ബെർളിൻ : പ്രവാസികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർ ഇന്ത്യയുടെ വിജയത്തിന്റെ ബ്രാൻഡ് അംബാസിഡർമാരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓഡി ഡോം ഇൻഡോർ അരീനയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ജർമ്മനിയിലെ വൈബ്രന്റ് ഇന്ത്യൻ കമ്മ്യൂണിറ്റിയിലാണ് പരിപാടി നടന്നത്.
രാജ്യത്തിന്റെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും വിജയത്തിനും പ്രവാസികൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർ ഇന്ത്യയുടെ വിജയഗാഥ മാത്രമല്ല, ഇന്ത്യയുടെ വിജയത്തിന്റെ ബ്രാൻഡ് അംബാസഡർമാർ കൂടിയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ ഇന്ത്യ പുതിയ സ്വപ്‌നങ്ങൾ കാണുകയും ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്യുകയാണ്. പുതിയ ഇന്ത്യയിലെ കുട്ടികൾക്കായി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നയങ്ങൾ കൊണ്ടുവന്നു. ഇന്ന് കുട്ടികൾക്ക് അവരുടെ സ്വന്തം മാതൃഭാഷയിൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയും.
ഇന്ത്യ ഇന്ന് വളർച്ചയുടെ പാതയിലാണ് .അതിൽ ലോക രാജ്യങ്ങൾ നൽകുന്ന പിന്തുണ ചെറുതല്ല. പുതുതായി തുടങ്ങുന്ന സംരംഭങ്ങളുടെ കാര്യത്തിൽ ഇന്ത്യ പുറകിലായിരുന്നു. എന്നാൽ ഇന്ന് മൂന്നാമത്തെ സ്ഥാനമാണ് ഇന്ത്യയ്‌ക്കുള്ളത്. ഫോണുകൾ പോലും ഇറക്കുമതി ചെയ്തിരുന്ന നമ്മൾ ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മെയ്‌ക്ക് ഇൻ ഇന്ത്യ ഇതിൽ വലിയ ഒരു ഭാഗമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...