അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരം അവസാനഘട്ടത്തോട് അടുക്കുമ്പോള്‍, ഹിലരിക്കും ട്രംപിനും മികച്ച മുന്‍തൂക്കം ലഭിച്ചു. വടക്കുകിഴക്കന്‍ പ്രദേശങ്ങളായ മേരിലാന്‍ഡ്, കണക്ടികട്, ഡെലാവേര്‍, പെന്‍സില്‍വാനിയ, റോഡ് ഐലന്‍ഡ് തുടങ്ങിയ അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന പ്രൈമറികളിൽ അഞ്ചിലും ട്രംപിന് 55 ശതമാനത്തിലേറെ വോട്ട് ലഭിച്ചു. വിജയിക്കാന്‍ ആവശ്യമായ 1237 പ്രതിനിധികളുടെ പിന്തുണ വേണ്ട ട്രംപിന് ഇതുവരെ 950 പ്രതിനിധികളുടെ പിന്തുണയായി. താൻ തന്നെയാണു പ്രസിഡന്‍റ് പദത്തിലേക്കുള്ള യഥാർഥ നോമിനിയെന്നും ട്രംപ് പ്രഖ്യാപിച്ചു. കൂടാതെ എതിരാളിയായ ജോൺ കാസിച്ചിനു 153 പ്രതിനിധികളുടെ പിന്തുണയേയുള്ളൂ.
അതേസമയം മേരിലാന്‍ഡ്, ഡെലാവേര്‍, പെന്‍സില്‍വാനിയ പ്രൈമറികളില്‍ വിജയിച്ച് പ്രസിഡന്‍റ് സ്ഥാനത്തെക്കുള്ള നോമിനേഷന് ഹിലരിയും മികച്ച മുന്നേറ്റം നടത്തി. പക്ഷെ റോഡ്‌ഐലന്‍ഡില്‍ ഹിലാരിയുടെ എതിരാളി ബേണി സാന്‍ഡേഴ്‌സിനാണ് വിജയം. 2383 പ്രതിനിധികളുടെ പിന്തുണ വേണ്ട ഹിലരിയ്ക്ക് ഇതുവരെ 2141 പ്രതിനിധികളുടെ പിന്തുണയുണ്ട്. എതിരാളി ബേണി സാന്‍ഡേഴ്‌സിന് 1321 പ്രതിനിധികളുടെ പിന്തുണയാണുള്ളത്.അടുത്ത ചൊവ്വാഴ്ച ഇന്ത്യാനയിലാണ് അടുത്ത പ്രൈമറി.
ഇ ജയത്തോടെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ട്രംപും ഹിലരിയും മുഖാമുഖം വരുമെന്ന കാര്യം ഏതാണ്ട് ഉറപ്പിക്കാവുന്ന സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. അതേസമയം ട്രംപിനെ വിമര്‍ശിച്ചു കൊണ്ട് ബോളിവുഡ്,ഹോളിവുഡ് താരം പ്രിയങ്ക ചോപ്ര. ടൈം മാസികയുടെ ലോകത്തെ സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ പ്രിയങ്കയും ട്രംപും കഴിഞ്ഞദിവസം ഒരുമിച്ചു വേദി പങ്കിട്ടപ്പോഴായിരുന്നു ട്രംപിന്‍റെ മുസ്ലിം വിരുദ്ധ പ്രസ്താവനയ്ക്കെതിരെ ഇന്ത്യന്‍ താരം പ്രതികരിച്ചത്. മുസ്‌ലിം കുടിയേറ്റക്കാരെ വിലക്കണമെന്നുള്ള ട്രംപിന്‍റെ പരാമര്‍ശത്തെ പ്രാകൃതമെന്നാണ് പ്രിയങ്ക വിശേഷിച്ചത്.