തൃശൂർ: നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം ഇന്ന്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ രാവിലെ പത്ത് മണിയോടെ സംസ്കാര ചടങ്ങുകൾ നടക്കും. കുടുംബ കല്ലറയിലാകും മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് അന്ത്യ വിശ്രമം കൊള്ളുന്നത്. ഞായറാഴ്ച രാത്രി പത്തരയ്ക്കായിരുന്നു കേരളക്കരയെ ഞെട്ടിച്ചുകൊണ്ട് ഇന്നസെന്റിന്റെ മരണം സ്ഥിരീകരിച്ചത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം സംഭവിച്ചത്. കൊവിഡിനെ തുടര്‍ന്നുള്ള ശ്വസകോശ സംബന്ധമായ അസുഖങ്ങളും അതിനെ തുടർന്ന് പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്. ഇന്നലെ കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചയോടെ ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗൺ ഹാളിലും ഇന്നസെന്റിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചിരുന്നു. ആയിരക്കണക്കിന് ആരാധകരാണ് ഇന്നച്ചന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.
ശേഷം വൈകുന്നേരത്തോടെ നടന്റെ മൃതദേഹം ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് കൊണ്ടുവന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ആര് ബിന്ദു, എം ബി രാജേഷ്, കെ രാധാകൃഷ്ണന്, അഭിനേതാക്കളായ മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദുൽഖർ, കുഞ്ചാക്കോ ബോബൻ, സായ് കുമാർ, ബിന്ദു പണിക്കർ, കുഞ്ചൻ, ജനാർദ്ദനൻ, തെസ്നി ഖാൻ, സംവിധായകരായ ഫാസിൽ, സത്യൻ അന്തിക്കാട്, കമൽ, സിബി മലയിൽ തുടങ്ങി രാഷ്ട്രീയ സിനിമാ സാംസ്കാരിക രംഗത്തെ നിരവധിപ്പേർ തങ്ങളുടെ പ്രിയ നടനെ കാണാനെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്നസെന്റിന്റെ നിര്യാണത്തിൽ സോഷ്യൽ മീഡിയയിലൂടെ അനുശോചനം അറിയിക്കുകയും ചെയ്തു. മലയാളത്തിന്റെ ഹാസ്യസാമ്രാട്ടിന്റെ വിയോഗം കേരളക്കരയെ അക്ഷരാർത്ഥത്തിൽ പിടിച്ചുകുലുക്കിയിരിക്കുകയാണ് എന്നുവേണം പറയാൻ. കലാകേരളം പ്രിയപ്പെട്ട ഇന്നസെന്റിന് ഇന്ന് യാത്രാമൊഴി നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...