തിരുവനന്തപുരം: മെഡിക്കൽ പിജി ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണ സമരം തുടരുന്നു. ഡിസംബർ രണ്ടിന് സൂചന ഒപി ബഹിഷ്കരണം നടത്തിയതിന് ശേഷമാണ് മൂന്ന് മുതൽ അനിശ്ചിതകാല സമരം തുടങ്ങിയത്. ആറു മാസം വൈകിയ മെഡിക്കൽ പിജി അലോട്ട്മെൻറ് സുപ്രീം കോടതി വീണ്ടും നാല് ആഴ്ചകൂടി നീട്ടിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ സമരം ആരംഭിച്ചത്.
ഒരാഴ്ചയായി മെഡിക്കൽ പിജി വിദ്യാർത്ഥികൾ രാജ്യവ്യാപക പ്രതിഷേധത്തിലാണ്. പ്രതിഷേധത്തെ അനുകൂലിച്ചാണ് കേരളത്തിലും പണിമുടക്ക് നടക്കുന്നത്. പരീക്ഷ അടുത്തിരിക്കെ കൊവിഡിന്റെ മൂന്നാം തരംഗത്തിന് ഒമിക്രോൺ കാരണമായേക്കുമെന്ന ഭീതി നിലനിൽക്കുകയാണ്. അലോട്ട്മെന്റ് വേഗം പുനരാരംഭിക്കണം. നീറ്റ് - പിജി 2021 റാങ്ക് ജേതാക്കളെ രാജ്യത്തെ ആരോഗ്യസംവിധാനത്തിന്റെ ഭാഗമാക്കി ഉടൻ മാറ്റണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
ഡിസംബർ രണ്ട് മുതൽ അത്യാഹിത വിഭാഗങ്ങളിൽ മാത്രമേ ഇവർ ജോലിക്ക് ഹാജരാകുന്നുള്ളൂ. നീറ്റ് പി.ജി. കൗൺസിലിംഗിന്റെ തുടരെത്തുടരെയുള്ള മാറ്റിവയ്ക്കൽ മെഡിക്കൽ പി.ജി. അഡ്മിഷനായി കാത്തിരുന്ന പതിനായിരക്കണക്കിന് ഡോക്ടർമാർക്ക് വലിയ ആശങ്ക ഉണ്ടാക്കുന്നു.
2021 ജനുവരിയിൽ നടക്കേണ്ടിയിരുന്ന പിജി നീറ്റ് പരീക്ഷ കോവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്ന് സെപ്റ്റംബറിൽ നടത്തി. തുടർന്ന് അഡ്മിഷനായി കാത്തിരുന്ന അനേകം എം.ബി.ബി.എസ്. ഡോക്ടർമാരാണ് പ്രതിസന്ധിയിലായത്. 2022 ജനുവരി ആറിന് ശേഷം മാത്രമേ കൗൺസലിംഗ് പുനരാരംഭിക്കുകയുള്ളൂ എന്ന തീരുമാനം വഴി 2021-ൽ നടക്കേണ്ട മെഡിക്കൽ പി.ജി. അഡ്മിഷനുകൾ ഇല്ലാതാവുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...