ക്വിക്ക് ഡെലിവറി സർവീസിന്റെ സമയ ക്രമത്തിൽ മാറ്റങ്ങൾ വരുത്തി പുതിയ നീക്കവുമായി ഫ്ലിപ്കാർട്ട്. വെറും 45 മിനിറ്റ് കൊണ്ട് പലചരക്ക്, പാൽ, മത്സ്യം തുടങ്ങിയവ ഇനിമുതൽ വീട്ടിലെത്തും. മുൻപ് 90 മിനിറ്റ് ആയിരുന്നു ക്വിക്ക് ഡെലിവറിക്ക് എടുത്തിരുന്ന സമയം. ഉപഭോക്താക്കൾക്ക് എത്രയും വേഗം സാധനങ്ങൾ എത്തിച്ച് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. നിലവിൽ ബെംഗളൂരുവിൽ മാത്രമാണ് പുതിയ മാറ്റം പ്രാബല്യത്തിലുള്ളത്. അടുത്ത മാസം മുതൽ കൂടുതൽ നഗരങ്ങളിലേക്ക് സേവനം ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.
മറ്റ് ഇകൊമേഴ്സ് കമ്പനികളായ ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി, ഇൻസ്റ്റാമാർട്ട്, ഡൺസോ തുടങ്ങിയവ 15-20 മിനിറ്റ് കൊണ്ട് സാധനങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഫ്ലിപ്കാർട്ടിന്റെ പുതിയ നീക്കം. എന്നാൽ ഈ സമയം കൊണ്ട് ഡോർ ഡെലിവറി സാധ്യമാകില്ല എന്ന് കണ്ട് കൊണ്ടാണ് ഫ്ലിപ്കാർട്ട് ക്വിക്ക് ഡെലിവറി സർവീസ് 45 മിനിറ്റാക്കിയത്.
നിലവിൽ 14 നഗരങ്ങളിലാണ് 90 മിനിറ്റ് ക്വിക്ക് ഡെലിവറി സേവനം ഉള്ളത്. 2022 അവസാനത്തോടെ ഇത് കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. 200 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. ഫ്രഷ് പച്ചക്കറികളും പഴങ്ങളും ഡെലിവറി ചെയ്യുന്ന സേവനം ഹൈദരാബാദിലും ബെംഗളൂരുവിലും മാത്രമാണുള്ളത്. ഇതും കൂടുതൽ നഗരങ്ങളിലേക്ക് വാപിപ്പിക്കാൻ പദ്ധതിയുണ്ട്. ഗുണമേന്മയുള്ള സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുകയാണ് ലക്ഷ്യമെന്ന് ഫ്ലിപ്കാർട്ട് സിഇഒ കല്യാൺ കൃഷ്ണമൂർത്തി പറഞ്ഞു.
രണ്ടു വർഷം മുൻപാണ് ഫ്ലിപ്കാർട്ട് ക്വിക് ഡെലിവറി സർവീസ് ബെംഗളൂരുവില്‍ അവതരിപ്പിച്ചത്. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 12 വരെയാകും ഡെലിവറി സേവനം ലഭ്യമാകുക. 29 രൂപയാണ് ഈ സേവനത്തിന്റെ കുറഞ്ഞ ഡെലിവറി ചാർജ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...