കണ്ണൂർ : തലശ്ശേരിയിൽ കുട്ടിയെ ചവിട്ടിയ കേസിലെ പ്രതി മുഹമ്മദ് ഷിഹാദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. മുഹമ്മദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്ന പോലീസ് റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. കുട്ടിയുടെ തലക്ക് ആദ്യം ഇടിച്ച പ്രതി കാറിന് സമീപത്ത് നിന്നും കുട്ടി മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. എന്നാൽ കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ പ്രതിയുടെ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
മർദ്ദനമേറ്റ ആറ് വയസുകാരൻ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. എക്സ് റേ പരിശോധനയിൽ വാരിയെല്ലിൽ ചതവുണ്ടെന്ന് കണ്ടെത്തി. കേരളത്തിലെത്തി ഉത്സവങ്ങളിലും മറ്റുമായി ബലൂണ്‍ വിറ്റ് കഴിയുന്ന രാജസ്ഥാനി കുടുംബത്തിലെ ഗണേശ് എന്ന കുട്ടിക്കാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. തെറ്റായ ദിശയില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു കാര്‍. മുഹമ്മദ് ഷിഹാദ് എന്നയാളാണ് കുട്ടിയെ ചവിട്ടി തെറിപ്പിച്ചത്. സംഭവം കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തുവെങ്കിലും കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് ഷിനാദ് ആക്രമണത്തെ ന്യായീകരിക്കുകയായിരുന്നു.
Also Read: ആറ് വയസുകാരനെ ചവിട്ടി തെറുപ്പിച്ച സംഭവം; വിശദീകരണം തേടി ബാലാവകാശ കമ്മീഷൻ
ചവിട്ടേറ്റതിന് പിന്നാലെ കുട്ടി നിര്‍ത്താതെ കരയുകയായിരുന്നു. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന അഭിഭാഷകനാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആദ്യ ഘട്ടത്തില്‍ പുറത്ത് വന്നിരുന്നെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. എന്നാൽ വ്യാപകമായി വിമര്‍ശനം ഉയരുകയും ബാലാവകാശ കമ്മിഷന്റെ ഇടപെടല്‍ വന്ന സാഹചര്യത്തിലുമാണ് പോലീസ് നടപടിയിലേക്ക് കടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...