NEET UG 2022 Exam: ‘നീറ്റ്’ 2022 പരീക്ഷ ഇന്ന് (ജൂലൈ 17) നടക്കും. ഉച്ചതിരിഞ്ഞ് രണ്ട് മണി മുതൽ 5.20 വരെയാണ് പരീക്ഷ സമയം. https://neet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് എല്ലാവരും ഇതിനകം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തിരിക്കും. പരീക്ഷ കേന്ദ്രം എവിടെയാണെന്നതും കൃത്യമായി പരീക്ഷാർഥികൾ മനസിലാക്കിയിരിക്കണം. പരീക്ഷയ്ക്കായി എല്ലാവരും തയാറെടുത്ത് കഴിഞ്ഞിട്ടുണ്ടാകാം. എങ്കിലും പരീക്ഷയ്ക്ക് പോകുമ്പോൾ പാലിക്കേണ്ട ചില നിബന്ധനകളെ കുറിച്ച് ഒന്നു കൂടി നിങ്ങളെ ഓർമിപ്പിക്കുന്നതിനാണ് ഈ ലേഖനം. ഇൻഫർമേഷൻ ബുള്ളറ്റിനിലും അഡ്മിറ്റ് കാർഡിന്റെ മൂന്നും നാലും പേജുകളിലായി ഓരോ പരീക്ഷാർഥിയും പാലിക്കേണ്ട നിബന്ധനകളെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
അഡ്മിറ്റ് കാർഡിന്റെ ആദ്യത്തെ പേജിൽ ആവശ്യമായ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. പരീക്ഷയ്ക്കായി അപേക്ഷിച്ചപ്പോൾ അപ്‌ലോഡ് ചെയ്ത ഫോട്ടോയുടെ പാസ്പോർട്ട് സൈസ് കോപ്പിയും ആദ്യ പേജിൽ ഒട്ടിക്കണം. കോവിഡ് സംബന്ധിച്ച സത്യവാങ്മൂലത്തിന് താഴെ രക്ഷിതാവ് ഒപ്പിടണം. വിദ്യാർഥി ഇടതു തള്ളവിരലടയാളം പതിക്കണം. പരീക്ഷാഹാളിൽ ഇൻവിജിലേറ്ററുടെ മുന്നിൽ വെച്ച് മാത്രമെ വിദ്യാർഥികൾ ഒപ്പിടാൻ പാടുള്ളൂ.
ഇനി രണ്ടാമത്തെ പേജിൽ വെള്ള ബാക്ക്ഗ്രൗണ്ടിലുള്ള പോസ്റ്റ് കാർഡ് സൈസ് (6’’ x4’’) കളർ ഫോട്ടോ നിർദേശാനുസരണം ഒട്ടിക്കുക. പരീക്ഷാകേന്ദ്രത്തിൽ വച്ച് ഈ ഫോട്ടോയുടെ ഇടതുഭാഗത്ത് വിദ്യാർഥിയും വലതുഭാഗത്ത് ഇൻവിജിലേറ്ററും ഒപ്പിടണം. അഡ്മിറ്റ് കാർഡിന്റെ ആദ്യപേജിൽ ഒട്ടിച്ച അതേ ഫോട്ടോ തന്നെയാകണം രണ്ടാം പേജിലും ഒട്ടിക്കാൻ. രണ്ടാമത്തെ പേജിൽ തന്നെ വിദ്യാർഥിയും ഇൻവിജിലേറ്ററും വീണ്ടും ഒപ്പിടേണ്ടതുണ്ട്. ടെസ്റ്റ് ബുക്‌ലെറ്റിൽ റഫ് വർക് ചെയ്യാൻ സാധിക്കും. പരീക്ഷ കഴിഞ്ഞാൽ അഡ്മിറ്റ് കാർഡ് ഇൻവിജിലേറ്ററെ ഏൽപ്പിക്കണം.
Also Read: ICSE Result 2022: ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്
പരീക്ഷയ്ക്ക് പോകുമ്പോൾ നിർബന്ധമായും കൊണ്ട് പോകേണ്ട കാര്യങ്ങൾ
∙ പാസ്പോർട്ട് സൈസ് ഫോട്ടോ ഒട്ടിച്ച അഡ്മിറ്റ് കാർഡ്
∙അറ്റൻഡൻസ് ഷീറ്റിലൊട്ടിക്കാനായി ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ
∙തിരിച്ചറിയൽരേഖ (12ലെ അഡ്മിറ്റ് കാർഡ് / ആധാർ / റേഷൻ കാർഡ് / വോട്ടർ ഐഡി / പാസ്പോർട്ട് / ഡ്രൈവിങ് ലൈസൻസ് / പാൻ കാർഡ് ഇവയിലേതെങ്കിലും ഒന്ന് കയ്യിൽ കരുതണം).
∙ ഭിന്നശേഷി വിദ്യാർഥികൾ ആവശ്യമായ രേഖകൾ എല്ലാം കരുതണം. അവർക്ക് പകരം എഴുതുന്നയാൾ ഉണ്ടെങ്കിൽ അതിനുള്ള രേഖകളും കൊണ്ടുപോകണം.
പരീക്ഷാഹാളിൽ കൊണ്ടുപോകാൻ പാടില്ലാത്തവ
∙ എഴുതിയതോ അച്ചടിച്ചതോ ആയ കടലാസുതുണ്ട്
∙ ജ്യോമെട്രി / പെൻസിൽ ബോക്സ്
∙ പ്ലാസ്റ്റിക് കൂട്
∙ പേന, സ്കെയിൽ, റൈറ്റിങ് പാഡ്, ഇറേസർ (റബർ)
∙ പെൻഡ്രൈവ്, കാൽക്കുലേറ്റർ
∙ ലോഗരിതം ടേബിൾ
∙ മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ്
∙ വാലറ്റ്, കൂളിങ് ഗ്ലാസ്, ഹാൻഡ് ബാഗ്, ബെൽറ്റ്, തൊപ്പി, വാച്ച്, ബ്രേസ്‌ലറ്റ്
∙ ക്യാമറ
∙ ആഭരണങ്ങൾ, ലോഹവസ്തുക്കൾ
∙ ഭക്ഷണസാധനങ്ങൾ
പരീക്ഷ ഹാളിൽ കയറുന്നതിന് മുൻപായി മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയുണ്ടാകും.
ഡ്രസ് കോഡ് - നീണ്ട കയ്യുളള ഉടുപ്പുകളോ വലിയ ബട്ടൺ ഉള്ളവയോ അനുവദിക്കില്ല. ഷൂസ് പാടില്ല, പകരം ചെരിപ്പ് ധരിക്കാം. മതാചാര പ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കുന്ന പരീക്ഷാർഥികൾ പരീക്ഷ കേന്ദ്രത്തിൽ കഴിവതും നേരത്തെ എത്തി പരിശോധനയ്ക്ക് വിധേയരാകുക.
2 മണിക്കാണ് പരീക്ഷ തുടങ്ങുക. 1.30 ന് പരീക്ഷ കേന്ദ്രങ്ങളിലെ ഗെയ്റ്റ് അടയ്ക്കും. കൃത്യസമയത്ത് എത്താൻ എല്ലാവരും ശ്രമിക്കുക. പരീക്ഷാഹാളിലെ വിഡിയോ ചിത്രീകരണത്തിന് പരീക്ഷാർഥികളുടെ മുഖം മറയാതെയിരിക്കണം. ഉദ്യോഗാർത്ഥികൾ സാമൂഹിക അകലം പാലിക്കുകയും കേന്ദ്രത്തിൽ നിന്ന് നൽകുന്ന N-95 മാസ്കുകൾ ഉപയോഗിക്കുകയും വേണം. സുതാര്യ വാട്ടർബോട്ടിൽ, സാനിറ്റൈസർ (50 എംഎൽ) തുടങ്ങിയവ കയ്യിൽ കരുതാം. സമയം തീരും മുൻപ് പരീക്ഷ എഴുതി കഴിഞ്ഞാലും പരീക്ഷയുടെ സമയം അവസാനിക്കാതെ വിദ്യാർഥിയെ ഹാളിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...