ഇടുക്കി: മറയൂര്‍ ചന്ദന ലേലത്തില്‍ 37 കോടി 22 ലക്ഷം രൂപയുടെ വിൽപന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒമ്പത് സ്ഥാപനങ്ങള്‍ ലേലത്തില്‍ പങ്കെടുത്തു. കര്‍ണാടക സോപ്‌സാണ് ഏറ്റവും അധികം ചന്ദനം വാങ്ങിയത്. 25.99 ടണ്‍ ചന്ദനമാണ് കർണാടക സോപ്സ് വാങ്ങിയത്. ഈ വര്‍ഷത്തെ രണ്ടാമത്തെ മറയൂര്‍ ചന്ദന ലേലം രണ്ട് ദിവസങ്ങളിലായി നാല് ഘട്ടമായാണ് നടത്തിയത്.
15 ക്ലാസുകളിലായി 169 ലോട്ടുകളില്‍ 68.632 ടണ്‍ ചന്ദനം ഇത്തവണ ലേലത്തില്‍ വെച്ചു. ഇതില്‍ 30467.25 കിലോഗ്രാം ചന്ദനം വിറ്റു. ആദ്യ ദിവസം 28.96 കോടി രൂപയുടേയും രണ്ടാം ദിനം 8.26 കോടി രൂപയുടേയും വില്‍പനയാണ് നടന്നത്. മാര്‍ച്ചില്‍ നടന്ന ആദ്യ ഘട്ട ലേലത്തില്‍ 31 കോടി രൂപയുടെ ചന്ദനം വിറ്റുപോയിരുന്നു.
ഇത്തവണ ഓണ്‍ലൈന്‍ ലേലത്തില്‍ കര്‍ണാടക സോപ്‌സ്, ഔഷധി, ജയ്പൂര്‍ സിഎംടി ആര്‍ട്‌സ് ഇന്ത്യാ ലിമിറ്റഡ്, ജയ്പൂര്‍ ക്ലൗഡ്, കെഫ്ഡിസി, കൊച്ചിന്‍ ദേവസ്വം, തിരുനാവായ് ക്ഷേത്രം, കളരിക്കല്‍ ഭഗവതി ദേവസ്വം, വൈക്കം നെടുംപറമ്പില്‍ ശ്രീ ദുര്‍ഗാദേവി ക്ഷേത്രം ദേവസ്വം എന്നീ സ്ഥാപനങ്ങള്‍ പങ്കെടുത്തു. കര്‍ണാടക സോപ്‌സ് 27 കോടി രൂപയ്ക്ക് 25.99 ടണ്‍ ചന്ദനം വാങ്ങി.
ALSO READ: ഓപ്പറേഷൻ ജാഗറി; വ്യാജ മറയൂർ ശർക്കര കണ്ടെത്താൻ പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്
ക്ലാസ് ആറില്‍ പെടുന്ന ബഗ്രദാദ് ചന്ദനവും ക്ലാസ് പത്തില്‍ പെടുന്ന ജെയ്‌പൊഗല്‍ ചന്ദനവും എട്ട് ടണിലധികം വീതം ലേലത്തില്‍ എത്തിച്ചു. ഗാട്ട് ബഡ്‌ല വിഭാഗം 4.4 ടണിലധികവും പഞ്ചം മൂന്ന് ടണിലധികവും ചന്ദന വേരുകള്‍ 3.6 ടണിലധികവും ലേലത്തില്‍ വെച്ചിരുന്നു. ചൈന ബുദ്ധ 500 കിലോയും ഗോഡ്‌ല 258 കിലോയുമാണ് ഉണ്ടായിരുന്നത്. 15711 രൂപ ശരാശരി വില ലഭിച്ച ഗോഡ്‌ല ഇനത്തിനാണ് ഉയര്‍ന്ന വില ലഭിച്ചത്.
വെള്ള ചന്ദന തടികള്‍ 15 ടണും ചിപ്‌സ് 17.5 ടണ്ണും മിക്‌സ്ഡ് ചിപ്‌സ് 6.3 ടണിലധികവും ലേലത്തിന് എത്തിച്ചു. ചന്ദനം ചെത്തുമ്പോള്‍ ലഭിയ്ക്കുന്ന വെളുത്ത ഭാഗമായ വെള്ള ചന്ദനത്തിന് 225 രൂപയാണ് കുറഞ്ഞ വില ലഭിച്ചത്. ചെറിയ സ്ഥാപനങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കുമായി ചെറിയ അളവുകളിലെ ലോട്ടുകള്‍ ഉള്‍പ്പെടുത്തിയാണ് ഇത്തവണ ലേലം ഒരുക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...