IAS ഉദ്യോഗസ്ഥർക്ക് ക്ലാസെടുത്ത് കേരളത്തിന്‍റെ സ്വന്തം ശൈലജ ടീച്ചര്‍..!!

  വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍  വീണ്ടും ടീച്ചറായി...!! പക്ഷെ ഇത്തവണ വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തരായിരുന്നുവെന്ന് മാത്രം.. 

Last Updated : Jul 23, 2020, 08:44 PM IST
IAS ഉദ്യോഗസ്ഥർക്ക് ക്ലാസെടുത്ത്  കേരളത്തിന്‍റെ സ്വന്തം ശൈലജ ടീച്ചര്‍..!!

തിരുവനന്തപുരം:  വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍  വീണ്ടും ടീച്ചറായി...!! പക്ഷെ ഇത്തവണ വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തരായിരുന്നുവെന്ന് മാത്രം.. 

ശൈലജ ടീച്ചര്‍  ഇത്തവണ ക്ലാസെടുത്തത് IAS ഉദ്യോഗസ്ഥർക്കാണ്  എന്നതാണ് ക്ലാസിന്‍റെ  പ്രത്യേകത.  

2018 ബാച്ചിലെ IAS ഓഫീസര്‍മാരുടെ Phase-2  ട്രെയിനിംഗ് പ്രോഗ്രാമില്‍ പ്രത്യേക ക്ഷണിതാവായാണ് മന്ത്രി ക്ലാസെടുത്തത്. മസൂറിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷനാണ്  പരിപാടി സംഘടിപ്പിച്ചത്. 

IAS ലഭിച്ച് ജോലിയില്‍ പ്രവേശിച്ച 180 IAS ഓഫീസര്‍മാരായിരുന്നു  ക്ലാസില്‍ പങ്കെടുത്തത്. ഓണ്‍ ക്യാമ്പസ് ട്രെയിനിംഗ് പ്രോഗ്രാം ആയി നടത്തുന്ന പരിപാടി കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ആയാണ് ക്ലാസ് സംഘടിപ്പിച്ചത്. 

'കോവിഡ് പ്രതിരോധത്തില്‍ സമൂഹപങ്കാളിത്തം' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പവര്‍ പോയിന്റ് പ്രസന്റേഷനോടെയാണ്   ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ക്ലാസെടുത്തത്. കോവിഡ് പ്രതിരോധത്തിന്‍റെ  അനുഭവങ്ങള്‍ ഒന്നര മണിക്കൂര്‍  നീണ്ട ക്ലാസില്‍ ടീച്ചര്‍ ഭംഗിയായി അവതരിപ്പിച്ചു. 

6 മാസത്തിലേറെയായി കേരളം കൊറോണ വൈറസിനെതിരായ തുടര്‍ച്ചയായ പോരാട്ടത്തിലാണ്.  ഒന്നും രണ്ടും ഘട്ടത്തില്‍ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കേരളത്തിന് കഴിഞ്ഞു. മൂന്നാം  ഘട്ടത്തില്‍ കേസുകളുടെ എണ്ണം കൂടിയെങ്കിലും ഫലപ്രദമായി നേരിടുകയാണ് കേരളമെന്ന് മന്ത്രി വ്യക്തമാക്കി. 

കോവിഡിന്‍റെ  പ്രാദേശിക വ്യാപനം കുറയ്ക്കുന്നതിന് ശക്തമായ നടപടികളാണ് കേരളം സ്വീകരിച്ചുവരുന്നത്. ഓരോ രോഗിക്കും ഉചിതമായ സമയത്ത് വൈദ്യ സഹായം ഉറപ്പാക്കുന്നു.  അതുവഴി മരണ നിരക്ക് പരമാവധി കുറയ്ക്കാന്‍ കഴിയുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
 
കൊറോണ വൈറസിന്റെ ആക്രമണശേഷി മുന്‍കൂട്ടികണ്ടുകൊണ്ട് സമര്‍ത്ഥമായ പ്രതിരോധ തന്ത്രം തീര്‍ക്കാന്‍ കേരളത്തിന് സാധിച്ചു.  കേരളത്തിന്‍റെ  മുന്നൊരുക്കങ്ങളും വന്‍ വിപത്ത് മുന്‍കൂട്ടികണ്ടുകൊണ്ടുള്ള ആസൂത്രണവുമാണ് പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ കീഴ്ത്തട്ടു വരെ പരിശീലനങ്ങളും ബോധവത്ക്കരണവും നടത്തി ആരോഗ്യ പ്രവര്‍ത്തകരെയാകെ സജ്ജമാക്കാന്‍ സാധിച്ചു. വൈറസ് വ്യാപനത്തിന്റെ ഗ്രാഫ്  താഴ്ത്തുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും കേരളത്തിന് സാധിച്ചത് അങ്ങനെയാണ്, മന്ത്രി വ്യക്തമാക്കി. 

നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തി 8000 ലധികം അധിക൦  സ്റ്റാഫുകളും അധിക സജ്ജീകരണങ്ങളും സജ്ജമാക്കി. ആശുപത്രികളിലെ ഭാരം കുറയ്ക്കാനായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ തയ്യാറാക്കി. ഓരോ പഞ്ചായത്തുകളിലും 10 അധികം കിടക്കകളും ഓരോ മുനിസിപ്പല്‍ വാര്‍ഡുകളിലും 50 കിടക്കകളും ഉള്‍പ്പെടെ സംസ്ഥാനത്തൊട്ടാകെ ഒരു ലക്ഷത്തോളം അധിക കിടക്കകളാണ് സജ്ജമാക്കി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വിഷയവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും മന്ത്രി സമയം കണ്ടെത്തി.   ക്ലാസ് വളരെ ഉപകാരപ്രദമായിരുന്നെന്നും  കോവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച ഫലപ്രദമായ നടപടികളെ അഭിനന്ദിക്കുകയാണെന്നും അവര്‍ പറഞ്ഞു.

കേരളത്തില്‍നിന്നുള്ള വളരെ അപൂര്‍വം മന്ത്രിമാര്‍ക്കാണ് ഇങ്ങനെ ക്ലാസെടുക്കാനുള്ള അവസരം ലഭിച്ചിട്ടുള്ളത്.......!!

Trending News