Kochi : കേരളത്തിലെ എല്ലാ സിനിമ ലൊക്കേഷനുകളിലും ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കൂടാതെ സിനിമ സംഘടനകളിലും പരാതി പരിഹാര സെല്ലുകൾ രൂപീകരിക്കണമെന്ന് കോടതി വ്യക്തമാക്കി. വുമൺ ഇൻ സിനിമ കളക്റ്റീവ് നൽകിയ ഹർജിയിലാണ് കോടതി വിധി. 2018 ലാണ് സംഘടന ഹർജി സമർപ്പിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്.
ഹർജിയുടെ അടിസ്ഥാനത്തിൽ സംഘടനയുടെ ആവശ്യം ന്യായമാണെന്ന് വനിതാ കമ്മീഷനും അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. വിശാഖ കേസിലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. ഹർജിയിൽ വനിതാകമ്മീഷനെയും കോടതി കക്ഷി ചേർത്തിട്ടുണ്ട്.
സ്ത്രീ സുരക്ഷയ്ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് സംസ്ഥാന സർക്കാരും, വനിതാകമ്മീഷനും കോടതിയെ അറിയിച്ചിരുന്നു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ ഹേമ കമ്മീഷനെ നിയോഗിച്ചിരുന്നു. ഹേമ കമ്മീഷനും ഹർജിയിൽ സമാനമായ നിലപാട് തന്നെയാണ് സ്വീകരിച്ചത്. ഇതെല്ലാം കണക്കിലെടുത്താണ് ഹൈക്കോടതി ഹർജിയിൽ വിധി പറഞ്ഞിരിക്കുന്നത്. ഡബ്ല്യുസിസി നീണ്ട കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...