തിരുവനന്തപുരം: വധശിക്ഷയ്ക്ക് എതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി പാറശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണം എന്നാണാവശ്യം. അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രാഥമിക നടപടിയെന്ന നിലയില്‍ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാനാണ് സാധ്യത.
അപൂർവങ്ങളിൽ അപൂർവ്വമായ കേസാണിതെന്ന് ചൂണ്ടികാട്ടി നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എ എം ബഷീര്‍ ആണ് ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്ക് പ്രായത്തിന്റെ ഇളവ് നല്‍കാനാകില്ലെന്ന കോടതി നിരീക്ഷിച്ചിരുന്നു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്. ഇതോടെ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിയായും വധശിക്ഷ കാത്തുനില്‍ക്കുന്ന കേരളത്തിലെ രണ്ടാമത്തെ സ്ത്രീയായും ഗ്രീഷ്മ മാറുകയും ചെയ്തു.
2022 ഒക്ടോബർ 14ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട ഷാരോൺ രാജിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകി കൊലപ്പെടുത്തുകയായിരുന്നു. പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തിയത്. കഷായം കുടിച്ചതിനെ തുടർന്ന് 11 ദിവസം ചികിത്സയിലായിരുന്ന ഷാരോൺ മരണത്തിന് കീഴടങ്ങി.
ഷാരോണിന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിക്കുന്നത്. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. 2023 ജനുവരി 2ന് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ പൊലീസ് ഗ്രീഷ്മയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. രണ്ട് വർഷത്തിന് ശേഷം 2025 ജനുവരി 20നാണ് ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്.
മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന് കോടതി മൂന്ന് വര്‍ഷം തടവും വിധിച്ചു. അന്വേഷണം വഴിതിരിച്ചുവിട്ട കുറ്റത്തിന് കോടതി അഞ്ച് വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും കൊലപാതകത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം തടവും കൊലപാതകത്തിന് വധശിക്ഷയുമാണ് കോടതി വിധിച്ചിരുന്നത്.
പ്രകോപനമൊന്നുമില്ലാതെയാണ് കൊല നടത്തിയത്. ഷാരോൺ അടിച്ചു എന്ന ഗ്രീഷ്മയുടെ വാദം തെറ്റാണെന്നും കുറ്റകൃത്യം ചെയ്തിട്ടും അവസാന നിമിഷം വരെ പിടിച്ചുനിൽക്കാനുള്ള ഗ്രീഷ്മയുടെ കൗശലം വിജയിച്ചില്ലെന്നും കോടതി വിധിപ്രസ്താവത്തിൽ ചൂണ്ടികാട്ടി. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് ഗ്രീഷ്മയെന്നും ജൂസ് ചാലഞ്ച് നടത്തിയത് അതിനു തെളിവാണെന്നും കോടതി പറഞ്ഞു. നേരത്തേയും ഗ്രീഷ്മ വധശ്രമം നടത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.