നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ധിഖിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ കത്തിനെക്കുറിച്ചായിരുന്നു പ്രധാനമായും ചോദ്യങ്ങളെന്നാണ് റിപ്പോർട്ട്. തുടരന്വേഷണത്തിന്റെ ഭാഗമായി പള്‍സര്‍ സുനി ദിലീപിന് കൊടുക്കാനായി ജയിലില്‍ നിന്നും എഴുതിയ രണ്ടാമത്തെ കത്ത് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു.
ഈ കത്തില്‍ ദിലീപിനെ ഫോണ്‍ വിളിച്ച വിവരങ്ങള്‍, കേസുമായി ബന്ധപ്പെട്ട് സിദ്ധിഖിനെ ബന്ധപ്പെടേണ്ട കാര്യങ്ങള്‍ തുടങ്ങിയവ സൂചിപ്പിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിദ്ധിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. തന്റെ അടുത്ത സുഹൃത്ത് ദിലീപിന് ഒരു അബദ്ധം പറ്റിയതായും, എന്നുവെച്ച് അദ്ദേഹത്തെ തള്ളി കളയാന്‍ പറ്റില്ലെന്നും കൂടെ നില്‍ക്കുമെന്നും സിദ്ധിഖ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞിരുന്നു.
ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ സിദ്ധിഖിന്റെ ഈ പ്രസ്താവന സംബന്ധിച്ചും അന്വേഷണസംഘം ചോദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, ദിലീപിന്റെ സുഹൃത്തും ആലുവയിലെ ആശുപത്രി ഉടമയുമായ ഡോ. ഹൈദരാലിയെയും അന്വേഷണം സംഘം ചോദ്യം ചെയ്തു. പ്രോസിക്യൂഷന്‍ സാക്ഷിയായ ഡോ. ഹൈദരാലി വിചാരണ ഘട്ടത്തില്‍ മൊഴിമാറ്റിയിരുന്നു. അദ്ദേഹത്തിന്റെ മൊഴി മാറ്റാന്‍ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് ഇടപെടുന്നതിന്റെ ഓഡിയോ സംഭാഷണം പുറത്തുവന്നിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ ജയിലിൽ നിന്ന് പൾസർ സുനി ദിലീപിന് അയച്ച കത്തിന്‍റെ ഒറിജിനൽ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. സഹതടവുകാരൻ കുന്ദംകുളം സ്വദേശി ജിംസിന്‍റെ വീട്ടിൽ നിന്നാണ് കത്ത് കിട്ടിയത്. കത്തിന്‍റെ ആധികാരികത ഉറപ്പാക്കാൻ പൾസർ സുനിയുടെ കൈയ്യക്ഷരത്തിന്‍റ സാമ്പിളും പോലീസ് ശേഖരിച്ചിരുന്നതാണ്. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയ്ക്ക് പിന്നിൽ ദിലീപാണെന്ന് ആരോപിക്കുന്നതാണ് കത്തിന്‍റെ ഉള്ളടക്കം.
ഇതിൽ സിദ്ദിഖിന്‍റെ പങ്കിനെക്കുറിച്ച് പറയുന്ന പേജാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നേരത്തേ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ ആരോപണങ്ങൾക്ക് പിന്നാലെ സുനിയുടെ അമ്മ കത്തിന്‍റെ പകർപ്പിന്‍റെ പൂർണരൂപവും പുറത്തു വന്നിരുന്നു. 2018 മെയ് 7 നായിരുന്നു സുനി കത്ത് എഴുതിയത്. എന്നാൽ കത്ത് ദിലീപിന് കൈമാറാൻ കഴിഞ്ഞിരുന്നില്ല എന്നാണ് അവകാശവാദം. ദിലീപിന്‍റെ അഭിഭാഷകൻ ജിംസിൽ നിന്ന് കത്ത് വാങ്ങുകയും ദിവസങ്ങൾ കഴിഞ്ഞു തിരിച്ചു നൽകുകയും ചെയ്തുവെന്നും ആരോപണമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...