ആലപ്പുഴ: ആലപ്പുഴ ജില്ലാ ആശുപത്രിയിൽ പാകിസ്ഥാൻ സ്വദേശി ചികിത്സ തേടിയെന്ന പ്രചാരണത്തിന് പിന്നാലെ പോലീസ് പരിശോധന. കഴിഞ്ഞ ദിവസം രാത്രി തലയ്ക്ക് മുറിവേറ്റ് പാകിസ്ഥാൻ സ്വദേശി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി എന്ന തരത്തിൽ വാട്സ് ആപ്പ് സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സത്യാവസ്ഥ തേടി പോലീസ് എത്തിയത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ ജില്ലാ ആശുപത്രിയിൽ എത്തിയത് പാകിസ്ഥാൻ സ്വദേശിയല്ലെന്ന് കണ്ടെത്തി. ബിഹാർ സ്വദേശിയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ബിഹാർ സ്വദേശിയായ ധനഞ്ജയ് എന്നയാളെ കല്ലുമലയിൽ നിന്ന് കണ്ടെത്തി. ജോലി സ്ഥലത്ത് വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് ഇയാൾ ആലപ്പുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്.
ALSO READ: വ്യാജ പോക്സോ പരാതി നൽകണമെന്നാവശ്യപ്പെട്ട് ഗുണ്ടാ സംഘം പതിനേഴുകാരനെ ക്രൂരമായി മർദ്ദിച്ചതായി പരാതി
പാകിസ്ഥാൻ സ്വദേശി ജില്ലാ ആശുപത്രിയിൽ എത്തിയെന്ന പ്രചാരണം ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവത്തിൽ പോലീസ് ഇടപെട്ടത്. വൈകാതെ തന്നെ ആശുപത്രിയിൽ എത്തിയ പോലീസ് അധികൃതരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിഹാർ സ്വദേശിയായ ധനഞ്ജയ് എന്നയാളാണ് തലയ്ക്ക് മുറിവുമായി ചികിത്സ തേടിയതെന്ന് കണ്ടെത്തിയത്.
ബിഹാർ സ്വദേശിയെ പരിശോധിച്ച ഡോക്ടർ മുറിവ് തുന്നിക്കെട്ടുകയും ഡ്രിപ് ഇട്ട് 24 മണിക്കൂർ നിരീക്ഷണത്തിൽ ആശുപത്രിയിൽ കഴിയണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഡ്രിപ്പിട്ട ശേഷം രോഗിയെ കൊണ്ടു വന്ന കരാറുകാരൻ ആശുപത്രിയിൽ നിന്ന് മടങ്ങി. ഇതോടെ, ധനഞ്ജയ് ആശുപത്രി അധികൃതരുടെ അനുമതിയില്ലാതെ താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു.
രാവിലെ ഡ്രിപ് സൂചിയും മറ്റും ഊരിമാറ്റുന്നതിനായി ധനഞ്ജയ് ആശുപത്രിയിലെത്തിയിരുന്നു. ആശുപത്രി അധികൃതരുടെ അനുമതിയില്ലാതെ വീട്ടിലേയ്ക്ക് മടങ്ങിപ്പോയതിന് ഇയാളെ ഡോക്ടർ ശകാരിച്ചിരുന്നു. ഇത് കേട്ടുനിന്ന ആരോ ഇയാൾ പാകിസ്ഥാൻ സ്വദേശിയാണെന്ന തരത്തിൽ വാട്സ് ആപ്പിലൂടെ വാർത്ത പ്രചരിപ്പിക്കുകയായിരുന്നു. വിവരം ലഭിച്ചതോടെ പോലീസ് സ്ഥലത്തെത്തി ഇയാളുടെ പേരും വിലാസവുമെല്ലാം ശേഖരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാർത്ത വ്യാജമാണെന്നും ചികിത്സ തേടിയത് ബിഹാർ സ്വദേശിയാണെന്നും കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...