കൊച്ചി: അതിജീവിതയും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം എന്തു തുടര്‍ നടപടികളാണുണ്ടായതെന്ന് അറിയാന്‍ കേരളീയ സമൂഹത്തിന് താത്പ്പര്യമുണ്ടെന്ന് കോണ്‍ഗ്രസ് വനിത നേതാക്കള്‍.ഹര്‍ജി പിന്‍വലിപ്പിക്കാന്‍ അതിജീവിതയ്ക്ക് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജെബി മേത്തര്‍ എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ ദീപ്തി മേരി വര്‍ഗീസ് ആലിപറ്റ ജമീല, എ.ഐസി.സി അംഗം അഡ്വ.ബിന്ദു കൃഷ്ണ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം അതിജീവിതയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന നാടകമായി മാത്രം കാണേണ്ടിവരും. പിണറായി ഭരണത്തില്‍ സ്ത്രീകള്‍ നിരന്തരം പീഡിപ്പിക്കപ്പെടുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് പോലും രക്ഷയില്ല.
വനിതാമതില്‍ നിര്‍മ്മിച്ച പിണറായി സര്‍ക്കാര്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാതെ എന്തു നാവോഥാനമാണ് നടപ്പാക്കിയത്. വളയാറിലെ പെണ്‍കുട്ടികളുടെ അമ്മക്കും വണ്ടിപ്പെരിയാറിലേയും ആലുവയില്‍ ആത്മഹത്യ ചെയ്ത മോഫിയ പര്‍വീണിന്റെ കുടുംബത്തിനും ഇതുവരെ നീതി ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി അതിജീവതയോട് പറഞ്ഞത് പോലെ കൂടെയുണ്ടാകുമെന്നാണ് ഇവരോടൊല്ലാം പറഞ്ഞത്. എന്നാലതെല്ലാം പാഴ് വാക്കായെന്നും നേതാക്കൾ പറഞ്ഞു.
മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധപതിയുന്ന കേസുകളില്‍ മാത്രമാണ് ഇരകള്‍ക്ക് ചെറിയ അളവിലെങ്കിലും നീതിക്കായുള്ള ശ്രമം നടക്കുന്നത്. ശ്രദ്ധിക്കപ്പെടാതെ പോകുന്ന കേസുകളില്‍ ഇരകള്‍ക്ക് നീതി നിഷേധിക്കുന്ന സഹാചര്യമാണുള്ളതെന്ന് ബിന്ദുകൃഷ്ണ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷന്‍ ഇന്‍സ്റ്റീറ്റിയൂട്ടിലെ പൈലറ്റ് ട്രെയിനുടെ പരാതിയിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...