അണ്ണാ ഡിഎംകെ രാജ്യസഭ എംപി ശശികല പുഷ്പയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇന്നലെ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് ഡിഎംകെ എംപി തൃച്ചി ശിവയെ മുഖത്ത് അടിച്ച സംഭവത്തിലാണ് നടപടി. പാര്‍ട്ടിയെയും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെയും വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു താന്‍ ശിവയെ മര്‍ദിച്ചതെന്ന് നേരത്തെ ശശികല അറിയിച്ചിരുന്നു. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും താന്‍ എം.പി സ്ഥാനം രാജിവെക്കില്ലന്നെും ശശികല പുഷ്പ രാജ്യസഭയില്‍ പറഞ്ഞു
ശശികല പുഷ്പയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായതിന് പിന്നാലെയായിരുന്നു രാജ്യസഭയിൽ എം.പിയുടെ അഭ്യർഥന. ജയലളിത ട്വിറ്ററിലൂടെയാണ് പുറത്താക്കിയ കാര്യം അറിയിച്ചത്. സംഭവം പാര്‍ട്ടിക്ക് അപമാനമുണ്ടാക്കിയതുകൊണ്ടാണ് ശശികലക്കെതിരെ നടപടിയെടുത്തതെന്ന് ജയലളിതയുടെ ട്വിറ്ററിലെ കുറിപ്പില്‍ പറയുന്നു.
അതേസമയം, തന്‍റെ ജീവന് ഭീക്ഷിയുണ്ടെന്നും സംരക്ഷണം ആവശ്യമാണെന്നും സർക്കാരിന് തന്നെ രക്ഷിക്കാൻ സാധിക്കുമോയെന്നും എംപി ശശികല വിതുമ്പിക്കൊണ്ട് സ്പീക്കറോട് ചോദിച്ചു.താൻ തമിഴ്നാട്ടിൽ സുരക്ഷിതയല്ലെന്നും എം.പി വ്യക്തമാക്കി. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചെയർമാനു കത്തെഴുതാൻ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു നിർദേശിച്ചു. ശശികലയുടെ ആവശ്യം പരിഗണിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ കുര്യൻ ഉറപ്പ് നൽകി.