തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ (Gold smuggling case) ഒരു രാഷ്ട്രീയപാര്‍ട്ടി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന്റെ വെളിപ്പെടുത്തല്‍ അതീവ ഗുതുതരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സ്വാധീനിച്ചത് സിപിഎമ്മാണെന്ന് പകല്‍പോലെ വ്യക്തമാണ്. സുമിത് കുമാറിന്റെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി വെട്ടിലായിരിക്കുകയാണെന്ന് കെ സുധാകരൻ (K Sudhakaran) പറഞ്ഞു.
അധികാരത്തിന്റെ എല്ലാ ശക്തികളും ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിച്ചു എന്നാണ് വ്യക്തമാകുന്നത്. സ്വര്‍ണ്ണക്കടത്ത് കേസ് ഇപ്പോള്‍ മൃതപ്രായത്തിലെത്തിയത് ഈ ഇടപെടലോടെയാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി. ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ അന്തര്‍ധാരയുടെ മറ്റൊരു ഏടാണ് പുറത്തുവന്നത്. സുമിത് കുമാറിന്റെ വെളിപ്പെടുത്തലില്‍ വിശദമായ അന്വേഷണം നടത്തിയാല്‍ ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിന്റെ ഞെട്ടിക്കുന്ന പിന്നാമ്പുറങ്ങള്‍ പുറത്തുവരും.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് (Arrest) ചെയ്യുന്നതില്‍ സുപ്രധാന ഇടപെടലുകള്‍ നടത്തിയത് സുമിത് കുമാറാണ്. അദ്ദേഹത്തിന്റേത് സ്വഭാവിക സ്ഥലം മാറ്റം എന്നു പറയപ്പെടുമ്പോഴും ഇതിന് പിന്നില്‍ ഇതേ ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു കരുതപ്പെടുന്നു.
സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഫലിക്കാതെ വരികയും സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് അന്വേഷണം ശരിയായ ദിശയിലേക്ക് പോകുകയും ചെയ്തപ്പോഴാണ് സിപിഎമ്മും മുഖ്യമന്ത്രിയും പലഘട്ടത്തിലും അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്. കേട്ടുകേള്‍വിയില്ലാത്ത വിധം കസ്റ്റംസിനെതിരെ (Customs) ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. ഇത് എല്ലാ ജനാധിപത്യ മര്യാദകളും കാറ്റില്‍പ്പറത്തിയ അത്യപൂര്‍വ സംഭവമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...