തൊഴിലാളികൾക്ക് ഗുണകരമാകേണ്ട നിയമം ദോഷകരമായി നടപ്പാക്കരുത് : മനുഷ്യാവകാശ കമ്മീഷൻ

 കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിനെതിരെയാണ് ഉത്തരവ്

Written by - Zee Malayalam News Desk | Last Updated : Nov 1, 2022, 05:57 PM IST
  • നിയമം തൊഴിലാളികൾക്ക് ദോഷം വരുന്ന തരത്തിൽ നടപ്പാക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ
  • കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിനെതിരെയാണ് ഉത്തരവ്
  • കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി
തൊഴിലാളികൾക്ക് ഗുണകരമാകേണ്ട നിയമം ദോഷകരമായി നടപ്പാക്കരുത് : മനുഷ്യാവകാശ കമ്മീഷൻ

തൊഴിലാളികൾക്ക് ഗുണകരമാകേണ്ട ഒരു നിയമം തൊഴിലാളികൾക്ക് ദോഷം വരുന്ന തരത്തിൽ നടപ്പാക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. ക്ഷേമനിധി പെൻഷന് അപേക്ഷ സമർപ്പിക്കാൻ കാലതാമസമുണ്ടായതിന്റെ പേരിൽ പെൻഷൻ തന്നെ നിഷേധിക്കുന്ന നടപടി മനുഷ്യാവകാശ ലംഘനമാണെന്നും ഇത്തരം പ്രവണതകൾ നീതീകരിക്കാനാവില്ലെന്നും അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിൽ പറഞ്ഞു. കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിനെതിരെയാണ് ഉത്തരവ്. 

ബോർഡിൽ അംഗമായിരുന്ന തനിക്ക് 60 വയസ്സ് കഴിഞ്ഞിട്ടും പെൻഷൻ അനുവദിച്ചില്ലെന്ന് പരാതിപ്പെട്ട് വേങ്കോട് സ്വദേശി പുഷ്പമ്മ സമർപ്പിച്ച പരാതിയിലാണ് നടപടി.  കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.  2017 ൽ പരാതിക്കാരിക്ക് 60 വയസ്സ് പൂർത്തിയായെങ്കിലും പെൻഷന് അപേക്ഷ നൽകിയത് 2020 ജനുവരി 17 നാണെന്ന് റിപ്പോർട്ടിൽ പറയുന്നു.  അപേക്ഷ നൽകാൻ 2 വർഷത്തിൽ കൂടുതൽ കാലതാമസം വരുത്തിയാൽ പെൻഷൻ അപേക്ഷ നിരസിക്കുമെന്ന് റിപ്പോർട്ടിൽ പറഞ്ഞു.

 കാലതാമസം വരുത്തി സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കാനുള്ള തീരുമാനം സർക്കാർ ഉത്തരവുകളുടെയോ നിയമത്തിലെ വ്യവസ്ഥകളുടെയോ പിൻബലത്തിൽ അല്ലെന്ന് കമ്മീഷൻ കണ്ടെത്തി.  നിയമത്തിലോ ചട്ടത്തിലോ ഉൾപ്പെടാത്ത നിബന്ധന ബോർഡിന് നിഷ്കർഷിക്കാൻ അധികാരമില്ല. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അപേക്ഷ നൽകാൻ കാലതാമസം ഉണ്ടെങ്കിൽ പ്രസ്തുത കാലയളവ് വേണമെങ്കിൽ ഒഴിവാക്കാം. 

 ശാശ്വതമായി  പെൻഷൻ നിഷേധിക്കാനുള്ള അധികാരം ബോർഡിനില്ലെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു.  പരാതിക്കാരിക്ക് പെൻഷൻ ഉടൻ അനുവദിക്കണമെന്നും കമ്മീഷൻ കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡ് സെക്രട്ടറിക്ക് ഉത്തരവ് നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News