തണുപ്പ് കാലമായി കഴിഞ്ഞാൽ പനിയും ജലദോഷവും മറ്റ് സീസണൽ രോഗങ്ങളും നമ്മളെ തേടി എളുപ്പമെത്തും. ഈ സമയത്ത് ശരീരത്തിന് നല്ല പ്രതിരോധശേഷി വളരെ അത്യാവശ്യമാണ്. പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഇതിന് സഹായിക്കും.
പ്രതിരോധശേഷി വർധിപ്പിച്ച് ഈ തണുപ്പ് കാലം നിങ്ങൾക്ക് കൂടുതൽ ആസ്വാദകരമാക്കാൻ ഈ സൂപ്പർ ഫുഡ്സ് നിങ്ങളുടെ ഡയറ്റിൽ ഉറപ്പായും ഉൾപ്പെടുത്തുക.
ഓറഞ്ച്, ഗ്രേപ്പ്ഫ്രൂട്ട്, നാരങ്ങ എന്നീ സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കാൻ വിറ്റാമിൻ സി ഏറെ സഹായിക്കുന്നു.
ഏറെ ഔഷധഗുണങ്ങളുള്ള വെളുത്തുള്ളിയിൽ അലിസിൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ്. സ്ഥിരമായി വരുന്ന ജലദോഷത്തെ തടയുന്നതിന് വെളുത്തുള്ളി കഴിക്കുന്നത് ഗുണം ചെയ്യും.
ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്ന സൂപ്പർ ഫുഡാണ് ഇഞ്ചി. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ അണുബാധകൾ തടയുന്നതിനും തോണ്ടവേദനയെ ശമിപ്പിക്കുകയും ചെയ്യുന്നു.
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിന് ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആൻ്റി ഓക്സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. മഞ്ഞൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നിരവധി രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ സഹായിക്കും.
ചീര, കെയ്ൽ ഉൾപ്പെടെയുള്ള പച്ച ഇലക്കറികളിൽ വിറ്റാമിൻ സി, ഇ എന്നിവ ഉൾപ്പെടെയുള്ള അവശ്യവിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പന്നമായ മാതളനാരങ്ങയിൽ രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്ന ആൻ്റി മൈക്രോബയൽ ഗുണങ്ങളുമുണ്ട്. ഇതിലടങ്ങിയിരിക്കുന്ന പോളിഫെനോൾ വീക്കം കുറയ്ക്കുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക