പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്. രാവിലെ 11ന് വള്ളസദ്യ ആരംഭിക്കും. സദ്യയിൽ പള്ളിയോട കരക്കാരും ഭക്തരും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുക്കും. ക്ഷേത്രമുറ്റത്തും ഊട്ടുപുരകളിലുമായാണ് വള്ളസദ്യ വിളമ്പുന്നത്. സദ്യക്ക് വിളമ്പാൻ ഇന്നലെ ചേനപ്പാടിക്കാരുടെ പാളത്തൈരുമായി ഘോഷയാത്ര നടന്നു.
മുന്നൂറോളം വിദഗ്ധ പാചകക്കാരുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കുന്നത്. ആറന്മുള വള്ളസദ്യയിൽ നിരവധി ആചാരങ്ങളുണ്ട്. ആദ്യം വഴിപാട് നടത്താൻ പള്ളിയോട കരയിൽ നിന്നും അനുവാദം വാങ്ങി വഴിപാടുകാർ സദ്യക്കുള്ള ഒരുക്കമാരംഭിക്കും. വള്ളസദ്യ ദിവസം, ആരാണോ വഴിപാട് നടത്തുന്നത് അവർ രാവിലെ ക്ഷേത്രത്തിലെത്തി നിറപറ സമർപ്പിക്കും. രണ്ട് പറകളായിരിക്കും ഇവർ നിറക്കുന്നത്. ഒന്ന് ഭഗവാന്. മറ്റൊന്ന് പള്ളിയോടത്തിന്.
ഓരോ പള്ളിയോട കടവിൽ നിന്നും പള്ളിയോടത്തെ യാത്രയാക്കും. വഴിപാട് നടത്തുന്നവർ കരമാർഗം ക്ഷേത്രത്തിലെത്തും. വഞ്ചിപ്പാട്ടും പാടി പള്ളിയോടങ്ങൾ പമ്പാനദിയിലൂടെ ക്ഷേത്രത്തിന് സമീപത്ത് എത്തിച്ചേരും. ക്ഷേത്രത്തിലെത്തുന്ന വള്ളത്തെ വിളക്ക്, താലപ്പൊലി, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ വഴിപാടുകാർ സ്വീകരിക്കും. ഇവിടെയൊന്നും പുരോഹിതരുടെ സാന്നിധ്യം ഉണ്ടാകില്ല. വഴിപാടുകാരും കരക്കാരുമാണ് ഉണ്ടാകുക.
ALSO READ: Horoscope: ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് നല്ല ദിവസം ഇന്നത്തെ രാശിഫലം അറിയാം
ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച ശേഷം കൊടിമരച്ചുവട്ടിലെത്തി പറ അർപ്പിച്ചിരിക്കുന്ന സ്ഥലത്തെത്തിയ ശേഷം മുത്തുക്കുടയും ഒരു തുഴയും ആറന്മുള തേവർക്ക് സമർപ്പിച്ച ശേഷം വഞ്ചിപ്പാട്ടും പാടി വള്ളസദ്യ ഉണ്ണാൻ നേരെ ഊട്ടുപുരയിലേക്ക് പോകും. ഊട്ടുപുരയിലെത്തിയാൽ ഓരോ പാട്ട് പാടിയാണ് വിഭവങ്ങൾ ചോദിക്കും. വഴിപാടുകാരൻ അവയെല്ലാം വിളമ്പുന്നു.
സദ്യക്ക് ശേഷം കൊടിമരച്ചുവട്ടിലെത്തും. ഭഗവാനെ തൊഴുത് നേരത്തെ നിറച്ചു വച്ചിരിക്കുന്ന പറ മറിക്കും. ദക്ഷിണ വാങ്ങിയ ശേഷം വഴിപാടുകാരെ അനുഗ്രഹിച്ച് പള്ളിയോട കരക്കാർ മടങ്ങും. നിരവധി പേരാണ് വള്ളസദ്യ നടത്തുന്നത്. ഇന്നലെ 12 പള്ളിയോടങ്ങളാണ് കരയിലെത്തിയത്. 63 വിഭവങ്ങളടങ്ങിയ സദ്യയാണ് വിളമ്പുന്നത് എന്നതാണ് ആറന്മുള വള്ളസദ്യയുടെ ഏറ്റവും വലിയ പ്രത്യേകത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...