കൊച്ചി : കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് നിയമിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെയുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. രണ്ടാം റാങ്ക് കാരനായ ചങ്ങനാശേരി എസ്.ബി. കോളേജ് അധ്യാപകൻ ഡോ: ജോസഫ് സ്കറിയ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഗവേഷണക്കാലത്ത് അധ്യാപനം നടത്തിയത് പരിചയമായി പരിഗണിക്കാൻ സാധിക്കില്ലയെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) കോടതിയിൽ നിലപാട് അറിയിച്ചു. തുടർന്നാണ് സ്റ്റേ ചെയ്ത നിയമനം ഒരു മാസം കൂടി ദീർഘിപ്പിച്ചു കൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.
ഗവർണർ, സർവ്വകലാശാല, പ്രിയ വർഗീസ്, ഹർജിക്കാരൻ എന്നിവർക്കു വേണ്ടി സീനിയർ അഭിഭാഷകരും യുജിസി വേണ്ടി സ്റ്റാൻഡിംഗ് കൗൺസലും കോടതിയിൽ ഹാജരായി. ഗവേഷണ കാലഘട്ടം അധ്യാപന പരിചയമായി കണക്കാക്കാൻ യുജിസി റെഗുലേഷനിൽ വ്യവസ്ഥയില്ലെന്ന് യുജിസിക്കു വേണ്ടി ഹാജരായ സ്റ്റാൻഡിങ് കൗൺസൽ കോടതിയെ വാക്കാൽ ബോധിപ്പിച്ചു. ഇക്കാര്യം സത്യവാങ്മൂലമായി ഫയൽ ചെയ്യാൻ കോടതി കൗൺസിലിന് നിർദ്ദേശം നൽകുകയും ചെയ്തു.
ALSO READ : പ്രിയാ വർഗീസിന്റെ നിയമനം ചട്ടങ്ങൾ പാലിച്ചെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിയമസഭയിൽ
തൃശൂർ കേരള വർമ്മ കേളേജിലെ അധ്യാപകയായിരുന്നു പ്രിയ വർഗീസ്. കഴിഞ്ഞ നവംബറിലാണ് മലയാളം ഡിപ്പാർട്ട്മെന്റിലെ ഒഴിവിലേക്ക് അഭിമുഖം നടത്തിയത് അതിൽ പ്രിയ വർഗീസിന് ഒന്നാം റാങ്ക് ലഭിക്കുകയും ചെയ്തു. ഇത് പിന്നീട് വിവാദമായി മാറുകയും നിയമനം നൽകാതെ താൽക്കാലികമായി റാങ്ക് പട്ടിക മാറ്റിവെക്കുകയായിരുന്നു.
എന്നാൽ ജൂലൈയിൽ കൂടിയ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് റാങ്ക് പട്ടികയ്ക്ക് അംഗീകാരം നൽകി. സംഭവം വിവാദത്തിലായതോടെ യൂണിവേഴ്സിറ്റികളുടെ ചാൻസലർ കൂടിയായ ഗവർണർ വിഷയത്തിൽ ഇടപെടുകയും നിയമനം മരവിപ്പിക്കുകയും ചെയ്തതോടെ ഗവർണറും സംസ്ഥാന സർക്കാരും തുറന്ന പോരിനാണ് തുടക്കമിട്ടത്. കേസ് പരിഗണിച്ച കോടതി ഓഗസ്റ്റ് 22നാണ് പ്രിയയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സ്റ്റേ ചെയ്യുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.