ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതി എ.ജി.പേരറിവാളന് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. 32 വർഷത്തെ തടവും നല്ലനടപ്പും പരിഗണിച്ചാണ് സുപ്രീംകോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് എൽ.നാഗേശ്വര റാവു, ജസ്റ്റിസ് ബി.എൽ.ഗവായ് എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് നടപടി. കേന്ദ്രസർക്കാർ എതിർത്തെങ്കിലും കോടതി പേരറിവാളന് ജാമ്യം അനുവദിക്കുകയായിരുന്നു.
2014ൽ ആണ് പേരറിവാളന്റെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്ത് നൽകിയത്. എല്ലാ മാസവും ആദ്യ ആഴ്ച ചെന്നൈക്ക് സമീപമുള്ള ലോക്കൽ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. മറ്റ് വ്യവസ്ഥകൾ പ്രാദേശിക കോടതി തീരുമാനിക്കുമെന്നും സുപ്രീംകോടതി നിർദേശിച്ചു.
പേരറിവാളൻ 32 വർഷത്തെ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നേരത്തെ മൂന്ന് തവണ പരോളിൽ വിട്ടയച്ചിരുന്നുവെന്നും മോചിതനായ സമയത്ത് അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് പരാതിയൊന്നും ഉണ്ടായിരുന്നില്ലെന്നും അപേക്ഷകന്റെ അഭിഭാഷകൻ അറിയിച്ചുവെന്ന് കോടതിയുടെ ഉത്തരവിൽ പറയുന്നു.
രാജീവ് ഗാന്ധി വധക്കേസിൽ 1991 ജൂൺ 11നാണ് പേരറിവാളനെ അറസ്റ്റ് ചെയ്യുന്നത്. 26 വർഷത്തെ ജയിൽവാസത്തിന് ശേഷം 2017 ജനുവരി 24നാണ് പേരറിവാളന് ആദ്യമായി പരോൾ അനുവദിക്കുന്നത്. തുടർന്ന് എട്ട് തവണ ഇയാൾക്ക് പരോൾ അനുവദിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...