ന്യൂഡൽഹി: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങളും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. ഏതാനും ആഴ്ചകളായി ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തുടനീളം വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകൾക്കിടയിൽ, കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി യോഗം ചേർന്നിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം സംസ്ഥാനങ്ങൾ ആശുപത്രികളുടെ ക്രമീകരണങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങളും മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കിയിരിക്കുകയാണ്.
സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ ഹരിയാന പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. കോവിഡ് വ്യാപനത്തിനെതിരായ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയതെന്ന് ഹരിയാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കേരളത്തിൽ ശനിയാഴ്ച പുതിയതായി 1,801 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിനായി മാസ്ക് നിർബന്ധമാക്കി. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവന പ്രകാരം എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയതായി പുതുച്ചേരി സർക്കാർ ഉത്തരവിറക്കി. പുതുച്ചേരിയിൽ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ വെള്ളിയാഴ്ച നടത്തിയ കോവിഡ് അവലോകന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവേ പുതുച്ചേരി മുഖ്യമന്ത്രി നടേശൻ കൃഷ്ണസാമി രംഗസാമി പറഞ്ഞു.
ഉത്തർപ്രദേശിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ വിദേശത്ത് നിന്ന് എത്തുന്ന എല്ലാ യാത്രക്കാർക്കും ഉത്തർപ്രദേശ് സർക്കാർ കൊവിഡ് പരിശോധന നിർബന്ധമാക്കി. വൈറസ് ബാധ സ്ഥിരീകരിച്ച സാമ്പിളുകളിൽ ജീനോം സീക്വൻസിങ് നടത്താനും ഉത്തർപ്രദേശ് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
രാജ്യത്ത് എച്ച് 3 എൻ 2 ഇൻഫ്ലുവൻസ കേസുകൾ ഉയരുന്നതിനിടയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുതിയ കോവിഡ് കേസുകളിലും ഡൽഹിയിൽ വർധനവുണ്ടായി. ഡൽഹിയിലെ ആശുപത്രികൾ, ക്ലിനിക്കുകൾ, ഡിസ്പെൻസറികൾ എന്നിവിടങ്ങളിൽ കോവിഡ് പരിശോധന വർധിപ്പിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ ശനിയാഴ്ച 535 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. 23.05 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.
മഹാരാഷ്ട്രയിൽ ശനിയാഴ്ച 542 പുതിയ കോവിഡ് കേസുകളും കോവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് രോഗമുക്തി നിരക്ക് 98.12 ശതമാനവും മരണനിരക്ക് 1.82 ശതമാനവുമാണ്. കോവിഡ് വ്യാപനം പ്രതിരോധിക്കാൻ സുരക്ഷാ മാർഗങ്ങൾ കൃത്യമായി പിന്തുടരണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.
കൊവിഡ് കേസുകൾ വർധിക്കുന്നതിനിടയിൽ ജില്ലാ ടാസ്‌ക് ഫോഴ്‌സിന്റെ യോഗത്തിലേക്ക് പ്രതിനിധികളെ അയയ്ക്കാത്ത 17 ആശുപത്രികൾക്ക് ഗുരുഗ്രാം ഡെപ്യൂട്ടി കമ്മീഷണർ നിശാന്ത് കുമാർ യാദവ് ഷോകോസ് നോട്ടീസ് അയച്ചു. കോവിഡ്, ഇൻഫ്ലുവൻസ കേസുകളുടെ വർധനവ്, മോക്ക് ഡ്രില്ലുകളുടെ നടത്തിപ്പ്, മീസിൽസ്, റുബെല്ല നിർമാർജനം, ഡെങ്കിപ്പനി, മലമ്പനി എന്നിവയെക്കുറിച്ച് യോഗത്തിൽ ചർച്ചകൾ നടന്നു.
ആന്ധ്രാപ്രദേശിൽ കോവിഡ് കേസുകളിൽ നേരിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ 15,096 പേരെ പരിശോധിച്ചതിൽ 267 പേർക്ക് മാത്രമാണ് രോഗലക്ഷണങ്ങൾ ഉള്ളതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിദദല രജനി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഇൻഫ്ലുവൻസ എ സബ്-ടൈപ്പ് എച്ച് 3 എൻ 2 കാരണമാണ് ഇൻഫ്ലുവൻസ കേസുകളുടെ എണ്ണം വളരെ വേഗത്തിൽ വർധിക്കുന്നതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പറഞ്ഞു. എച്ച് 3 എൻ 2 വൈറസ് മറ്റ് ഉപവിഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽ ആശുപത്രിവാസത്തിലേക്ക് നയിക്കുന്നു. മൂക്കൊലിപ്പ്, വിട്ടുമാറാത്ത ചുമ, പനി എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് കോവിഡ്, ഇൻഫ്ലുവൻസ കേസുകളുടെ വർധനവ് റിപ്പോർട്ട് ചെയ്തതിനാൽ ഏപ്രിൽ 10, 11 തിയതികളിൽ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും രാജ്യവ്യാപകമായി കോവിഡ് മോക്ക് ഡ്രിൽ നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പും ജീവനക്കാരും ലഭ്യമായ വിഭവങ്ങളും ആശുപത്രി പ്രോട്ടോക്കോളുകളും അനുസരിച്ച് ഒരു അടിയന്തര സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് പരിശോധിക്കുന്നതിനായി നടത്തുന്ന ഒരു ട്രയൽ റൺ ആണ് കോവിഡ് മോക്ക് ഡ്രിൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...