കുറഞ്ഞ ചെലവില്‍ എസി ബസ് യാത്ര ഒരുക്കാന്‍ കെഎസ്ആര്‍ടിസി. ജനത സര്‍വീസ് ആരംഭിച്ചു. പരീക്ഷണം എന്ന നിലയ്ക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ സർവീസ് നടത്തുന്നത്. കൊല്ലം ഡിപ്പോയില്‍ നിന്ന് ജനത സർവീസ് മേയര്‍ പ്രസന്ന ഏണസ്റ്റ് സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തു.
കെഎസ്ആര്‍ടിസിയുടെ ലോ ഫ്ലോർ ബസുകളാണ് ഈ സര്‍വീസിനായി ഉപയോഗിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് എത്തിച്ചേരാവുന്ന വിധത്തിലാണ് ജനത സര്‍വീസ് നടത്തുന്നത്. 20 രൂപയാണ് ജനത സർവീസിന്റെ ഏറ്റവും കുറഞ്ഞ നിരക്ക്. ഫാസ്റ്റ് പാസഞ്ചറിനേക്കാള്‍ കൂടിയ നിരക്കിലും സൂപ്പര്‍ ഫാസ്റ്റിനെക്കാള്‍ കുറഞ്ഞ നിരക്കിലുമാണ് ജനത സര്‍വീസ് നടത്തുക.
രാവിലെ 7.15ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 9.30ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. തിരിച്ച് 10 മണിക്ക് പുറപ്പെടുന്ന ബസുകൾ 12ന് കൊല്ലത്ത് എത്തിച്ചേരും. ഉച്ചയ്ക്ക് 2.20ന് പുറപ്പെടുന്ന ബസ് 4.30ന് തിരുവനന്തപുരത്ത് എത്തിച്ചേരും. അഞ്ചിന് തമ്പാനൂര്‍, വഴുതക്കാട്, സ്റ്റാച്യു, പട്ടം (മെഡിക്കല്‍ കോളേജ്-കൊല്ലം ബസ്), കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് രാത്രി 7.15ന് സർവീസ് അവസാനിപ്പിക്കും.
കൊറിയർ മാത്രമല്ല ഇനി കെഎസ്ആർടിസിയിൽ കാർഗോയും വരുന്നു; നിലവിൽ 45 ഡിപ്പോകളിൽ ഫ്രണ്ട് ഓഫീസ്
തിരുവനന്തപുരം: ബസ് വഴിയുള്ള കൊറിയർ സർവീസ് വിജയമായതിന് പിന്നാലെ കെഎസ്ആർടിസിയുടെ കാർഗോ ബസും എത്തുന്നു. കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കും തിരിച്ചുമാണ് കാർഗോ സർവീസ് നടത്തുന്നത്. സംസ്ഥാനത്തെ വിവിധ വ്യാപാരികളെ ലക്ഷ്യമിട്ടാണ് പുതിയ സർവീസ്. നിലവിൽ സംസ്ഥാനത്താകെ 45 ഡിപ്പോകളിൽ ഫ്രണ്ട് ഓഫീസ് സ്ഥാപിച്ചിട്ടുണ്ട്.
താമസിക്കാതെ തന്നെ എല്ലാ ഡിപ്പോയിലേക്കും ഇവ വ്യാപിപ്പിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. നേരത്തെ കെഎസ്ആർടിസിയുടെ ബംഗളൂരുവിൽ പ്രവർത്തിച്ചരുന്ന കൊറിയർ കളക്ഷൻ സെന്റർ താൽക്കാലികമായി അടച്ചിരുന്നു. ഇതുൾപ്പെടെ മൈസൂരു, തെങ്കാശി എന്നിവിടങ്ങളിലും കളക്ഷൻ സെന്റർ തുറക്കും. കെഎസ്ആർടിസിയുടെ ഒരു ഡിപ്പോയിൽ നിന്നും ഡിപ്പോയിലേക്കാണ് നിലവിലുള്ള സേവനം.
കെഎസ്‌ആർടിസിയുമായി സഹകരിക്കാൻ നിരവധി സ്ഥാപനങ്ങളും സ്വകാര്യ ഏജൻസികളും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഓണക്കാലത്ത് നിരവധി ആളുകൾ കെഎസ്‌ആർടിസിയുടെ കൊറിയർ സർവീസിനെ ആശ്രയിച്ചിരുന്നു. വരുമാനത്തിൽ 30 ശതമാനം ഇക്കാലയളവിൽ വർധിച്ചു.24 മണിക്കൂറും പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററുകൾ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ആരംഭിച്ചു.ഇതിന് പുറമേ ദേശീയ പാതയ്‌ക്ക് സമീപമുള്ള ഡിപ്പോകളിലും സർവീസ് ഉണ്ടാകും. സ്വകാര്യ കൊറിയർ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ തുകയാണ് ചരക്ക് കൈമാറ്റത്തിന് കെഎസ്‌ആർടിസി ഈടാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...