയുടെ ജീവിത വിജയത്തിന് അടിത്തറ. ക്ഷമാശീലം അവനെ വിജയത്തിലേക്ക് നയിക്കുന്നു. അതിനാല്‍, ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളില്‍പ്പോലും ഒരു വ്യക്തി ക്ഷമയോടെ നിലകൊള്ളണമെന്ന് ചാണക്യന് പറയുന്നു.
ശക്തമായ നിശ്ചയദാര്‍ഢ്യം ഉള്ള വ്യക്തിയെ ജീവിതത്തില്‍ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് ചാണക്യൻ പറയുന്നു. കാരണം അവന്റെ ശ്രദ്ധ അവന്റെ ലക്ഷ്യത്തില്‍ മാത്രമായിരിക്കും. എത്ര തടസമുണ്ടായാലും അതെല്ലാം മാറ്റി അവന് ലക്ഷ്യത്തിനായി പോരാടും.
ഒരു വ്യക്തി ഒരു ജോലി ആരംഭിക്കുമ്പോള്‍, അവന് പരാജയത്തെ ഭയപ്പെടുകയോ ആ ജോലി പാതിവഴിയില്‍ ഉപേക്ഷിക്കുകയോ ചെയ്യരുത് എന്ന് ചാണക്യൻ പറയുന്നു. എല്ലായ്പ്പോഴും തന്റെ ജോലി സത്യസന്ധമായി ചെയ്യുന്ന വ്യക്തി മാത്രമേ ജീവിതത്തില്‍ വിജയിക്കുകയുള്ളൂ.
ഒരിക്കലും കിട്ടുന്ന നല്ല അവസരങ്ങള്‍ നഷ്ടപ്പെടുത്തരുതെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു. അവസരം വരുമ്പോള്‍ അലസത കാണിക്കുന്നവര്‍ക്ക് ജീവിതത്തിലുടനീളം പശ്ചാത്താപിക്കേണ്ടിവരും.
വിജയത്തിന്റെ അടിസ്ഥാന മന്ത്രങ്ങളിലൊന്നാണ് നിങ്ങളുടെ കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുക എന്നത്. നിങ്ങളുടെ കാര്യങ്ങള്‍ എത്രത്തോളം രഹസ്യമായി സൂക്ഷിക്കുന്നുവോ അത്രയും വേഗത്തില്‍ നിങ്ങള്‍ പുരോഗതിയിലേക്ക് നീങ്ങും.
ശത്രുവിന് മുന്നില്‍ ഒരാള്‍ ഒരിക്കലും നിസ്സഹായനായി നില്‍ക്കരുത്. നിങ്ങളുടെ ബലഹീനത നിങ്ങള്‍ക്ക് ദോഷം ചെയ്യും. അതുകൊണ്ട് മറ്റുള്ളവരുടെ മുന്നില്‍ എളുപ്പത്തില്‍ നിങ്ങള്‍ പരാജയപ്പെടും. ഒരിക്കലും സ്വയം നിസ്സഹായനായി കാണിക്കരുത്.
നിങ്ങളുടെ കഴിവിൽ അമിത ആത്മവിശ്വാസം പാടില്ല. മുന്നിലുള്ള വ്യക്തിക്ക് നിങ്ങളെ മറികടക്കാന്‍ കഴിയില്ലെന്ന് സ്വയം തോന്നി അലസത കാണിക്കരുത്. അത് നിങ്ങൾക്ക് ദോഷം ചെയ്യും. അതിനാൽ ലക്ഷ്യം കൈവരിക്കാൻ കഠിനാധ്വാനം തുടരുക.
ചാണക്യ നീതി പ്രകാരം, നിങ്ങളുടെ കോപം കഴിയുന്നത്ര നിയന്ത്രിക്കുക. കോപം ഒരു വ്യക്തിയെ നശിപ്പിക്കും. ഇക്കാരണത്താല്‍, നിങ്ങള്‍ക്ക് ധാരാളം ശത്രുക്കളെ സൃഷ്ടിക്കേണ്ടിവരും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.