തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ചടങ്ങിൽ പ്രതിപക്ഷ നേതാവിനെ വിളിക്കാതിരുന്നത് ശരിയായ നടപടിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ സർക്കാരിന് വീഴ്ചയുണ്ടായെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൊച്ചി മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അന്ന് പ്രതിപക്ഷനേതാവെന്ന നിലയിൽ തന്നെ ക്ഷണിക്കുകയും താൻ പങ്കെടുക്കുകയും ചെയ്തിരുന്നുവെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു. മുൻകാലങ്ങളിലും പ്രധാനമന്ത്രിമാർ പങ്കെടുക്കുന്ന കേരള സർക്കാരിന്റെ വികസന പരിപാടികളിൽ പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കാറുണ്ടെന്നും അതാണ് കീഴ്‌വഴക്കമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയതിൽ കോൺഗ്രസ് പ്രതിഷേധിച്ചു.
കേരള സന്ദർശനത്തിനെത്തിയ നരേന്ദ്ര മോദി തിങ്കളാഴ്ച കൊച്ചിയിൽ യുവം 2023 എന്ന പരിപാടിയിൽ പങ്കെടുത്തു. ശേഷം ചൊവ്വാഴ്ച്ച തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്തു. ഒപ്പം കൊച്ചിയിലെ വാട്ടർ മെട്രോയുടെയും ഉദ്ഘാടനം നിർവ്വഹിച്ചു. എന്നാൽ ഈ ചടങ്ങുകളിലേക്കൊന്നും തന്നെ പ്രതിപക്ഷ നേതാവ് വി.ഡി സതീഷനെ ഉൾപ്പെടുത്തിയിരുന്നില്ല. അതിന്റ പ്രതിഷേധമാണ് കൊൺഗ്രസ് അറിയിച്ചത്.
ALSO READ: അത്യാധുനിക സംവിധാനങ്ങളോടെ വന്ദേഭാരത്; വന്ദേഭാരത് ട്രെയിനിലെ നൂതന സംവിധാനങ്ങളെക്കുറിച്ച് അറിയാം
കേരളത്തിലെ പദ്ധതികളെല്ലാം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി വാട്ടർ മെട്രോയും ഡിജിറ്റൽ സയൻസ് പാർക്കുമെല്ലാം രാജ്യത്തിന് അഭിമാനമെന്നും എല്ലാ പദ്ധതികൾക്കും ആശംസകളെന്നും അദ്ധേഹം പറഞ്ഞു. പാളയം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചു നടന്ന പൊതുസമ്മേളനത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘മലയാളി സ്നേഹിതരേ’ എന്ന വിശേഷണത്തോടെയാണ് മോദി സദസിനെ അഭിസംബോധന ചെയ്തത്. കേരളം വിജ്ഞാന സമൂഹമാണ്. കേരളത്തിലെ ജനത ഏറെ പ്രത്യകതയുള്ളവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വന്ദേഭാരത് എക്സ്പ്രസ് വന്നതോടെ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് വേഗം എത്താനാകുമെന്നും വാട്ടർ മെട്രോ കൊച്ചിയിലെ ഗതാഗതസൗകര്യം കുറഞ്ഞ ചെലവിൽ സുഗമമാക്കുമെന്നും ജി20 യോഗങ്ങൾ കേരളത്തിൽ നടത്തിയത് ലോകത്തിന് മുന്നിൽ കേരളത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ മേഖലയിൽ വലിയ സംഭാവന നൽകാൻ ഡിജിറ്റൽ സയൻസ് പാർക്കിന് കഴിയും. ഇന്ത്യയിലുണ്ടാകുന്ന വികസനങ്ങൾ പ്രവാസികൾക്കും ഗുണകരമാകും. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളും വികസിക്കുന്നതിലൂടെ രാജ്യം കൂടുതൽ ഉന്നമനത്തിലെത്തും. ഇതിനായി കേന്ദ്രത്തിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. ഇന്ത്യൻ റെയിൽവേ ഇപ്പോൾ അതിന്റെ സുവർണ്ണ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.
മുൻപുള്ള സർക്കാരിന്റെ കാലത്ത് ലഭിച്ചതിനേക്കാൾ അഞ്ചിരട്ടി തുകയാണ് റെയിൽവേ ബജറ്റിലൂടെ സംസ്ഥാനത്തിന് ഇപ്പോൾ ലഭിക്കുന്നത്. കേരളത്തിലെ മൂന്നു സ്റ്റേഷനുകൾ ആധുനീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇവയൊന്നും കേവലം റെയിൽവേ സ്റ്റേഷനുകൾ മാത്രമല്ല, ട്രാന്‍സ്പോർട്ട് ഹബ്ബുകൾ കൂടിയാണെന്നും പറഞ്ഞു.
ജലമെട്രോ, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയ സംസ്ഥാന സർക്കാർ പദ്ധതികൾക്ക് തുടക്കം കുറിച്ച പ്രധാനമന്ത്രി, റെയിൽവേയുമായി ബന്ധപ്പെട്ട 1900 കോടി രൂപയുടെ വികസന പദ്ധതികളും പ്രഖ്യാപിച്ചു. ഇതിൽ 1,140 കോടി രൂപയുടെ തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, കോഴിക്കോട്, നേമം കൊച്ചുവേളി സ്റ്റേഷനുകളുടെ നവീകരണവും ഉൾപ്പെടുന്നു. തിരുവനന്തപുരം– ഷൊർണൂർ സെക്ഷനിലെ 366.83 കിലോമീറ്റർ വേഗം കൂട്ടാൻ ട്രാക്ക് നവീകരണ പദ്ധതിക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...