എല്ലാ വർഷവും മെയ് 18 ലോക എയ്ഡ്സ് വാക്‌സിൻ ദിനമായി ആചരിക്കുന്നു. എച്ച്‌ഐവി അണുബാധയും എയ്ഡ്‌സും തടയുന്നതിൽ എച്ച്‌ഐവി വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. സുരക്ഷിതവും ഫലപ്രദവുമായ എച്ച്‌ഐവി വാക്‌സിൻ കണ്ടെത്താൻ ഒരുമിച്ച് പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർ, കമ്മ്യൂണിറ്റി അംഗങ്ങൾ, ആരോഗ്യ വിദഗ്ധർ, ശാസ്ത്രജ്ഞർ എന്നിവരോടുള്ള നന്ദി സൂചകമായും ഈ ദിനം ആചരിക്കപ്പെടുന്നു. പ്രതിരോധ എച്ച്‌ഐവി (ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്) വാക്‌സിൻ ഗവേഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാനുള്ള സമയം കൂടിയാണിത്. നിലവിൽ, എച്ച്ഐവി അണുബാധയെ തടയാൻ പ്രാപ്തമായ വാക്സിൻ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
എന്താണ് എയ്ഡ്സ്?
എയ്ഡ്സിന്റെ പൂർണ്ണ രൂപം അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം എന്നാണ്. ഒരു വ്യക്തിയിൽ എച്ച്ഐവി വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ അത് ബാധിക്കപ്പെട്ട വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തെ തകർക്കും. ഇതോടെ എച്ച്ഐവി ബാധിക്കപ്പെട്ട വ്യക്തിയുടെ പ്രതിരോധശേഷി ദുർബലമാവുകയും വിവിധ രോഗാവസ്ഥകളെ പ്രതിരോധിക്കാൻ കഴിയാതെ വരികയും ചെയ്യും. രോഗപ്രതിരോധ ശേഷി അതീവ ദുർബലമായതിനാൽ വിവിധ രോഗാവസ്ഥകൾ അവയുടെ തീവ്രമായ അവസ്ഥയിലാണ് രോഗിയെ ബാധിക്കുക.
ALSO READ: ഇന്ന് ലോകരക്താതിസമ്മർദ ദിനം; നിശബ്ദ കൊലയാളിയെ എങ്ങനെ നേരിടാം?
ചരിത്രവും പ്രാധാന്യവും
ലോക എയ്ഡ്സ് വാക്സിൻ ദിനം എല്ലാ വർഷവും മെയ് പതിനെട്ടിനാണ് ആചരിക്കുന്നത്. 1997 ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ നടത്തിയ പ്രസംഗത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ദിനാചരണത്തിന്റെ ആരംഭം. എച്ച്‌ഐവി പടരുന്നത് നിയന്ത്രിക്കാനും അത് തുടച്ചുനീക്കാനുമുള്ള ഒരേയൊരു മാർഗ്ഗം വാക്സിൻ കണ്ടെത്തുക എന്നതാണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗത്തിനുശേഷം, 1998 മെയ് മാസത്തിൽ ആദ്യമായി ലോക എയ്ഡ്സ് വാക്സിൻ ദിനം ആചരിച്ചു. എല്ലാ വർഷവും ലോകമെമ്പാടുമുള്ള സന്നദ്ധ പ്രവർത്തകർ എച്ച്‌ഐവി, എയ്ഡ്‌സ് വാക്‌സിനുകളെ കുറിച്ച് അവബോധം വളർത്തുന്നതിനും ആളുകളെ ബോധവത്ക്കരിക്കുന്നതിനും നിരവധി പരിപാടികൾ സംഘടിപ്പിച്ച് വരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...