ഇപ്പോൾ വളരെ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് താരൻ. താരൻ ഉണ്ടാകുന്നത് മൂലം മുടി കൊഴിച്ചിലും, ചൊറിച്ചിലും ഒക്കെ ഉണ്ടാകാറുണ്ട്. താരം വളരെയധികം വർധിക്കുന്നത് മൂലം പുരികം പോലും കൊഴിഞ്ഞ് പോകാറുണ്ട്. താരത്തിന്റെ പ്രശ്നം ചിലരുടെ ആത്മവിശ്വാസത്തെ പോലും ബാധിക്കാറുണ്ട്. തല നേരെ ചീകാത്തത് കൊണ്ടും, ചർമ്മം വരണ്ടത് ആയാലുമൊക്കെ താരൻ കൂടാറുണ്ട്. സ്ട്രെസ്സാണ് താരൻ ഉണ്ടാകാനുള്ള മറ്റൊരു പ്രധാന കാരണം. മറ്റ് പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാറുണ്ട്. താരൻ അകറ്റാൻ ആളുകൾ പല രീതികളും ഉപയോഗിക്കാറുണ്ട്. മലാസെസിയ എന്ന ഫംഗസ് നമ്മുടെ തലയോട്ടിയുടെ പ്രതലത്തിൽ വളരാൻ ആരംഭിക്കുന്നതാണ് താരൻ ഉണ്ടാകാൻ കാരണം. ഇത് തലയോട്ടിയുടെ പ്രതലം വരണ്ടത് ആക്കാനും ചെറിയ മുറിവുകൾ ഉണ്ടാക്കാനും സാധ്യതയുണ്ട്. അതെ സമയം മറ്റൊരു തരം താരൻ തലയോട്ടിയിൽ എണ്ണയുടെ അംശം കൂട്ടാറും ഉണ്ട്.
താരൻ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെ?
ശരിയായ രീതിയിൽ മുടി ചീകാത്തത് പലപ്പോഴും മുടിയിൽ താരൻ ഉണ്ടാകാൻ കാരണമാകാറുണ്ട്. അത്പോലെ തന്നെ തല ശരിയായ രീതിയിൽ കഴുകാത്തതും, വൃത്തിയാക്കാത്തതും പലപ്പോഴും താരൻ വർധിക്കാൻ കാരണമാകാറുണ്ട്. ഷാംപൂ അല്ലെങ്കിൽ തല വൃത്തിയാക്കാനുള്ള സമാനമായുള്ള വസ്തുക്കൾ ഉപയോഗിക്കാത്തത് മൂലവും താരൻ വർധിക്കാറുണ്ട്. സ്ട്രെസ്, വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികമായി ബാധിക്കുന്ന പ്രശ്നങ്ങളും താരൻ വർധിക്കും. പാർക്കിൻസൺസ് ഡിസീസ് ഉള്ളവർക്കും താരൻ ഉണ്ടാകാറുണ്ട്. എന്താണ് താരന്റെ കാരണമെന്ന് കണ്ടെത്തി അതിനുള്ള പരിഹാരമാണ് കണ്ടെത്തേണ്ടത്.
ALSO READ: നിസ്സാരക്കാരനല്ല ചെമ്പരത്തി ;അറിയാം ഗുണങ്ങൾ
താരൻ ഒഴിവാക്കാനുള്ള വഴികൾ
1) വെളിച്ചെണ്ണയും നാരങ്ങയും
വെളിച്ചെണ്ണ നമ്മുടെ മുടിക്ക് വളരെ ഗുണകരമാണ്. വെളിച്ചെണ്ണയോടൊപ്പം കുറച്ച് നാരങ്ങാ നീര് കൂടി ചേർത്താൽ താരൻ കുറയ്ക്കാൻ സഹായിക്കും. 2 സ്പൂൺ വെളിച്ചെണ്ണ ചൂടാക്കിയ ശേഷം അതിലേക്ക് അതെ അളവിൽ നാരങ്ങാനീര് ചേർത്തിട്ട് മുടിയിൽ തേച്ച് പിടിപ്പിക്കണം. 20 മിനിട്ടുകൾക്ക് ശേഷം കഴുകി കളഞ്ഞാൽ താരൻ കുറയാൻ സഹായിക്കും
2) മുടി കഴുകുന്നതിന് മുന്‍പ് എണ്ണ തേക്കണം
കുളിക്കുന്നതിന് 30 മിനിറ്റ് മുതൽ 1 മണിക്കൂര്‍ മുന്‍പ് മുടിയില്‍ നന്നായി എണ്ണ പുരട്ടുക. മുടിയിൽ എണ്ണ പുരട്ടുന്നത് മുടിയുടെ വരണ്ട സ്വഭാവം ഇല്ലാതാക്കുന്നു. തലയോട്ടിയിൽ വരണ്ട ചർമ്മം പലപ്പോഴും താരന് കാരണമാകും. അതിനാൽ തന്നെ എണ്ണ തേക്കുന്നത് വരണ്ട ചർമ്മം മാറാനും താരൻ കുറയ്ക്കാനും സഹായിക്കും.
3) ഉലുവ
കൊളെസ്ട്രോൾ കുറയ്ക്കാനും, പ്രമേഹത്തിന് പരിഹാരമായും ഒക്കെ ഉലുവ ഉപയോഗിക്കാറുണ്ട്. അതുപോലെ ഉലുവ അരച്ച് ചേർക്കുന്നത് താരൻ കുറയ്ക്കാനും സഹായിക്കും. ഒരു രാത്രി വെള്ളത്തിലിട്ട് ഉലുവ കുതിർക്കുക ശേഷം അരച്ച് കുഴമ്പ് രൂപത്തിലാക്കുക. അതിലേക്ക് കുറച്ച് നാരങ്ങാ നീര് കൂടി ചേർത്തിളക്കുക. അത് തലയോട്ടിയുടെ പ്രതലത്തിൽ തേച്ച് പിടിപ്പിച്ച ശേഷം 30 മിനിറ്റുകൾ അതിനെ ഉണങ്ങാൻ അനുവദിക്കുക. ശേഷം കഴുകി കളയുക.
4) ആപ്പിൾ സെഡാർ വിനഗർ
മുടി കഴുകിയ ശേഷം ആപ്പിൾ സെഡാർ വിനഗറും വെള്ളവും സമാസമം ചേർത്ത് മുടിയിൽ തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിന് ശേഷം കഴുകി കളയുക. ഓരോ തവണ തല കഴുകുമ്പോഴും നിങ്ങൾക്കിത് ഉപയോഗിക്കാം. എന്നാൽ എല്ലാ ദിവസവും ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രണ്ട് ദിവസത്തിലൊരിക്കൽ ഉപയോഗിക്കുക എന്നതാണ് ഏറ്റവും ശരിയായ മാർഗ്ഗം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.