പാലക്കാട്: Sreenivasan Murder Case: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകയുമായി ബന്ധപ്പെട്ട അന്വേഷണം പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിലേക്കും നീളുന്നു. പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ധിഖ് ഇന്നലെ അറസ്റ്റിലായതോടെയാണ് കൊലപാതകത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ പങ്ക് പുറത്തുവരുന്നത്. ഗൂഢാലോചനയിൽ പങ്കെടുത്ത അഞ്ച് പേർ കൂടി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുണ്ട്. പോപ്പുലർ ഫ്രണ്ട് കോട്ടക്കൽ ഏരിയ റിപ്പോട്ടർ സിറാജുദ്ദീനെ അറസ്റ്റ് ചെയ്തതോടെയാണ് ശ്രീനിവാസന്റെ കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുന്നത്. ഇയാളിൽ നിന്നും കണ്ടെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി അബൂബക്കർ സിദ്ധിഖിനെ ഇന്നലെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സിറാജുദ്ദീന്റെ കൈവശമുണ്ടായിരുന്ന ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ പരിശോധിച്ചതിൽ നിന്നായിരുന്നു കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിനുള്ള പങ്ക് പുറത്തുവന്നത്. ഇന്നലെ അറസ്റ്റിലായ അബൂബക്കർ സിദ്ധിഖിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്നാൽ ഇവരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിലുള്ളവരെ പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്. കേസിൽ ഇതുവരെ 27 പേർ പിടിയിലായിട്ടുണ്ട്. കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നാണ് റിപ്പോർട്ട്.
Also Read: ശ്രീനിവാസൻ വധക്കേസ്: പോപ്പുലർഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അറസ്റ്റിൽ
ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന് മുൻപ് തന്നെ കൊലപ്പെടുത്താനുള്ള ആർഎസ്എസ് പ്രവർത്തകരുടെ പട്ടിക പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയിരുന്നതായും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിനായി പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയ സംസ്ഥാനത്തെ ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങളടങ്ങിയ ലിസ്റ്റ് അന്വേഷണ സംഘത്തിന് ലഭിച്ചു. ഈ ഞെട്ടിക്കുന്ന വിവരം അറസ്റ്റിലായ സിറാജുദ്ദീനിൽ നിന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പാലക്കാട്ടെ സുബൈറിന്റെ കൊലപാതകത്തിന് പ്രതികരമായിട്ടാണ് പോപ്പുലർ ഫ്രണ്ട് കലാപത്തിന് പദ്ധതിയിട്ടത്. പദ്ധതി പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിന്റെ പൂർണമായ അറിവോടെയായിരുന്നുവെന്നതാണ് ഞെട്ടിക്കുന്ന സത്യം. ഇതിന് വേണ്ടി പട്ടാമ്പിയിൽ നിന്നുള്ള സംഘം പാലക്കാട് എത്തുകയും കൊലപാതകത്തിന് വിദഗ്ധ പരിശീലനം ലഭിച്ച പ്രവർത്തകരെ ഏകോപിപ്പിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. കൃത്യം നിർവഹിക്കാൻ പോപ്പുലർ ഫ്രണ്ട് നേതൃത്വം കൊലയാളികൾക്ക് നൽകിയ സമയം 24 മണിക്കൂറാണ്. ഇതിനുള്ളിൽ ആളെ കൃത്യമായി വകവരുത്തണമെന്നായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ പദ്ധതിയെന്നായിരുന്നു പോലീസ് പറയുന്നത്.
Also Read: ഈ ദിവസം ഒരിക്കലും നഖം മുറിക്കരുത്!
ഇതിന്റെ അടിസ്ഥാനത്തിൽ സുബൈർ കൊല്ലപ്പെട്ടതിന് 24 മണിക്കൂറിനുള്ളിൽ പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് സംഘം തയ്യാറാക്കിയ പട്ടികയിൽ ഉൾപ്പെട്ടവരുടെ വീടുകളിലും പരിസര പ്രദേശങ്ങളിലും പ്രതികൾ പരിശോധന നടത്തി. തിരൂരിലെ ആർഎസ്എസ് പ്രവർത്തകനായ വിപിനെ വകവരുത്താനും പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നു. ഇത് കൂടാതെ സിറാജുദ്ദീന്റെ ബാഗിൽ ഉണ്ടായിരുന്ന പെൻഡ്രൈവിൽ നിന്നും ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊന്ന ശേഷം ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ട് പോവുന്നത് വരെയുള്ള ദ്യശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
വിഷു ദിനത്തിൽ എസ്ഡിപിഐ പ്രവർത്തകൻ സുബൈർ പള്ളിയിൽ നിന്നും മടങ്ങവെ അയാളെ പിതാവിന്റെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഈ പ്രതികാര നടപടികൾക്ക് തുടക്കമായത്. ഇതിനെ തുടർന്നാണ് വിഷുവിന്റെ പിറ്റേന്ന് ഏപ്രിൽ 16 ന് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികള്‍ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നും പോലീസ് കണ്ടെത്തിയിരുന്നു. അന്ന് രാത്രി മോർച്ചറിക്ക് പിറകിലെ ഗ്രൗണ്ടിൽ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തിയശേഷം പിറ്റേന്ന്പകൽ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറുപേർ മേലാമുറിയിലെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടർന്ന് മൂന്ന് പേർ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കേസ്.
Also Read: ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ പോയ പെൺകുട്ടിയെ ചിമ്പാൻസി ചെയ്തത്..! വീഡിയോ വൈറൽ
കൊലപാതകത്തിന് മുമ്പും ശേഷവും പ്രതികളിൽ ചിലർ ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നതായുള്ള സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചിരുന്നു. ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുകളേറ്റെന്നായിരുന്നു ഇൻക്വസ്റ്റ് പരിശോധനയിലും പോസ്റ്റ് മോർട്ടത്തിലും വ്യക്തമായത്. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. തലയിൽ മാത്രം മൂന്ന് വെട്ടുകളേറ്റിരുന്നു കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...