Kerala Savaari : 'കേരള സവാരി' നാളെ മുതൽ ഓടി തുടങ്ങും; സർവീസ് ചാർജ്ജ് എട്ട് ശതമാനം മാത്രം

Kerala Savaari App : സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിനൊപ്പം എട്ട് ശതമാനം സർവീസ് ചാർജ്ജ് മാത്രമാണ് കേരള സവാരിയിൽ ഈടാക്കുക. മറ്റ് ഓൺലൈൻ ടാക്സികളിൽ അത് 20 മുതൽ 30 ശതമാനം വരെയാണ്.

Written by - Zee Malayalam News Desk | Last Updated : Aug 16, 2022, 10:18 PM IST
  • തൊഴിൽ വകുപ്പിൻ്റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് ഈ സേവനം ആരംഭിക്കുന്നത്.
  • പൊതുജനങ്ങൾക്ക് സർക്കാർ അംഗീകൃത നിരക്കിൽ സുരക്ഷിതമായ യാത്ര കേരള സവാരി ഉറപ്പാക്കും.
  • നാളെ ഉച്ചയോടെ ഗൂഗിൾ പ്ലേസ്റ്റോറിൽ കേരള സവാരി ആപ്പ് ലഭ്യമാകും.
  • അധികം താമസിയാതെ തന്നെ ആപ്പ് സ്റ്റോറിലും കേരള സവാരി ലഭ്യമാക്കും.
Kerala Savaari : 'കേരള സവാരി' നാളെ മുതൽ ഓടി തുടങ്ങും; സർവീസ് ചാർജ്ജ് എട്ട് ശതമാനം മാത്രം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള  രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസ് ആയ 'കേരള സവാരി' നാളെ പ്രവർത്തനം ആരംഭിക്കുന്നു. യാത്രക്കാർക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ ടാക്സി തൊഴിലാളികൾക്ക് അർഹമായ പ്രതിഫലം ലഭ്യമാക്കാനും കേരള സവാരിയിലൂടെ സാധിക്കും. തൊഴിൽ വകുപ്പിൻ്റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് ഈ സേവനം ആരംഭിക്കുന്നത്. പൊതുജനങ്ങൾക്ക് സർക്കാർ അംഗീകൃത നിരക്കിൽ സുരക്ഷിതമായ യാത്ര കേരള സവാരി ഉറപ്പാക്കും. നാളെ ഉച്ചയോടെ ഗൂഗിൾ പ്ലേസ്റ്റോറിൽ കേരള സവാരി ആപ്പ് ലഭ്യമാകും. അധികം താമസിയാതെ തന്നെ ആപ്പ് സ്റ്റോറിലും കേരള സവാരി ലഭ്യമാക്കും.

മറ്റു ഓൺലൈൻ പ്ലാറ്റുഫോമുകളെ പോലെ കേരള സവാരിയിൽ നിരക്കുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുകയില്ല. തിരക്കുള്ള സമയങ്ങളിൽ മറ്റു ഓൺലൈൻ ടാക്സി കമ്പനികൾ സർവീസുകൾക്ക് ഒന്നര ഇരട്ടിവരെ ചാർജ്ജ് വർധിപ്പിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിന്റെ ഗുണം യാത്രക്കാർക്കോ തൊഴിലാളികൾക്കോ ലഭിക്കാറുമില്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിനൊപ്പം എട്ട് ശതമാനം സർവീസ് ചാർജ്ജ് മാത്രമാണ് കേരള സവാരിയിൽ ഈടാക്കുക. മറ്റ് ഓൺലൈൻ ടാക്സികളിൽ അത് 20 മുതൽ 30 ശതമാനം വരെയാണ്. സർവീസ് ചാർജായി ലഭിക്കുന്ന തുക ഈ പദ്ധതി നടത്തിപ്പിനും യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രമോഷണൽ ഇൻസെന്റീവ്സ് നൽകാനും മറ്റുമായി ഉപയോഗപ്പെടുത്താനാണ് തീരുമാനം.

ഓൺലൈൻ ടാക്‌സി സർവീസുകളുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് സുരക്ഷയുടേതാണ്. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും സുരക്ഷിതമായി ആശ്രയിക്കാവുന്ന ഓൺലൈൻ സർവീസാണിത്. ആപ്പ് ഡിസൈനിങ്ങിലും ഡ്രൈവറുടെ രെജിസ്‌ട്രേഷനിലും അടക്കം ഈ കരുതലിനു പ്രാധാന്യം നൽകിയിട്ടുണ്ട്. പദ്ധതിയിൽ അംഗമാകുന്ന ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. കൃത്യമായ പരിശീലനവും നൽകുന്നുണ്ട്. 

കൂടാതെ ആപ്പിൽ ഒരു പാനിക് ബട്ടൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനാപകടം സംഭവിച്ചാലോ മറ്റേതെങ്കിലും തരത്തിൽ അപകടസാധ്യത തോന്നിയാലോ ഈ  ബട്ടൺ അമർത്താം. തീർത്തും സ്വകാര്യമായി ഒരാൾക്ക് അത് ചെയ്യാനാവും. ഡ്രൈവർ പാനിക് ബട്ടൺ അമർത്തിയാൽ യാത്രക്കാരനോ യാത്രക്കാരൻ അത് ചെയ്താൽ ഡ്രൈവർക്കോ ഇക്കാര്യം മനസ്സിലാക്കാൻ  സാധിക്കുകയില്ല. ബട്ടൺ അമർത്തിയാൽ പൊലീസ്, ഫയർഫോഴ്സ്, മോട്ടോർവാഹന വകുപ്പ് എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ അവസരമുണ്ട്. ഇനി ഓപ്ഷൻ തിരഞ്ഞെടുക്കാൻ പറ്റാത്തത്ര അപകടസാഹചര്യത്തിലാണെങ്കിൽ ബട്ടൺ അമർത്തി ഓപ്ഷനുകളൊന്നും തിരഞ്ഞെടുത്തില്ലെങ്കിൽ നേരിട്ട് പൊലീസ് കൺട്രോൾ റൂമിലേക്ക് കണക്ട്ഡ് ആവും.

വാഹനങ്ങളിൽ സബ്സിഡി നിരക്കിൽ ജീ പി എസ് ഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കും. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾസെന്റർ തയ്യാറാക്കിയിട്ടുണ്ട്. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിലാണ് ആധുനിക സംവിധാനങ്ങളോടെയുള്ള കാൾസെന്റർ പ്രവർത്തിക്കുന്നത്.

സർവീസ് സംബന്ധമായ എല്ലാ പ്രശ്‌നങ്ങൾക്കും ഞൊടിയിടയിൽ പരിഹാരം കണ്ടെത്താനാവും വിധമാണ് കോൾസെന്റർ പ്രവർത്തിക്കുക. പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗരത്തിലാണ് നടപ്പാക്കുന്നത്. അത് വിലയിരുത്തി കുറ്റമറ്റ മാതൃകയിൽ  സംസ്ഥാനത്താകെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ നഗരസഭാ പരിധികളിലും ഒരു മാസത്തിനുള്ളിൽ കേരള സവാരി എത്തും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News