കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി സമുച്ചയത്തിന് (KSRTC Complex) ബലക്ഷയമെന്ന് കണ്ടെത്തൽ. ചെന്നൈ ഐഐടി വിദഗ്ധ സംഘം നടത്തിയ പഠനത്തിൽ നിർമാണത്തിൽ അപാകതയുണ്ടെന്ന് കണ്ടെത്തി. കെട്ടിടം അടിയന്തരമായി ബലപ്പെടുത്തണമെന്നും ചെന്നൈ ഐഐടി (IIT Chennai) ശുപാർശ ചെയ്തു.
ചെന്നൈ ഐഐടിയിലെ സ്ട്രക്ചറൽ എഞ്ചിനീയറിങ് വിദഗ്ധൻ അളഗപ്പ സുന്ദരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ആറ് വർഷത്തിനുള്ളിൽ കെട്ടിടത്തിന്റെ ബല ഭാഗങ്ങളിലും വിള്ളൽ വീണു. തൂണുകൾക്ക് ആവശ്യമുള്ളത്ര കമ്പി ഉപയോഗിച്ചിട്ടില്ല. പല ഭാഗങ്ങളിലും ചോർച്ചയുണ്ട്. സ്ട്രക്ചറൽ എഞ്ചിനീയറയുടെ (Engineer) വൈദഗ്ധ്യം നിർമാണത്തിൽ ഇല്ലെന്നും പഠനത്തിൽ വിലയിരുത്തുന്നു.
ബലക്ഷയം പരിഹരിക്കാൻ 30 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. 2015ലാണ് കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം നിർമിച്ചത്. എന്നാൽ സമുച്ചയ നിർമാണം പൂർത്തിയായതിന് പിന്നാലെ നിർമാണം സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു.
ബസ് സ്റ്റാൻഡ് താൽക്കാലികമായി മാറ്റുമെന്നാണ് സൂചന. ഇത് സംബന്ധിച്ച ചർച്ചകൾ ഈ ആഴ്ച നടക്കും. നിർമാണത്തിലെ അപാകതകൾ സംബന്ധിച്ച് നിലവിലുള്ള വിജിലൻസ് കേസിനോട് ചേർത്ത് റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ചും അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനം. 74.63 കോടി രൂപ മുടക്കിയാണ് വാണിജ്യ സമുച്ചയവും ബസ് സ്റ്റാൻഡും നിർമിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...