തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷയിൽ ദേശീയ തലത്തിൽ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഭക്ഷ്യ സുരക്ഷാ സൂചികയിൽ ദേശീയ തലത്തിൽ തുടർച്ചയായ രണ്ടാം വർഷവും കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളം ഒന്നാം സ്ഥാനം നേടിയത്.
കഴിഞ്ഞ വർഷമാണ് കേരളം ചരിത്രത്തിൽ ആദ്യമായി ഒന്നാം സ്ഥാനം നേടിയത്. ശക്തമായ പ്രവർത്തനങ്ങളിലൂടെ തുടർച്ചയായ രണ്ടാം വർഷവും കേരളം ഒന്നാം സ്ഥാനം നിലനിർത്തി. വിവിധ ബോധവത്ക്കരണ പരിപാടികൾ ഉൾപ്പെടെയുള്ള പ്രവർത്തന മികവ് വിലയിരുത്തിയാണ് ദേശീയ ഭക്ഷ്യ സുരക്ഷാ സൂചിക തയ്യാറാക്കുന്നത്.
കേരളം ഭക്ഷ്യ സുരക്ഷാ രംഗത്ത് നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ പ്രവർത്തനങ്ങൾ നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിനിലൂടെ ഏകോപിപ്പിച്ചു. ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി, ഓപ്പറേഷൻ ഹോളിഡേ തുടങ്ങിവ ഭക്ഷ്യ സുരക്ഷയ്ക്കായി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി.
വിവിധ പേരുകളിലറിയപ്പെടുന്ന ഓപ്പറേഷനുകൾ എല്ലാം കൂടി ഈ വർഷം മുതൽ ഓപ്പറേഷൻ ലൈഫ് എന്ന ഒറ്റ പേരിലാക്കി ഏകോപിപ്പിച്ചു. ഷവർമ തയ്യാറാക്കുന്നതിൽ മാർഗനിർദേശം പുറത്തിറക്കി. ഭക്ഷ്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ്, ഹൈജീൻ റേറ്റിംഗ്, ഈറ്റ് റൈറ്റ് ക്യാമ്പസ്, ഉപയോഗിച്ച എണ്ണ തിരിച്ചെടുക്കുന്ന റൂക്കോ തുടങ്ങിയവയും നടപ്പിലാക്കി.
ALSO READ: സംസ്ഥാനത്ത് നിപ രോഗബാധ; കേന്ദ്രസംഘം വീണ്ടും എത്തും, പഴം തീനി വവ്വാലുകളെ നിരീക്ഷിക്കും
സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടൽ, ഈറ്റ് റൈറ്റ് കേരള മൊബൈൽ ആപ്പ് എന്നിവ യാഥാർത്ഥ്യമാക്കി. മുൻ വർഷങ്ങളേക്കാൾ റെക്കോർഡ് പരിശോധനകളാണ് കഴിഞ്ഞ വർഷം നടത്തിയത്. പിഴത്തുകയും ഇരട്ടിയാക്കി വർധിപ്പിച്ചു. ഭക്ഷ്യസുരക്ഷാ മേഖലയിൽ ഓൺലൈൻ റിപ്പോർട്ടിംഗിലൂടെ ശക്തമായ നടപടികളാണ് സ്വീകരിച്ച് വരുന്നത്.
ഒപ്പം നിന്ന് പ്രവർത്തിച്ച് ഈ നേട്ടം കൈവരിക്കാൻ പ്രയത്‌നിച്ച ഭക്ഷ്യസുരക്ഷാ വകുപ്പിലെ എല്ലാ ജീവനക്കാരേയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ന്യൂ ഡൽഹി ഭാരത് മണ്ഡപിൽ നടന്ന ചടങ്ങിൽ ട്രോഫിയും പ്രശസ്തി ഫലകവുമടങ്ങിയ പുരസ്‌കാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി നഡ്ഡയിൽ നിന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മീഷണർ അഫ്‌സാന പർവീൺ ഏറ്റുവാങ്ങി.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളായ ഭക്ഷ്യസുരക്ഷാ പരിശോധന, സാമ്പിൾ ശേഖരണം, സാമ്പിൾ പരിശോധന, പ്രോസിക്യൂഷൻ കേസുകൾ, എൻഎബിഎൽ അംഗീകാരമുള്ള ലാബുകളുടെ എണ്ണം, ലാബുകളിലെ പരിശോധനാ മികവ്, മൊബൈൽ ലാബിന്റെ പ്രവർത്തനം, ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഭക്ഷ്യ സംരംഭകർക്കും നൽകിയ പരിശീലനങ്ങൾ, ഭക്ഷ്യ സുരക്ഷാ ബോധവത്കരണ പ്രവർത്തനങ്ങൾ തുടങ്ങി നാൽപ്പതോളം മേഖലകളിലെ പ്രവർത്തന മികവിനാണ് ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയിൽ കേരളം ഒന്നാം സ്ഥാനത്തെത്തിയത്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.