ചെന്നൈ: വെല്ലൂർ മെഡിക്കൽ കോളേജിൽ എംബിബിഎസിന് സീറ്റ് ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് രക്ഷിതാക്കളിൽ നിന്ന് കോടികൾ തട്ടിയ കേസിലെ പ്രതി പിടിയിൽ. തമിഴ്നാട്ടിലെ പ്രമുഖ കേളേജിൽ സ്റ്റാഫ് ക്വാട്ടയിൽ എംബിബിഎസിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് വിശ്വസിപ്പിച്ചാണ് വൈദികനെന്ന് പരിചയപ്പെടുത്തിയ പത്തനംതിട്ട സ്വദേശിയായ ജേക്കബ് തോമസ് കേരളത്തിലും സംസ്ഥാനത്തിന് പുറത്തുമുള്ള രക്ഷിതാക്കളിൽ നിന്ന് പണം തട്ടിയത്.
ചെന്നൈ അന്തർദേശീയ വിമാനത്താവളം വഴി മലേഷ്യയിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് ഇയാളെ തൃശൂരിൽ നിന്നുള്ള പോലീസ് സംഘം പിടികൂടിയത്. ജേക്കബ് തോമസിനെതിരെ തൃശൂർ വെസ്റ്റ്, കൊരട്ടി, അങ്കമാലി, പാലാ, പന്തളം, അടൂർ എന്നീ സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ നാഗ്പൂരിലും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. ബീഹാർ, ഹരിയാന, തമിഴ്നാട് തുടങ്ങി പല സംസ്ഥാനങ്ങളിലായി ഇയാൾ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു.
വർഷങ്ങളായി ഇയാൾ കേരളത്തിന് പുറത്താണ് താമസിക്കുന്നത്. കന്യാകുമാരിയിലെ തക്കലയിൽ താമസിച്ചിരുന്ന സമയത്താണ് ഇയാൾ കേരളത്തിലുള്ള രക്ഷിതാക്കളെ തട്ടിപ്പിനിരയാക്കിയത്. സുവിശേഷ പ്രവർത്തകനായി പ്രവർത്തിക്കുന്ന ഇയാൾ ആഢംബര കാറുകളിലാണ് സഞ്ചരിച്ചിരുന്നത്. വെല്ലൂരിലെ സിഎംസി മെഡിക്കൽ കോളേജുമായും ആംഗ്ലിക്കൻ ബിഷപ്പുമായും അടുത്ത ബന്ധമുള്ള ആളാണെന്നാണ് ജേക്കബ് തോമസ് വിദ്യാർഥികളുടെ രക്ഷിതാക്കളെ വിശ്വസിപ്പിച്ചത്.
തട്ടിപ്പിന് ഇരയായവരിൽ പലരും 60 മുതൽ 80 ലക്ഷം വരെ നഷ്ടപ്പെട്ടവരാണ്. സംഭവത്തിൽ ബിഷപ്പാണെന്ന് പരിചയപ്പെടുത്തിയ പാസ്റ്റർ പോൾ ഗ്ലാഡ്സനെയും പാസ്റ്റർമാരായ വിജയകുമാർ, അനുസാമുവൽ എന്നിവരേയും ജേക്കബ് തോമസിന്റെ മകൻ റെയ്നാർഡിനേയും തൃശൂർ വെസ്റ്റ് പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പിന് ശേഷം പല സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന ജേക്കബ് തോമസിനെ പിടികൂടാൻ ജില്ലാ പോലീസ് മേധാവി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ALSO READ: രാശിപരിവർത്തന യോഗത്താൽ ഈ മൂന്ന് രാശിക്കാർക്ക് അനുഗ്രഹപ്പെരുമഴ
തൃശൂർ വെസ്റ്റ് പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ ജേക്കബ് തോമസിന് തൃശൂർ സിജെഎം കോടതിയുടെ അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നു. മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ ലാൽ കുമാർ, സബ് ഇൻസ്പെക്ടർ സുജിത്, സീനിയർ സിവിൽ പോലീസ് ഓഫീസർ ടോണി വർഗീസ്, സിവിൽ പോലീസ് ഓഫീസർ റൂബിൻ ആന്റണി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.