'നല്ല ഭക്ഷണം നാടിന്റെ അവകാശം' ; ഓണക്കാലത്ത് 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; 2977 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടത്തി

വൃത്തിഹീനമായും ലൈസന്‍സ് ഇല്ലാതെയും പ്രവര്‍ത്തിച്ച 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

Written by - Zee Malayalam News Desk | Last Updated : Sep 14, 2022, 03:31 PM IST
  • എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപികരിച്ച് ഒരാഴ്ച നീണ്ടുനിന്ന പരിശോധന
  • 2977 സ്ഥാപനങ്ങള്‍ പരിശോധിച്ചു
  • 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു
'നല്ല ഭക്ഷണം നാടിന്റെ അവകാശം' ; ഓണക്കാലത്ത് 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; 2977 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടത്തി

'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷാവകുപ്പ് വ്യപകമായ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപികരിച്ച് ഒരാഴ്ച നീണ്ടുനിന്ന പരിശോധനയില്‍ 2977 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 418 സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കാന്‍ നോട്ടിസ് നല്‍കി. 246 സ്ഥാപനങ്ങള്‍ക്ക് ഫൈന്‍ ചുമത്തി നോട്ടീസ് നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

വൃത്തിഹീനമായും ലൈസന്‍സ് ഇല്ലാതെയും പ്രവര്‍ത്തിച്ച 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 108 പായ്ക്കറ്റ് കേടായ പാല്‍, 12 കിലോ ഇറച്ചി, 20 കിലോ മത്സ്യം, 64 കിലോ കേടായ പഴങ്ങളും മറ്റ് ഭക്ഷ്യ വസ്തുക്കളും പിടിച്ചെടുത്ത് നശിപ്പിച്ചു. പാലിന്റെ 120 സാമ്പിളുകള്‍, നെയ്യ്, പയര്‍, പരിപ്പ്, ശര്‍ക്കര, വെളിച്ചെണ്ണ, ചിപ്‌സ്, പലഹാരങ്ങള്‍ തുടങ്ങിയവയുടെ 1119 സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ച് ലാബില്‍ അയച്ചു. റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്.

ഓണം സാംസ്‌കാരിക ഘോഷയാത്രയില്‍ പങ്കെടുത്ത ഭക്ഷ്യസുരക്ഷാ വകുപ്പ്, ഔഷധി എന്നിവയുടെ ഫ്‌ളോട്ടുകള്‍ക്ക് പുരസ്‌കാരം ലഭിച്ചു. സര്‍ക്കാര്‍ വകുപ്പുകളുടെ വിഭാഗത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഫ്‌ളോട്ടിന് രണ്ടാം സ്ഥാനവും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ ഔഷധിയുടെ ഫ്‌ളോട്ടിന് ഒന്നാം സ്ഥാനവുമാണ് ലഭിച്ചത്. നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന പേരിലുള്ള കാമ്പയിനെ അടിസ്ഥാനമാക്കിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഫ്‌ളോട്ട് രൂപകല്‍പന ചെയ്തത്. 

കുട്ടികളിലും മുതിര്‍ന്നവരിലും വര്‍ത്തമാനകാലത്ത് കണ്ടുവരുന്ന ജംഗ് ഫുഡിനോടുള്ള അമിതമായ താല്പര്യം കുറയ്ക്കുന്നതിനും അതേ സമയം ജൈവികമായ പഴങ്ങളും പച്ചക്കറികളുടേയും ഉപയോഗം കൂട്ടകയും ചെയ്യുക എന്നുള്ള സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യം ആണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഫ്‌ളോട്ടിലൂടെ മുന്നോട്ടു വച്ചത്. ജംഗ് ഫുഡില്‍ അധികമായി അടങ്ങിയിരിക്കുന്ന കൊഴുപ്പ്, ഉപ്പ്, പ്രിസര്‍വേറ്റീവ് എന്നിവ രക്തസമ്മര്‍ദം പ്രമേഹം കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിത ശൈലി രോഗങ്ങള്‍ക്ക് കാരണമായേക്കാം. 

കൂടാതെ ശരിയായ ആരോഗ്യത്തിനു നമ്മള്‍ ഭക്ഷണത്തില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ആര്‍ദ്രം കാലഭേദമില്ലാത്ത സേവന മാതൃക എന്ന വിഷയം അടിസ്ഥാനമാക്കിയാണ് ഔഷധി ഫ്‌ളോട്ട് രൂപകല്‍പന ചെയ്തത്. ഔഷധ ചികിത്സ രീതികളും ഔഷധമരുന്നു തയ്യാറാക്കലും ഉള്‍പ്പെടുത്തി. ഔഷധിയുടെ ഉത്പന്നങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള 'ഔഷധി മാന്‍' ഇന്‍സ്റ്റലേഷനും ഉണ്ടായിരുന്നു.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

Trending News