Chhattisgarh: ഛത്തീസ്ഗഢിൽ കഴിഞ്ഞ ദിവസം നടന്ന ആദായനികുതി വകുപ്പ് റെയ്ഡില്‍ നൂറുകണക്കിന് കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. ഛത്തീസ്ഗഢ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബിസിനസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട ആളുകളുടെ വസതിയിലും ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്.
കല്‍ക്കരി വിതരണവുമായി (Coal coal transportation and linked businesses) ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്ന ഗ്രൂപ്പാണ് ആദായനികുതി വകുപ്പിന്‍റെ പിടിയിലായത്. ഗ്രൂപ്പിലെ ഉന്നതരുടെ സങ്കേതങ്ങളില്‍ നടന്ന റെയ്ഡില്‍ " നൂറുകണക്കിന് കോടിയുടെ നികുതി വെട്ടിപ്പും" കൂടാതെ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും പണവും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.
ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ജൂൺ 30 മുതല്‍ IT വിഭാഗം തിരച്ചില്‍ ആരംഭിച്ചിരുന്നു. റായ്പൂർ, ഭിലായ്, റായ്ഗഡ്, കോർബ, ബിലാസ്പൂർ, സൂരജ്പൂർ എന്നിവിടങ്ങളിലെ 30 ലധികം സ്ഥലങ്ങളില്‍ IT പരിശോധന നടത്തിയിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ ഗ്രൂപ്പ് 200 കോടിയിലധികം രൂപ സമ്പാദിച്ചതിന്‍റെ തെളിവുകൾ IT വിഭാഗം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഈ സ്ഥാപനം സര്‍ക്കാര്‍ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നല്‍കിയതിന്‍റെ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.
മുതിര്‍ന്ന റാങ്കിലുള്ള പല സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഈ അനധികൃത പണമിടപാടില്‍ പങ്കുണ്ട് എന്നാണ് സൂചന. എന്നാല്‍, ഇതുവരെ ആരുടേയും പേരുകള്‍ IT വിഭാഗം പുറത്തു വിട്ടിട്ടില്ല.
ഈ ഗ്രൂപ്പിന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം സൂചിപ്പിക്കുന്ന തെളിവുകള്‍ റെയ്ഡില്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, കൽക്കരി വാഷറികൾ വാങ്ങുന്നതിനായി ഗ്രൂപ്പ് 45 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണമിടപാട് നടത്തിയതായും അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ സംഘം കണക്കില്‍ കവിഞ്ഞ പണം ചിലവാക്കിയതായി സൂചന നല്‍കുന്ന രേഖകളും സംഘം കണ്ടെത്തിയിട്ടുണ്ട്. ധാരാളം ബിനാമി സ്വഭാവമുള്ള ഭൂമിയിടപാടുകള്‍ ഗ്രൂപ്പ് നടത്തിയിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്.
അതേസമയം, ആദായനികുതി വകുപ്പ് റെയ്ഡ് തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഉടന്‍തന്നെ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും എന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...