പാലക്കാട്: ഭക്ഷണത്തിൽ വിഷം കലർത്തി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം തടവ്. കരിമ്പുഴ തോട്ടര ഈങ്ങാക്കോടൻ മമ്മിയുടെ ഭാര്യ നബീസ (71) കൊല്ലപ്പെട്ട കേസിലാണ് നബീസയുടെ മകളുടെ മകൻ പടിഞ്ഞാറേതിൽ ബഷീർ, ഭാര്യ ഫസീല എന്നിവർക്ക് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. ചീരക്കറിയിലും ചോറിലും വിഷം കലർത്തിയാണ് ബഷീറും ഫസീലയും നബീസയെ കൊലപ്പെടുത്തിയത്. ജീവപര്യന്തം തടവിനൊപ്പം പ്രതികൾ 2 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.
2016 ജൂൺ 24നു രാവിലെയാണു മണ്ണാർക്കാടിനടുത്ത് ആര്യമ്പാവ് ചെട്ടിക്കാട് ഭാഗത്ത് നബീസയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തെ സഞ്ചിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും മൊബൈൽ ഫോണും കണ്ടെടുത്തിരുന്നു. എഴുതാൻ അറിയാത്ത നബീസയുടെ ആത്മഹത്യാ കുറിപ്പാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഫസീലയുടെ 43 പവൻ സ്വർണാഭരണം കാണാതായിരുന്നു. ഇതു നബീസ എടുത്തതാണെന്നാണു ഫസീല പറഞ്ഞിരുന്നത്.
അതേസമയം ഇതു ഫസീല തന്നെ ഒളിപ്പിച്ചതാണെന്നു ബന്ധുക്കൾ ആരോപിക്കുന്നു. ഒരു ബന്ധുവിന്റെ ആഭരണം നഷ്ടമായ സംഭവത്തിൽ ഫസീലയ്ക്ക് പങ്കുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഈ സംഭവങ്ങളെല്ലാം നബീസ പുറത്തുപറഞ്ഞതിനാലാണു നബീസയെ ഇല്ലാതാക്കാൻ ഫസീല തീരുമാനിച്ചത്. നബീസയുടെ മരണത്തോടെ തന്റെ ചീത്തപ്പേരുകൾ മാറുമെന്ന കണക്കുകൂട്ടലിലാണു കൊലപാതകം ആസൂത്രണം ചെയ്തത്.
2016 ജൂൺ 21നു മണ്ണാർക്കാട് നൊട്ടന്മലയിലെ ബന്ധുവിന്റെ വീട്ടിലേക്കു പോയ നബീസയെ 22നു ബഷീർ താമസിക്കുന്ന മണ്ണാർക്കാട് നമ്പിയംകുന്നിലെ വാടകവീട്ടിലേക്കു കൊണ്ടുപോയി. അവിടെവച്ച് വിഷം നൽകി കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്. ഭക്ഷണത്തിലൂടെയും ബലമായും വിഷം നൽകി. ബലപ്രയോഗത്തിനിടെ നബീസയുടെ കൈക്കും തലയ്ക്കും പരുക്കേറ്റു. പുലർച്ചെയോടെ മരണം ഉറപ്പാക്കി. അന്നു മൃതദേഹം ബഷീറിന്റെ വീട്ടിൽ തന്നെ സൂക്ഷിച്ചു.
23നു പുലർച്ചെ ഒരു മണിയോടെ കാറിൽ ബഷീറും ഭാര്യ ഫസീലയും ചേർന്ന് മൃതദേഹം ആര്യമ്പാവിൽ ഉപേക്ഷിച്ചു. നബീസയെ കാണാനില്ലെന്നു പരാതിപ്പെടാനും മൃതദേഹം കണ്ടെത്തിയപ്പോൾ പൊലീസിനു മൊഴിനൽകാനും മുന്നിലുണ്ടായിരുന്നതു ബഷീറാണ്. ആത്മഹത്യാ കുറിപ്പും മൊബൈൽ ഫോണിലെ കോൾ ലിസ്റ്റും പരിശോധിച്ചാണു പൊലീസ് പ്രതികളിലേക്ക് എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.