തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജനുവരി ആദ്യ ആഴ്ചയിൽ 45 ശതമാനവും രണ്ടാം ആഴ്ചയിൽ 148 ശതമാനവും മൂന്നാം ആഴ്ചയിൽ 215 ശതമാനവും ആയി കേസുകൾ വർധിച്ചിരുന്നു. എന്നാൽ നാലാം ആഴ്ചയിൽ 71 ശതമാനമായും ഇക്കഴിഞ്ഞ ആഴ്ചയിൽ 16 ശതമാനമായും കുറഞ്ഞു. പരിശോധന കൂടിയിട്ടും കേസുകൾ കൂടുന്നില്ല.
42.47 ശതമാനം കോവിഡ്, നോൺ കോവിഡ് രോഗികൾ മാത്രമാണ് ഐസിയുവിലുള്ളത്. 57 ശതമാനത്തോളം ഐസിയു കിടക്കകൾ ഒഴിവുണ്ട്. 15.2 ശതമാനം കോവിഡ്, നോൺകോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 84 ശതമാനം വെന്റിലേറ്ററുകൾ ഒഴിവുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഏഴ് ദിവസത്തിൽ താഴെ ഹ്രസ്വകാലത്തേക്ക് സംസ്ഥാനത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ക്വാറന്റൈൻ ആവശ്യമില്ല.
അവർ കേന്ദ്ര സർക്കാരിന്റെ പരിശോധനാ മാർഗ നിർദ്ദേശങ്ങൾ പാലിക്കണം. അവർക്ക് അവരുടെ വീട്ടിലോ ഹോട്ടലിലോ താമസിക്കാം. കർശനമായ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം. ഏഴ് ദിവസത്തിനുള്ളിൽ തിരികെ മടങ്ങുകയും വേണം. കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ ആരോഗ്യ സ്ഥാപനങ്ങളെ അറിയിക്കുകയും ചികിത്സ ലഭ്യമാക്കുകയും വേണം.
ഒമിക്രോൺ സാഹചര്യത്തിൽ ആശുപത്രികൾക്കുള്ള മാർഗനിർദേശം പുറത്തിറക്കി. ഒപിയിലോ, അത്യാഹിത വിഭാഗത്തിലോ, കിടത്തി ചികിത്സയ്‌ക്ക് വരുന്ന രോഗികൾക്ക് കോവിഡ് ലക്ഷണമുണ്ടെങ്കിൽ മാത്രം കോവിഡ് പരിശോധ നടത്തിയാൽ മതി. തുടർ ചികിത്സയ്ക്ക് കോവിഡ് പരിശോധന അനിവാര്യമാണെന്ന് ചികിത്സിക്കുന്ന ഡോക്ടർ നിർദേശിച്ചാലും പരിശോധിക്കാം. എല്ലാ ആശുപത്രികളുകളിലും കോവിഡ് രോഗലക്ഷണവുമായി വരുന്നവർക്ക് ചികിത്സിക്കാൻ പ്രത്യേക സജ്ജീകരിക്കാൻ നോക്കണം. ഒപിയിലും അത്യാഹിത വിഭാഗത്തിലും ഒരോ പ്രവേശന മാർഗം മാത്രമേ പാടുള്ളൂ. ആരോഗ്യ പ്രവർത്തകർ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം.
വിവിധ സ്‌പെഷ്യാലിറ്റിയിൽ അഡ്മിറ്റായ രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ചികിത്സിക്കാൻ ആ സ്‌പെഷ്യാലിറ്റിയുടെ കീഴിൽത്തന്നെ പ്രത്യേക വാർഡുകൾ സജ്ജീകരിച്ച് രോഗിയെ അവിടെ ചികിത്സിക്കണം. ഓരോ വിഭാഗവും, അവരുടെ രോഗികൾക്ക് കോവിഡ് ബാധിച്ചാൽ പരിചരിക്കാൻ പ്രത്യേക കിടക്കകൾ നീക്കിവയ്‌ക്കേണ്ടതാണ്. അടിയന്തര ചികിത്സ ആവശ്യമെങ്കിൽ മാത്രം കോവിഡ് ഐസിയുവിലേക്ക് മാറ്റണം. എല്ലാ ആരോഗ്യ പ്രവർത്തകരും എൻ 95 മാസ്‌ക്, ഫേസ് ഷീൽഡ്, സർജിക്കൽ ഗൗൺ എന്നിവ ധരിക്കണം. അതീവ ഗുരുതര വിഭാഗ ചികിത്സക്ക് മാത്രം പി പി ഇ കിറ്റ് ഉപയോഗിച്ചാൽ മതി.
ആശുപത്രിയിൽ സൗകര്യങ്ങളുണ്ടെങ്കിൽ ചികിത്സ നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കും. സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ള ഡയാലിസിസ് രോഗികൾക്ക് കോവിഡ് ബാധിച്ചാൽ ഡയാലിസിസ് മുടക്കരുത്. കോവിഡ് മഹാമാരി മൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്ടമായ 103 കുട്ടികൾക്ക് വനിത ശിശുവികസന വകുപ്പ് ധനസഹായം അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. 3.9 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ആകെ 143 അപേക്ഷകളാണ് ലഭിച്ചത്. മൂന്ന് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവുമാണ് അനുവദിക്കുന്നത്. കൂടാതെ ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വഹിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...