Buffer zone issue: ബഫര്‍ സോണില്‍ സര്‍ക്കാര്‍ വീണിടത്ത് കിടന്ന് ഉരുളുന്നു; രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

VD Satheesan: യു ഡി എഫ് കാലത്ത് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള തീരുമാനം കോടതിയില്‍ കൊടുത്തില്ലെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. ആ തീരുമാനം കോടതിയിലല്ല കേന്ദ്ര സര്‍ക്കാരിനാണ് കൊടുക്കേണ്ടത്. കേന്ദ്ര സര്‍ക്കാരാണ് അത് സുപ്രീം കോടതിയില്‍ കൊടുക്കേണ്ടതെന്ന് വിഡി സതീശൻ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Dec 22, 2022, 07:41 PM IST
  • അന്ന് അധികാരത്തിലുണ്ടായിരുന്ന പിണറായി സര്‍ക്കാര്‍ വിശദാംശങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് കടര് വിജ്ഞാപനം റദ്ദായത്
  • ഇതോടെ ബഫര്‍ സോണ്‍ കേരളത്തിനും ബാധകമായി
  • അതാണ് ഇപ്പോഴത്തെ പ്രശ്‌നമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി
Buffer zone issue: ബഫര്‍ സോണില്‍ സര്‍ക്കാര്‍ വീണിടത്ത് കിടന്ന് ഉരുളുന്നു; രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇപ്പോഴും വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടുതല്‍ ഉരുണ്ടാല്‍ കൂടുതല്‍ ചെളി പറ്റും. യു ഡി എഫ് കാലത്ത് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള തീരുമാനം കോടതിയില്‍ കൊടുത്തില്ലെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. ആ തീരുമാനം കോടതിയിലല്ല കേന്ദ്ര സര്‍ക്കാരിനാണ് കൊടുക്കേണ്ടത്. കേന്ദ്ര സര്‍ക്കാരാണ് അത് സുപ്രീം കോടതിയില്‍ കൊടുക്കേണ്ടത്.

ബഫര്‍ സോണില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഇതനുസരിച്ച് 2015-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം 2019 -ല്‍ പിണറായി സര്‍ക്കാര്‍ ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചുള്ള ഉത്തരവില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയ കരട് നിര്‍ദ്ദേശങ്ങള്‍ 2016-ല്‍ ഡല്‍ഹിയില്‍ നടന്ന വിദഗ്ധ സമിതി യോഗത്തില്‍ പരിഗണിച്ചെന്നും വിശദാംശങ്ങള്‍ സമയബന്ധിതമായി സംസ്ഥാനം നല്‍കാത്തതിനെ തുടര്‍ന്ന് കരട് വിജ്ഞാപനങ്ങള്‍ 2018 ഓടെ കാലഹരണപ്പെട്ടെന്നും ഉത്തരവിലുണ്ട്.

അന്ന് അധികാരത്തിലുണ്ടായിരുന്ന പിണറായി സര്‍ക്കാര്‍ വിശദാംശങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് കടര് വിജ്ഞാപനം റദ്ദായത്. ഇതോടെ ബഫര്‍ സോണ്‍ കേരളത്തിനും ബാധകമായി. അതാണ് ഇപ്പോഴത്തെ പ്രശ്‌നവും. ജനങ്ങളെ ബാധിക്കാത്ത തരത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനം എടുത്തെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് കണക്കിലെടുത്ത് സംരക്ഷിത പ്രദേശങ്ങളോട് ചേര്‍ന്ന് കിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ബഫര്‍ സോണ്‍ ആയി നിശ്ചയിക്കാമെന്നാണ് 2019-ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത് ജനങ്ങളെ സഹായിക്കുന്ന ഉത്തരവാണോ? ഈ തീരുമാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ജൂണ്‍ മൂന്നിന് സുപ്രീം കോടതി ഉത്തരവ് വന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്  ഭംഗിയായി ചെയ്ത കാര്യങ്ങളെ ഇല്ലാതാക്കി ജനവാസ കേന്ദ്രങ്ങളെയും ബഫര്‍ സോണില്‍ ഉള്‍പ്പെടുത്താമെന്നു തീരുമാനിച്ച പിണറായി സര്‍ക്കാര്‍ സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.

യു.ഡി.എഫ് ഉപസമിതികള്‍ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വ്യവസായ കേന്ദ്രങ്ങള്‍ പാടില്ലെന്നും ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കണമെന്നുമുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. ഹൈറേഞ്ച് സംരക്ഷണ സമിതിയും തദ്ദേശ സ്ഥാപന പ്രതിനിധികളും ഏകകണ്ഠമായാണ് ഈ തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 2013-ലെ മന്ത്രിസഭാ യോഗം ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന തീരുമാനമെടുത്തത്. കേന്ദ്ര മന്ത്രിയായിരുന്ന ജയറാം രമേശാണ് പത്ത് കിലോമീറ്റര്‍ ബഫര്‍ സോണാക്കാന്‍ തീരുമാനം എടുത്തതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ബി.ജെ.പിയെ രക്ഷിക്കാനാണ്.

പത്ത് കിലോമീറ്റര്‍ ബഫര്‍ സോണെന്ന അഭിപ്രായം ആദ്യമായി കൊണ്ടു വന്നത് വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്തെ 2002 ലെ വിഷന്‍ ഡോക്യുമെന്റാണ്. ഇതിന് സംസ്ഥാനങ്ങള്‍ തയാറാകാതെ വന്നപ്പോള്‍ 2010-ല്‍ നോയിഡ കേസില്‍ സുപ്രീം കോടതിയാണ് വിഷന്‍ ഡോക്യുമെന്റിന്റെ അടിസ്ഥാനത്തില്‍ ബഫര്‍ സോണ്‍ നിശ്ചയിക്കുന്നതിനെ കുറിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അഭിപ്രായം ആരാഞ്ഞത്. ജയറാം രമേശിനെ വിമര്‍ശിച്ചതിലൂടെ മുഖ്യമന്ത്രി രക്ഷപ്പെടുത്താന്‍ ശ്രമിച്ചത് 2002-ലെ ബി.ജെ.പി സര്‍ക്കാരിനെയാണ്. 2021 ലെ ഭൂപടമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതിയ സര്‍വെ നടത്തി വിശദാംശങ്ങള്‍ നല്‍കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. വേണമെങ്കില്‍ ഉപഗ്രഹ സര്‍വെ നടത്താമെന്നും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായം തേടാമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ഉപഗ്രഹ സര്‍വെ നടത്താനും മൂന്നു മാസം കാലാവധിയുള്ള സമിതിയെ നിയോഗിക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നിട്ടും രണ്ടര മാസം കഴിഞ്ഞാണ് വിദഗ്ധ സമിതി ചെയര്‍മാന്റെയും അംഗങ്ങളുടെയും ജീവനക്കാരുടെയും വേതനം സംബന്ധിച്ച ഉത്തരവ് പോലും പുറത്തിറക്കിയത്. ആ സമതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷിച്ചോ?  ജനങ്ങളെ ഉപദ്രവിക്കുന്ന ഉത്തരവ് വേഗത്തില്‍ ഇറക്കിയ സര്‍ക്കാര്‍ വിദഗ്ധ സമിതി എന്ത് ചെയ്യുകയാണെന്ന് പോലും പരിശോധിച്ചില്ല. ജൂണ്‍ മൂന്നിന് സുപ്രീം കോടതി ഉത്തരവ് പുറത്ത് വന്നിട്ടും ഏഴ് മാസമായി സര്‍ക്കാര്‍ എന്ത് ചെയ്യുകയായിരുന്നു? എന്നിട്ടാണ് 2021 ലെ ഭൂപടം സുപ്രീം കോടതിയില്‍ നല്‍കുന്നത്. ഈ ഭൂപടവുമായി ചെന്നാല്‍ കേരളത്തിന് തിരിച്ചടിയുണ്ടാകും.

രണ്ടാഴ്ച കൊണ്ട് നടത്താവുന്ന മാനുവല്‍ സര്‍വെ നടത്താതെ സര്‍ക്കാര്‍ കുഴപ്പത്തില്‍ ചാടിയിരിക്കുന്നത്. ആദ്യ പിണറായി സര്‍ക്കാര്‍ ചെയ്തുവച്ച ദുരന്തമാണ് കേരളത്തെ ഈ അപകടത്തില്‍ എത്തിച്ചത്. ഇതുമായി ബന്ധപ്പെട്ട ഏത് സംവാദത്തിനും പ്രതിപക്ഷം തയാറാണ്. ബഫര്‍ സോണ്‍ ഒഴിവാക്കില്ലെന്ന് സുപ്രീം കോടതി തീരുമാനിച്ചാല്‍ 2.5 ലക്ഷം ഹെക്ടര്‍ സ്ഥലത്തെ കൃഷിയിടങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ദേവാലയങ്ങളും വീടുകളുമൊക്കെ അപകടത്തിലാകും. ബഫര്‍ സോണ്‍ വിഷയത്തില്‍ ഇതുവരെ ഉറങ്ങിക്കിടന്ന സര്‍ക്കാരിനെ ഉണര്‍ത്താന്‍ പ്രതിപക്ഷത്തിനായി.

ഉഹഗ്രഹ സര്‍വെ അപൂര്‍ണവും അവ്യക്തവുമാണ്. മാനുവല്‍ സര്‍വെ നടത്തണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ നിരവധി തവണ ആവശ്യപ്പെട്ടതാണ്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് മാനുവല്‍ സര്‍വെ സര്‍ക്കാരിന് വേഗത്തില്‍ പൂര്‍ത്തിയാക്കാമായിരുന്നു. അപൂര്‍ണമായി ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ട് മൂന്നര മാസത്തോളം പൂഴ്ത്തിവച്ചു. കോടതി ഉത്തരവ് പോലും ഇതുവരെ വായിച്ച് നോക്കിയിട്ടില്ല. അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് സര്‍ക്കാരിനെ കുഴപ്പത്തിലാക്കിയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്.

Trending News