തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ആരോഗ്യ വകുപ്പ്. വിവിധ വകുപ്പുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ സ്ഥിതിയും ചികിത്സയും മെഡിക്കല്‍ ബോര്‍ഡ് അവലോകനം ചെയ്യും. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ ആശയവിനിമയം നടത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി ഉമ്മൻ ചാണ്ടിയെയും ബന്ധുക്കളെയും ഡോക്ടറെയും കണ്ടിരുന്നു. തുടർന്ന് മന്ത്രി മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.
അതേസമയം ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബുധനാഴ്ച ബെംഗളൂരുവിലേക്ക് മാറ്റും. അദ്ദേഹത്തെ എയര്‍ലിഫ്റ്റ് ചെയ്യാനാണ് സാധ്യത. അണുബാധ നിയന്ത്രണവിധേയമായതിനാലാണ് ബെംഗളൂരുവിലേക്ക് മാറ്റാൻ തീരുമാനമായത്. ക്യാൻസർ തുടർചികിത്സയ്ക്കായി ബുധനാഴ്ച വൈകിട്ടോടെ എയര്‍ലിഫ്റ്റ് ചെയ്ത് ബെംഗളൂരുവിലെത്തിക്കുമെന്നാണ് വിവരം. കടുത്ത പനിയും ശ്വാസകോശത്തിലെ അണുബാധയെയും തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. മരുന്നുകള്‍ നല്‍കിത്തുടങ്ങിയെന്നും അണുബാധ കുറയുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. അദ്ദേഹം മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഉമ്മൻചാണ്ടിക്ക് ഭാര്യയും മക്കളും ചികിത്സ നിഷേധിക്കുന്നതായി ചൂണ്ടിക്കാട്ടി സഹോദരൻ അലക്സ് ചാണ്ടി രംഗത്തെത്തിയിരുന്നു. ഉമ്മൻ ചാണ്ടിക്ക് 2015ൽ രോഗം കണ്ടുപിടിച്ചിട്ടും ഭാര്യ മറിയാമ്മയും മകൻ ചാണ്ടി ഉമ്മനും ചികിത്സ നിഷേധിച്ചെന്നാണ് ഉമ്മൻചാണ്ടിയുടെ സഹോദരൻ അലക്സ് ചാണ്ടിയുടെ ആരോപണം. ന്യൂയോർക്കിൽ ചികിത്സയ്ക്കായി പോയപ്പോൾ അവിടെവച്ച് ചികിത്സ നിഷേധിച്ചത് മകനും ഭാര്യയും ആണെന്നും അലക്സ് ചാണ്ടി ആരോപിച്ചു.
രോഗം കണ്ടുപിടിച്ചിട്ടും മൂന്നു വർഷത്തോളം ഈ വിവരം കുടുംബാംഗങ്ങളിൽ നിന്ന് മറച്ചുവച്ചു. മൂത്ത മകൾ മറിയം ഉമ്മനും ഇളയ മകൻ ചാണ്ടി ഉമ്മനും ഭാര്യ മറിയാമ്മയും ആണ് ഉമ്മൻചാണ്ടിയുടെ ചികിത്സയ്ക്ക് എതിരായി നിൽക്കുന്നതെന്നും സഹോദരൻ ആരോപിച്ചു. ആധുനിക ചികിത്സയ്ക്ക് പകരം ആയുർവേദ ചികിത്സയാണ് ഇപ്പോൾ അദ്ദേഹത്തിന് നൽകുന്നത്.
ജർമ്മനിയിൽ വിദഗ്ധ ചികിത്സയ്ക്ക് പോയിട്ടും ശരിയായ രീതിയിൽ ചികിത്സ നടത്താൻ ഇവർ സമ്മതിച്ചില്ല. ചികിത്സ നിഷേധിക്കുന്നതിന് പിന്നിൽ പ്രാർത്ഥനാ സംഘങ്ങളുടെ ഇടപെടൽ ഉണ്ടെന്ന് സംശയിക്കുന്നതായും സഹോദരൻ ആരോപിക്കുന്നു. തന്റെ സഹോദരന് ചികിത്സ നിഷേധിക്കുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഡിജിപിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും അലക്സ് ചാണ്ടി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...