ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോകനേതാക്കളെല്ലാം ഇന്ത്യയിലെത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനാക്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ജപ്പാന്റെ ഫ്യൂമിയോ കിഷിദ അടക്കമുള്ള നേതാക്കള്‍ രാജ്യ തലസ്ഥാനത്ത് എത്തിക്കഴിഞ്ഞു. ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ്.
ഉച്ചകോടിയുടെ വേദിയും പ്രതിനിധികൾക്കുള്ള ഹോട്ടലുകളും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് മരുന്നുകൾ ഒഴികെയുള്ള ഓൺലൈൻ ഡെലിവറി സേവനങ്ങൾ തടഞ്ഞുകൊണ്ട് കർശനമായ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇന്നും നാളെയുമായാണ് ജി20 ഉച്ചകോടി നടക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള 30 ലധികം രാഷ്ട്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
Also Read:
ഇതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇരുവരുടെയും കൂടിക്കാഴ്ച പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു നടന്നത്. ബന്ധം ദൃഢമാക്കുന്ന ചർച്ചയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം വിശേഷിപ്പിച്ചത്. ഡൽഹിയിൽ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി എത്തിയതാണ്. നേരത്തെ അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചതോടെ ജോ ബൈഡന്‍റെ യാത്ര മുടങ്ങുമോയെന്ന ആശങ്കകൾ ഉയർന്നിരുന്നുവെങ്കിലും ബൈഡന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായത് ജി 20 ഉച്ചകോടിക്ക് വരാൻ സാധ്യമായി.