ന്യൂഡൽഹി: നോയിഡയിലെ സൂപ്പർടെക്കിന്റെ ഇരട്ട കെട്ടിടങ്ങൾ ഇന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുമാറ്റും. നോയിഡയിലെ സെക്ടർ 93 എയിലെ എമറാൾഡ് കോർട്ട് പ്രോജക്റ്റിലെ ഏകദേശം 100 മീറ്ററോളം ഉയരമുള്ള കെട്ടിടങ്ങളാണ് പൊളിക്കുന്നത്. ഇന്ത്യയിൽ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്ന ഏറ്റവും ഉയരം കൂടിയ കെട്ടിടമാകും ഇത്. ഉച്ചയ്ക്ക് 2.30ന് ഇരട്ട കെട്ടിടങ്ങൾ പൊളിക്കുമെന്ന് നോയിഡ അതോറിറ്റി സിഇഒ റിതു മഹേശ്വരി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഒമ്പത് സെക്കന്റ് സമയം കൊണ്ട് കെട്ടിടങ്ങൾ നിലംപതിക്കും.
എമറാൾഡ് കോർട്ട് സൊസൈറ്റി പരിസരത്ത് മാനദണ്ഡങ്ങൾ ലംഘിച്ച് നിർമാണം നടത്തിയതായി കണ്ടെത്തിയ കെട്ടിടങ്ങൾ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കുന്നത്. 3,700 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ് നിയന്ത്രിത സ്ഫോടനം നടത്തുന്നത്. സെക്ടർ 93 എയിലെ എമറാൾഡ് കോർട്ടിലെയും അതിനോട് ചേർന്നുള്ള എടിഎസ് വില്ലേജ് സൊസൈറ്റികളിലെയും ഏകദേശം 5,000 പേരോട് ഇന്ന് രാവിലെ ഏഴ് മണിക്ക് ഒഴിയാൻ നിർദേശം നൽകിയിട്ടുണ്ട്. എമറാൾഡ് കോർട്ട് സൊസൈറ്റിയുടെ ആസ്റ്റർ 2, ആസ്റ്റർ 3 എന്നിവയാണ് ഇരട്ട ഗോപുരങ്ങൾക്ക് അടുത്തുള്ള മറ്റ് കെട്ടിടങ്ങൾ. പൊളിക്കുന്ന കെട്ടിടങ്ങൾക്ക് അടുത്ത് നിന്ന് വെറും ഒമ്പത് മീറ്റർ അകലെയാണ് ഈ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്.
കെട്ടിടങ്ങൾ സുരക്ഷിതമായി പൊളിച്ചുമാറ്റാൻ മുംബൈ ആസ്ഥാനമായുള്ള എഡിഫൈസ് എഞ്ചിനീയറിംഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സൗത്ത് ആഫ്രിക്കൻ വിദഗ്ധരായ ജെറ്റ് ഡെമോളിഷൻസിനെയാണ് എഡിഫൈസ് പദ്ധതിക്കായി നിയോഗിച്ചിരിക്കുന്നത്. നോയിഡ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് കെട്ടിടം പൊളിക്കുന്ന പ്രവൃത്തികൾ നടക്കുക. മൂന്ന് വിദേശ വിദഗ്ധർ, എഡിഫൈസ് എഞ്ചിനീയറിംഗിന്റെ പ്രോജക്ട് മാനേജർ മയൂർ മേത്ത, ഇന്ത്യൻ ബ്ലാസ്റ്റർ ചേതൻ ദത്ത, ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നിവരുൾപ്പെടെ ആറ് പേർ മാത്രമാണ് സ്‌ഫോടനത്തിന്റെ ബട്ടൺ അമർത്താൻ വേണ്ടി പ്രദേശത്ത് ഉണ്ടാകുക.
അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഏകദേശം മൂന്ന് മാസമെടുക്കും. ഞായറാഴ്ച രാവിലെ മുതൽ നോയിഡ സെക്ടർ 93 എയിലെ ഇരട്ട ഗോപുരങ്ങളിലേക്കുള്ള റോഡുകളിൽ ഗതാഗതം നിയന്ത്രിക്കും. നോയിഡ-ഗ്രേറ്റർ നോയിഡ എക്‌സ്‌പ്രസ് വേയിൽ നിന്ന് 200 മീറ്റർ മാത്രം അകലെയുള്ള കെട്ടിടങ്ങൾ പൊളിക്കുന്നതിനാൽ വാഹന ഗതാഗതം ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്ന് വരെ നിയന്ത്രിക്കും. അടിയന്തര വാഹനങ്ങൾ കടന്നുപോകുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
എമറാൾഡ് കോർട്ട് സൊസൈറ്റി പരിസരത്ത് മാനദണ്ഡങ്ങൾ ലംഘിച്ച് നിർമ്മാണം നടത്തിയെന്ന് കണ്ടെത്തിയ 2021 ഓഗസ്റ്റിലെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നോയിഡയിലെ ഇരട്ട കെട്ടിടങ്ങൾ പൊളിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 31 ന്, നോയിഡ അതോറിറ്റിയിലെ ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് കെട്ടിട മാനദണ്ഡങ്ങൾ ലംഘിച്ചതിന് നിർമ്മാണത്തിലിരിക്കുന്ന ടവറുകൾ മൂന്ന് മാസത്തിനുള്ളിൽ പൊളിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബുക്കിംഗ് സമയം മുതൽ ഫ്ലാറ്റ് വാങ്ങിയവരുടെ മുഴുവൻ തുകയും 12 ശതമാനം പലിശ സഹിതം തിരികെ നൽകണമെന്നും ഇരട്ട കെട്ടിടങ്ങളുടെ നിർമ്മാണം മൂലം നഷ്ടം ഉണ്ടായ ആർഡബ്ല്യുഎ ഓഫ് എമറാൾഡ് കോർട്ട് പ്രോജക്ടിന് രണ്ട് കോടി രൂപ നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...