അഹമ്മദാബാദ്: മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതി കാരണം യുവാവിന് നഷ്ടമായത് 1 കോടി രൂപ. ഗാന്ധിനഗറില്‍ ജോലി ചെയ്യുന്ന കുല്‍ദീപ് പട്ടേല്‍ എന്ന യുവാവിനാണ് പണം നഷ്ടമായത്. കുല്‍ദീപിന്റെ പരാതി പ്രകാരം സൈബര്‍ ക്രൈം പോലീസ് കേസ് എടുത്തു.
സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ കുല്‍ദീപ് പട്ടേല്‍ ഇക്കഴിഞ്ഞ ജൂണിലാണ് മാട്രിമോണിയല്‍ സൈറ്റില്‍ അദിതി എന്ന യുവതിയെ കണ്ടുമുട്ടുന്നത്. യുകെയില്‍ കയറ്റുമതി - ഇറക്കുതി ബിസിനസാണെന്നാണ് യുവതി തന്നോട് പറഞ്ഞതെന്ന് കുല്‍ദീപിന്റെ പരാതിയില്‍ പറയുന്നു. പിന്നീട് യുവതിയുടെ നിര്‍ദ്ദേശ പ്രകാരം ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം നടത്തി. ബനോകോയിനിലാണ് നിക്ഷേപം നടത്തിയതെന്നും ഇതിനായി കസ്റ്റമര്‍ കെയര്‍ പ്രതിനിധിയായി യുവതി പരിചയപ്പെടുത്തിയ വ്യക്തിയോട് സംസാരിച്ചെന്നും കുല്‍ദീപ് പറഞ്ഞു.
ALSO READ: ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പം; 4.4 തീവ്രത, ഭൂകമ്പമുണ്ടായത് ഭൂനിരപ്പില്‍നിന്നും 70 കിലോമീറ്റര്‍ താഴെ
ആദ്യം നിക്ഷേപിച്ച ഒരു ലക്ഷം രൂപയ്ക്ക് ലാഭം കാണിച്ചതോടെയാണ് കുല്‍ദീപ് യുവതിയെ വിശ്വസിച്ചത്. ഇതോടെ കൂടുതല്‍ പണം നിക്ഷേപിക്കുകയായിരുന്നു. ജൂലൈ 20നും ഓഗസ്റ്റ് 31നും ഇടയില്‍ 18 തവണയായി 1.34 കോടി രൂപയാണ് നിക്ഷേപിച്ചത്. സെപ്റ്റംബര്‍ 3ന് അക്കൗണ്ടില്‍ നിന്ന് 2.59 ലക്ഷം രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ അക്കൗണ്ട് മരവിപ്പിച്ചതായി അറിയിപ്പ് ലഭിച്ചെന്ന് കുല്‍ദീപ് പറഞ്ഞു.
അക്കൗണ്ട് മരവിപ്പിച്ച അറിയിപ്പ് ലഭിച്ചതിന് പിന്നാലെ നേരത്തെ സംസാരിച്ചിരുന്ന കസ്റ്റമര്‍ കെയര്‍ പ്രതിനിധിയെ ബന്ധപ്പെട്ടു. അക്കൗണ്ട് തിരിച്ചു കിട്ടണമെങ്കില്‍ 35 ലക്ഷം രൂപ കൂടി നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടതോടെ അദിതിയെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അദിതിയെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെ താന്‍ തട്ടിപ്പിനിരയായെന്ന് കുല്‍ദീപിന് മനസിലാകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...