കണ്ണൂർ: കൊച്ചി മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി. കണ്ണൂരിൽ നിന്നും 67 നോട്ടിക്കൽ മെയിൽ അകലെയാണ് അപകടം നടന്നത്. ബോട്ട് മുങ്ങി കടലിൽ അകപ്പെട്ട 13 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. എട്ട് തമിഴ്നാട് സ്വദേശികളും അഞ്ച് അസം സ്വദേശികളുമാണ് ബോട്ടിലുണ്ടായിരുന്നത്.
മത്സ്യ തൊഴിലാളികളെ പുലർച്ചെയോടെ അഴീക്കൽ ഹാർബറിൽ എത്തിച്ചു. ഷൈജ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിന്റെ എഞ്ചിൻ കേടായിരുന്നെങ്കിലും അഴീക്കൽ തുറമുഖത്ത് വച്ച് പ്രശ്നം പരിഹരിച്ചിരുന്നു. തുടർന്ന് യാത്ര തുടരുകയായിരുന്നു. എന്നാൽ, ശനിയാഴ്ച പുലർച്ചെ മുതൽ ബോട്ടിൽ വെള്ളം കയറാൻ തുടങ്ങി.
വൈകുന്നേരത്തോടെ ബോട്ട് പൂർണമായും മുങ്ങി. മുങ്ങിയ ബോട്ടിനെ കുറിച്ചുള്ള വിവരങ്ങൾ ഹാം റേഡിയോ വഴിയാണ് ലഭ്യമായത്. പിന്നീട് കോസ്റ്റൽ പോലീസെത്തി തൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു. 20 ദിവസം മുമ്പാണ് ഇവർ മത്സ്യബന്ധനത്തിനായി മുനമ്പത്ത് നിന്നും പുറപ്പെട്ടത്.
കുട്ടനാട്ടിൽ ഹൗസ് ബോട്ട് മുങ്ങി ജീവനക്കാരൻ മരിച്ചു
ആലപ്പുഴ: കുട്ടനാട്ടിൽ ഹൗസ് ബോട്ട് മുങ്ങി ജീവനക്കാരൻ മരിച്ചു. പള്ളാതുരുത്തി സ്വദേശി പ്രസന്നൻ ആണ് മരിച്ചത്. കന്നിട്ട ജെട്ടിക്ക് സമീപമാണ് അപകടമുണ്ടായത്. മുങ്ങിയ ബോട്ടിൽ നിന്ന് ലഗേജ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരന്‍ ബോട്ടില്‍ അകപ്പെട്ടത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. അതിഥികളെ ഇറക്കിയതിന് പിന്നാലെയാണ് ബോട്ട് മുങ്ങിയത്. ഇതിനകത്തുണ്ടായിരുന്ന ലഗേജും മറ്റ് സാധനങ്ങളും പുറത്തേക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രസന്നൻ ബോട്ടിനകത്ത് പെടുകയായിരുന്നു. മൂന്ന് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്. മുങ്ങിയ ബോട്ടിനകത്ത് കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...