Cusat Stampede Deaths: കുസാറ്റിലെ താൽക്കാലിക വിസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ​ഗവർണ‍ർക്ക് നിവേദനം

Cusat Stampede: യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വിസി അനാസ്ഥകാട്ടിയെന്ന് ആരോപിച്ചാണ് ​ഗവർണർക്ക് നിവേദനം നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Nov 27, 2023, 01:44 PM IST
  • ഗുരുതരമായ അനാസ്ഥ കാണിച്ച താൽക്കാലിക വിസിയെ മാറ്റണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു
  • നാല് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ ടെക് ഫെസ്റ്റിന്റെ നടത്തിപ്പിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു
Cusat Stampede Deaths: കുസാറ്റിലെ താൽക്കാലിക വിസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ​ഗവർണ‍ർക്ക് നിവേദനം

കൊച്ചി: കുസാറ്റ് താൽക്കാലിക വൈസ് ചാൻസലർ ഡോ. പി.ജി ശങ്കരനെ തൽസ്ഥാനത്തുനിന്ന് അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ​ഗവർണർക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വിസി അനാസ്ഥകാട്ടിയെന്ന് ആരോപിച്ചാണ് ​ഗവർണർക്ക് നിവേദനം നൽകിയത്.

നാല് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ ടെക് ഫെസ്റ്റിന്റെ നടത്തിപ്പിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ 2015ൽ ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ സംഘടിപ്പിച്ച വാഹന റാലിക്കിടെ നിലമ്പൂർ സ്വദേശിനിയായ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി മരണപ്പെട്ടതിനെ തുടർന്നാണ് ഹൈക്കോടതി നിർദ്ദേശങ്ങൾ നൽകിയത്.

സർക്കാർ എല്ലാ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും ഉത്തരവ് കർശനമായി നടപ്പിലാക്കാൻ 2015 ൽ തന്നെ നിർദ്ദേശവും നൽകിയിരുന്നു. മുൻവർഷങ്ങളിൽ കുസാറ്റിലും ഈ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വിസി ചുമതലപ്പെടുത്തുന്ന അധ്യാപകരുടെ മേൽനോട്ടത്തിലാണ് ക്യാമ്പസ്സിൽ പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. എന്നാൽ കുസാറ്റിൽ ഇപ്പോൾ നടന്ന  ടെക് ഫെസ്റ്റിൽ അത്തരത്തിലുള്ള ഒരു മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചിരുന്നില്ല.

ALSO READ: കുസാറ്റിൽ മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു..! ചികിത്സയിലുള്ള 3 പേരുടെ നില അതീവ ​ഗുരുതരം

വിദ്യാർത്ഥികളുടെ പരിപാടികൾ കോർഡിനേറ്റ് ചെയ്യാൻ ചുമതലപ്പെട്ട യൂത്ത് ഫെൽഫയർ ഡയറക്ടർ പി.കെ.ബേബിയെ തന്നെ വിസി  അപകടത്തിന്റെ കാരണങ്ങൾ അന്വേഷിക്കുവാൻ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരിക്കുന്നത് പൊതുസമൂഹത്തെ അപഹസിക്കുന്നതിനു തുല്യമാണ്. മുൻ കാലങ്ങളിലെപോലെ സീനിയർ യൂണിവേഴ്സിറ്റി അധ്യാപകർക്ക് ഫെസ്റ്റിന്റെ മേൽനോട്ടചുമതല നൽകുന്നതിന് പകരം നടത്തിപ്പിന്റെ പൂർണ ചുമതല വിസി, വിദ്യാർഥി സംഘടനാ നേതാക്കൾക്ക് നൽകുകയായിരുന്നു.

കുസാറ്റിന്റെ മുൻ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ ആയിരുന്ന, അനധ്യാപക തസ്തികയിൽ യൂത്ത് വെൽഫയർ ഡയറക്ടറായി നിയമി ച്ചിരുന്ന പി.കെ. ബേബിയെ സർക്കാരിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം  രണ്ട് ലക്ഷം രൂപ ശമ്പളത്തിൽ അസോസിയേറ്റ് പ്രൊഫസർ ആയി നിയമിച്ചത് ഏറെ വിവാദമായിരുന്നു. അനധ്യാപക തസ്തികയിൽ നിയമിക്കപ്പെടുന്ന ഒരാൾക്ക് യുജിസി നിരക്കിൽ ശമ്പളം നൽകുന്നത് സംസ്ഥാനത്ത് ഇത് ആദ്യമായാണ്. കൊച്ചിയിൽ നിന്നുള്ള ഒരു മന്ത്രിയുടെ പിൻബലത്തിൽ ഇദ്ദേഹത്തെ ഇപ്പോൾ കുസാറ്റിന്റെ സിൻഡിക്കേറ്റ് മെമ്പറായി നിയമിച്ചിട്ടുണ്ടെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.

2015ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ചിരുന്നുവെങ്കിൽ കുസാറ്റിൽ ശനിയാഴ്ച വൈകിട്ട് ഉണ്ടായ ദുരന്തം ഒഴിവാകുമായിരുന്നു.  പരിപാടികളുടെ മേൽനോട്ടത്തിന് അധ്യാപക സാന്നിധ്യം ഉണ്ടാകണമെന്നും രക്ഷാ ചുമതലയ്ക്ക് പോലീസിന്റെയും വിരമിച്ച സൈനികരുടെയും സേവനം ഉപയോഗിക്കണമെന്നുമുള്ള വ്യവസ്ഥകൾ പാലിക്കാൻ വൈസ് ചാൻസിലർ  തയ്യാറായില്ല. ഗുരുതരമായ അനാസ്ഥ കാണിച്ച താൽക്കാലിക വിസിയെ മാറ്റണമെന്നും കുസാറ്റിൽ നടന്ന അപകടത്തെക്കുറിച്ച്  ജുഡീഷ്യൽ അന്വേഷണം നടത്താനും മരണപ്പെട്ടവരുടെ കുടുംബാം​ഗങ്ങൾക്കും അപകടത്തിൽപ്പെട്ടവർക്കും സാമ്പത്തിക സഹായം നൽകാനും സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഗവർണർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News