തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ (Omicron) സ്ഥിരീകരിച്ച രോഗികളെ പരിശോധനഫലം (Covid test result) നെഗറ്റീവായതിന് ശേഷം നിരീക്ഷിച്ച ശേഷം മാത്രമേ ഡിസ്ചാര്‍ജ് (Discharge) ചെയ്യുകയുള്ളൂ എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് (Veena George). സംസ്ഥാനത്ത് ഹൈ റിസ്‌ക് (High Risk) അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്ന കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നിരീക്ഷണം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
നിലവില്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവർക്ക് ഏഴ് ദിവസം നിർബന്ധിത ക്വാറന്റൈനും ഏഴ് ദിവസത്തെ സ്വയം നിരീക്ഷണവുമാണുള്ളത്. അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമുണ്ട്. സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞ പല വ്യക്തികളും ആരോഗ്യ വകുപ്പ് നൽകിയ മാർഗനിർദേശങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സംസ്ഥാനത്തെ ഒമിക്രോണ്‍ പ്രതിരോധത്തെ ബാധിക്കുമെന്നതിനാൽ ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സ്വയം നിരീക്ഷണം കര്‍ശനമായി പാലിക്കണമെന്നും ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളില്‍ യാതൊരു കാരണവശാലും പോകരുതെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് വ്യക്തമാക്കി. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
സംസ്ഥാനത്ത് ഇതുവരെ 15 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കോവിഡ് പോസിറ്റീവ് ആയാല്‍ ജനിതക പരിശോധനയ്ക്ക് അയക്കുന്നതാണ്. പെട്ടൊന്നൊരു സ്ഥലത്ത് ക്ലസ്റ്റര്‍ ഉണ്ടായാല്‍ അവിടെ നിന്നുള്ള സാമ്പിളുകളും ജനിതക പരിശോധനയ്ക്ക് അയയ്ക്കും.
ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയാല്‍ അത് നേരിടുന്നതിന് ആശുപത്രികളില്‍ തയ്യാറാക്കിയ സജ്ജീകരണങ്ങള്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ ചർച്ച ചെയ്തു. ആവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണവും ഉറപ്പ് വരുത്തിയിട്ടുണ്ട്.
എയര്‍പോര്‍ട്ട് സര്‍വയലന്‍സ് (Airport Surveillance) നല്ല രീതിയില്‍ പ്രവർത്തിക്കുന്നുണ്ട്. എയര്‍പോർട്ടില്‍ വച്ച് പരിശോധിക്കുന്നവരില്‍ പലരും നെഗറ്റീവാണ്. പിന്നീട് പരിശോധിക്കുമ്പോഴാണ് ഇവർ കൊവിഡ് പോസിറ്റീവാകുന്നത് (Covid Positive). അതിനാല്‍ തന്നെ കമ്മ്യൂണിറ്റി സര്‍വയലന്‍സ് (Community Surveillance) ശക്തമാക്കും. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...