New Delhi: രാജ്യത്ത് സ്‌കൂളുകൾ തുറന്നവരെ BJP ജയിലില്‍ അടയ്ക്കുകയാണ് എന്ന് ഡല്‍ഹി മുന്‍ ഉപ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മനീഷ് സിസോദിയ. ഡല്‍ഹി മദ്യ നയ അഴിമതി കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുകയാണ് സിസോദിയ.
ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ, വ്യക്തമായ തെളിവുകളില്ലാതെ മദ്യനയക്കേസിൽ അറസ്റ്റുചെയ്ത് പ്രതിക്കൂട്ടിലാക്കിയതിന് കേന്ദ്ര ഭരണകക്ഷിയായ ബിജെപിയെ കടന്നാക്രമിയ്ക്കുകയാണ് ആം ആദ്മി പാര്‍ട്ടി.
അതിനിടെ ജയിലില്‍നിന്നും BJPയെ കടന്നാക്രമിക്കാനുള്ള ഒരു അവസരവും സിസോദിയ വിട്ടുകളയുന്നില്ല. "രാജ്യത്ത് സ്‌കൂളുകൾ തുറക്കുമ്പോൾ ജയിലുകൾ അടയുമെന്ന് കേട്ടിരുന്നു, എന്നാൽ ഇവിടെ രാജ്യത്ത് സ്‌കൂളുകൾ തുറന്നവരെയാണ് ജയിലിൽ പിടിച്ചിടുന്നത്... " സിസോദിയയുടെ ട്വിറ്റർ ഹാൻഡിലൂടെ അദ്ദേഹം പ്രതികരിച്ചു. അദ്ദേഹത്തിന്‍റെ ടീം ആണ് ഇപ്പോള്‍ ഈ ട്വിറ്റർ ഹാൻഡില്‍ കൈകാര്യം ചെയ്യുന്നത്.
ഇതിനിടെ, തീഹാർ സെൻട്രൽ ജയിലിൽ കഴിയുന്ന സിസോദിയയുടെ സുരക്ഷയെച്ചൊല്ലി ബിജെപിയും എഎപിയും തമ്മിൽ വാക്പോരുണ്ടായി. തിഹാർ ജയിലിൽ കഴിയുന്ന സിസോദിയയുടെ ജീവന് കടുത്ത ഭീഷണിയുണ്ടെന്ന് AAP ആരോപിച്ചു. തിഹാർ ജയിലിനുള്ളിൽ സിസോദിയയുടെ ജീവന് ഭീഷണിയുണ്ടെന്ന് ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ്, എംഎൽഎ സൗരഭ് ഭരദ്വാജ് എന്നിവർ ആരോപിച്ചിരുന്നു.
മനീഷ് സിസോദിയയെ ജയിലിൽ മറ്റ് തടവുകാർക്കൊപ്പമാണ് പാർപ്പിച്ചിരിക്കുന്നതെന്നും വിപാസന സെൽ നിരസിച്ചെന്നും ആം ആദ്മി പാര്‍ട്ടി നേതാക്കൾ ആരോപിച്ചു. 'മനീഷ് സിസോദിയയെ ജയിലിലെ വിപാസന സെല്ലിൽ പാർപ്പിക്കണമെന്ന് അഭ്യർത്ഥന ഉണ്ടായിരുന്നു, അത് കോടതി അംഗീകരിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, കോടതിയുടെ അനുമതി ഉണ്ടായിരുന്നിട്ടും, സിസോദിയയെ ജയിൽ നമ്പർ 1 ൽ കുറ്റവാളികൾക്കൊപ്പമാണ് പാർപ്പിച്ചിരിക്കുന്നത്. കേന്ദ്രം ഉത്തരം നൽകണം", എഎപി എംഎൽഎ ഭരദ്വാജ് ആരോപിച്ചു.
ഡല്‍ഹി എക്സൈസ് നയ അഴിമതി കേസിൽ ആം ആദ്മി പാര്‍ട്ടിയുടെ രണ്ടാമത്തെ മുതിർന്ന നേതാവിനെ മാർച്ച് 20 വരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിയ്ക്കുകയാണ്. അതേസമയം, ഇഡി സംഘം തിഹാർ ജയിലിൽ എത്തി മനീഷ് സിസോദിയയെ വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യും. ഡൽഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ചൊവ്വാഴ്ച 6 മണിക്കൂറോളം ED ചോദ്യം ചെയ്തിരുന്നു.
ഡല്‍ഹി എക്സൈസ് നയ അഴിമതിക്കേസിലാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. മുതിർന്ന എഎപി നേതാവിന് ഭഗവദ് ഗീതയും കണ്ണടയും മരുന്നുകളും ജയിലിലേക്ക് കൊണ്ടുപോകാൻ കോടതി അനുമതി നൽകിയിരുന്നു, വിപാസന ധ്യാനം ചെയ്യാൻ അനുവദിക്കണമെന്ന അദ്ദേഹത്തിന്‍റെ അപേക്ഷ പരിഗണിക്കാൻ തിഹാർ അധികാരികളോട് കോടതി നിർദ്ദേശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...