ഈ വർഷം ഫെബ്രുവരി 27നാണ് ദേശീയ പോളിയോ ദിനമായി ആചരിക്കുന്നത്. രാജ്യത്തുടനീളം സജ്ജീകരിച്ച ഏഴ് ലക്ഷം പോളിയോ ബൂത്തുകളിലൂടെ 15 കോടി കുഞ്ഞുങ്ങൾക്ക് വാക്സിൻ യജ്ഞത്തിലൂടെ ഈ ദിവസം കുത്തിവയ്പ്പ് നൽകാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.
പോളിയോ വാക്സിന്റെ പ്രാധാന്യം: കുട്ടികളിൽ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും പോളിയോ രോഗത്തിൽ നിന്ന് പ്രതിരോധിക്കുന്നതിനും വേണ്ടിയാണ് പോളിയോ വാക്സിൻ നൽകുന്നത്. 1952ലാണ് ജോനസ് സാൽക് എന്ന ശാസ്ത്രജ്ഞൻ പോളിയോക്കെതിരായ വാക്സിൻ കണ്ടുപിടിച്ചത്. 1955 ഏപ്രിൽ 12ന് പ്രഖ്യാപനം നടത്തി.
കുത്തിവയ്ക്കുന്ന വാക്സിനാണ് ജോനസ് സാൽക് കണ്ടുപിടിച്ചത്. 1957ൽ ആൽബർട്ട് സാബിൻ എന്ന ശാസ്ത്രജ്ഞൻ വായിൽ കൂടി നൽകുന്ന പ്രതിരോധ മരുന്ന് കണ്ടെത്തി. വായിലൂടെ വയറിലെത്തി പിന്നീട് രക്തത്തിൽ കടന്ന് കേന്ദ്രനാഡീവ്യൂഹത്തെയും തലച്ചോറിനെയും ബാധിച്ച് ശരീര വൈകല്യം സൃഷ്ടിക്കുന്ന രോഗാവസ്ഥയാണ് പോളിയോ. 1978ലാണ് ഇന്ത്യയിൽ പോളിയോ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയത്.
2011ൽ പശ്ചിമബംഗാളിലെ ഹൗറയിലാണ് ഇന്ത്യയിൽ അവസാനമായി പോളിയോ റിപ്പോർട്ട് ചെയ്തത്. 2012 ഫെബ്രുവരി 24ന് പോളിയോ ബാധിത രാഷ്ട്രങ്ങളുടെ പട്ടികയിൽ നിന്ന് ലോകാരോഗ്യസംഘടന ഇന്ത്യയെ ഒഴിവാക്കി. 2014 മാർച്ച് 27ന് ഇന്ത്യ പോളിയോ മുക്ത രാജ്യമാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. എന്നാൽ ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇപ്പോഴും പോളിയോ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിനാൽ തന്നെ, മുൻകരുതലായാണ് രാജ്യത്ത് ഇപ്പോഴും പോളിയോ വാക്സിനേഷൻ തുടരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...